- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി; ഹൈക്കോടതി ഡിവിഷൻ ബഞ്ച് കേസ് പരിഗണിച്ച് തീർപ്പാക്കാൻ നിർദ്ദേശം
ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വെറുതെ വിട്ട ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. ആറു മാസത്തിനകം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് വീണ്ടും പരിഗണിച്ച് തീർപ്പാക്കാനും സുപ്രീംകോടതി നിർദേശിച്ചു. 2015ലാണ് രാജ്യദ്രോഹകുറ്റം, യുഎപിഎ എന്നിവ ചുമത്തി രൂപേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസ് പരിഗണിച്ചതിലെ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എംആർ ഷാ, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. യുഎപിഎ കേസുകളിൽ വിചാരണ കോടതിക്കെതിരായ അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്നാണ് നിയമവ്യവസ്ഥ. എന്നാൽ ഹൈക്കോടതിയിൽ സിംഗിൾ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഇതാണ് വിധി റദ്ദാകുന്നതിന് കാരണമായത്.
2013 നവംബറിൽ ആദിവാസി കോളനിയിൽ ലഘുലേഖ വിതരണം നടത്തിയതിനും സിപിഐ മാവോയിസ്റ്റ് അംഗം തുടങ്ങിയവ മുൻനിർത്തിയാണ് രൂപേഷിനേയും മറ്റ് അഞ്ചു പേരേയും പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രത്യേക കോടതി നടപടികൾക്കെതിരെ രൂപേഷ് ഹൈക്കോടതിയിൽ പുനഃപരിശോധന ഹരജി നൽകിയിരുന്നു. കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച്, വിചാരണ കോടതി നടപടി റദ്ദാക്കി രൂപേഷിനെ വെറുതെ വിടുകയായിരുന്നു. ഇതിന് എതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. യുഎപിഎ കേസ് ഡിവിഷൻ ബെഞ്ചിന്റെ സ്ഥാനത്ത് സിംഗിൾ ബെഞ്ച് പരിഗണിച്ചത് എൻഐഎ നിയമത്തിനും സുപ്രീംകോടതിയുടെ മുൻകാല വിധിക്കുമെതിരാണെന്ന് ജസ്റ്റിസുമാർ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ