ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നുവിടണോ വേണ്ടയോ എന്ന് മേൽനോട്ട സമിതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. വിഷയത്തിൽ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് കേരളവും തമിഴ്‌നാടും അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നതിന് എതിരെയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല.

ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ ആദ്യം മേൽനോട്ട സമിതിയിയെയാണ് സമീപിക്കേണ്ടത്. മേൽനോട്ട സമിതി നടപടി എടുക്കാത്തത് കേരളത്തിൽ നിന്നുള്ള സമിതി അംഗത്തിന്റെ പരാജയമാണെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം അംഗത്തെ കുറ്റപ്പെടുത്തുവെന്നും കോടതി പറഞ്ഞു. ഇത്തരം ആവശ്യങ്ങളുമായി നിരന്തരം സുപ്രീംകോടതിയിൽ എത്തരുതെന്നും ജസ്റ്റിസ് എ എം ഖാൻവിൾക്കർ പറഞ്ഞു.

ഷട്ടർ തുറക്കണോ വേണ്ടയോ എന്നു മേൽനോട്ട സമിതി തീരുമാനമെടുക്കട്ടെയെന്ന കോടതിയുടെ നിർദ്ദേശത്തെ കേരളം എതിർത്തില്ല. ഡാമിന്റെ സുരക്ഷ സംബന്ധിച്ച പ്രധാന ഹർജികളിലെ അന്തിമവാദം ജനുവരി 11നു കേൾക്കുമെന്നും അറിയിച്ച കോടതി ബാക്കികാര്യങ്ങൾ മേൽനോട്ട സമിതിക്കു മുന്നിൽ അവതരിപ്പിച്ചു പരിഹാരം കണ്ടെത്താൻ നിർദ്ദേശിച്ചു.

വെള്ളം തുറന്നുവിടുന്നതിനു മുൻപ് മുന്നറിയിപ്പ് നൽകണമെന്നായിരുന്നു കോടതിയിൽ കേരളം ആവശ്യപ്പെട്ടത്. 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണം. രാത്രിയിൽ വെള്ളം തുറന്നുവിടുന്നതു മൂലം വെള്ളപ്പൊക്കവും അതുമായി ബന്ധപ്പെട്ട ദുരിതങ്ങളും ഉണ്ടാകുന്നതായും ചൂണ്ടിക്കാട്ടി. മേൽനോട്ട സമിതി ഇക്കാര്യത്തിൽ മൗനം പാലിക്കയാണെന്നും കേരളം ആരോപിച്ചു.