- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചത്ത പുഴുക്കളും പൂപ്പലും പുളിച്ചതുമായ ' ലയൺ അറേബ്യൻ ഡേറ്റ്‌സ് ' വിറ്റ കേസ്; നിർമ്മാണ കമ്പനി പ്രതിനിധികൾ അടക്കം 4 പ്രതികൾ ഹാജരാകണം: ഉത്തരവിട്ടത് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി

തിരുവനന്തപുരം: ചത്ത പുഴുക്കളും പൂപ്പലും പുളിച്ചതുമായ ' ലയൺ അറേബ്യൻ ഡേറ്റ്‌സ്'വിറ്റ കേസിൽ ലയൺ അറേബ്യൻ ഡേറ്റ്‌സ് നിർമ്മാണ കമ്പനിയടക്കം 4 പ്രതികൾ ഹാജരാകാൻ തലസ്ഥാനത്തെ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികൾ ഹാജരാകാൻ ഉത്തരവിട്ടത്.
ലയൺ ഡേറ്റ്‌സ് നോമിനിയും ചില്ലറ വിൽപ്പനക്കാരനും ഭക്ഷ്യ സുരക്ഷ ലൈസൻസിയുമായ ജി പി ഒ എം.ജി.റോഡിൽ സ്‌പെൻസർ ജംഗ്ഷനിൽ സ്‌പെൻസർ ടവറിൽ പ്രവർത്തിക്കുന്ന മെസേഴ്‌സ് സ്‌പെൻസേഴ്‌സ് റീട്ടെയ്ൽ ലിമിറ്റഡ് ഉടമ ജി. ഷിബുകുമാർ , വിതരണക്കാരനും ഭക്ഷ്യ സുരക്ഷാ ലൈസൻസിയുമായ നീറമൺകര വിനായക നഗറിൽ കെ. എം. അസോസിയേറ്റ്‌സ് ഉടമ കെ. ബാനു , അറേബ്യൻ ഡേറ്റ്‌സ് ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തിയ തമിഴ്‌നാട് ട്രിച്ചി കാവേരി റോഡിൽ മെസേഴ്‌സ് ലയൺ ഡേറ്റ്‌സ് ഇമ്പക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പി. മുരുകൻ , ഉൽപ്പാദിപ്പിച്ച സ്ഥാപനമായ ലയൺ ഡേറ്റ്‌സ് കമ്പനിയെ പ്രതിനിധീകരിച്ച് പി. മുരുകൻ എന്നിവരാണ് മായം കലർന്ന ഭക്ഷ്യ ഉൽപ്പന്നം വിറ്റ കേസിലെ 1 മുതൽ 4 വരെയുള്ള പ്രതികൾ. പ്രതികൾ ഡിസംബർ 30 ന് ഹാജരാകാനാണ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രന്റെ ഉത്തരവ്.
2018 മാർച്ച് 15 ഉച്ചക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌പെൻസേഴ്‌സ് റീട്ടെയിൽ സ്ഥാപനത്തിൽ തിരുവനന്തപുരം സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസറായ എസ്. സംഗീത് സാക്ഷികളുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി. പരിശോധനയിൽ അവിടെ മനുഷ്യാ ഹാരമായി വിൽപ്പനക്ക് പ്രദർശിപ്പിച്ചിരുന്ന അറേബ്യൻ ഡേറ്റ്‌സ് (ലയൺ) 500 ഗ്രാമിന്റെ 2 വീതം കൂട്ടിക്കെട്ടിയ 4 പായ്ക്കറ്റുകൾ പരിശോധനക്കായി നിയമ പ്രകാരമുള്ള ഫോറം 5 എ നോട്ടീസ് നൽകി 704 രൂപ നൽകി വിലയ്ക്കു വാങ്ങി. ഇതിന്റെ ക്യാഷ് ബിൽ ഒന്നാം പ്രതി ഒപ്പിട്ടു നൽകുകയും ചെയ്തു. നിയമാനുസരണം സാമ്പിൾ തയ്യാറാക്കി ഒന്നാം ഭാഗം തിരുവനന്തപുരം ഗവ. അനലിസ്റ്റ് ലബോറട്ടറിയിലേക്ക് അന്ന് തന്നെ പരിശോധനക്ക് നൽകി. സാമ്പിളിന്റെ നാലാം ഭാഗം അക്രഡിറ്റഡ് ലാബിൽ പരിശോധനക്കയക്കാൻ താൽപര്യമില്ല എന്നറിയിച്ചതിനെ തുടർന്ന് സാമ്പിളിന്റെ രണ്ടും മൂന്നും നാലും ഭാഗങ്ങൾ തിരുവനന്തപുരം ഡെസിഗ്‌നേറ്റഡ് ഓഫീസർക്ക് അന്ന് തന്നെ ഇന്റിമേഷൻ സഹിതം നൽകിയതായി ഫുഡ് സേഫ്റ്റി ഓഫീസർ കോടതിയിൽ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാമ്പിൾ പരിശോധിച്ച ഫുഡ് അനലിസ്റ്റ് ഫോറം ബി പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. അപഗ്രഥന ശാലയിലെ റിപ്പോർട്ടിൽ ഈന്തപ്പഴം പുളിച്ചതും പൂപ്പൽ പിടിച്ചതും ചത്ത പുഴുക്കളുള്ളതുമാണെന്നും ആയത് 2006 ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്‌സ് നിയമത്തിലെ വകുപ്പ് 3 (1) (ഇസഡ് ഇസഡ് ) (9) പ്രകാരം സുരക്ഷിതമല്ലാത്തതുമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. കൂടാതെ ഡ്യൂപ്ലിക്കേറ്റ് സാമ്പിൾ ജില്ലാ ഡെസിഗ്‌നേറ്റഡ് ഓഫീസർ പൂണെ സെൻട്രൽ ഫുഡ് ലബോറട്ടറിലേക്ക് അയക്കുകയും ആയതിന്റെ റിപ്പോർട്ട് സർട്ടിഫിക്കറ്റായി ലഭ്യമാക്കുകയും ചെയ്തു. ആ സാക്ഷ്യപത്രത്തിലും തിരുവനന്തപുരം ലബോറട്ടറിയുടെ അതേ കണ്ടെത്തലായിരുന്നു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. പൂജാ രവീന്ദ്രനാണ് കോടതിയിൽ പരാതി സമർപ്പിച്ചത്.

