- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ നരഹത്യക്ക് സിബിഐ കുറ്റപത്രം; തെളിവെടുപ്പിനിടെ കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കാതെ ഉദ്യോഗസ്ഥർ മുങ്ങി എന്ന് സിബിഐ കണ്ടെത്തൽ

തിരുവനന്തപുരം: പത്തനംതിട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ വെച്ച് ചിറ്റാർ സ്വദേശി വർഗ്ഗീസ് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ കൊലപാതകമല്ലാത്ത നരഹത്യ കുറ്റത്തിന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് സി ബി ഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്.
പത്തനംതിട്ട വടശ്ശേരിക്കര ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റർ രാജേഷ് , സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജോസ് വിൽസൻ , ഡിക്രൂസ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനിൽകുമാർ , സംന്താഷ് , ലക്ഷ്മി എന്നിവരെ 1 മുതൽ 6 വരെ പ്രതി ചേർത്താണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
2020 ജൂലൈ 28 നാണ് ചിറ്റാർ സ്വദേശി വർഗ്ഗീസിനെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 27നാണ് ഫോറസ്റ്റ് വർഗ്ഗീസിനെ കസ്റ്റഡിയിലെടുത്തത്. വനം വകുപ്പിന്റെ നിരീക്ഷണ ക്യാമറ കേടുവരുത്തിയെന്നാരോപിച്ചാണ് വർഗ്ഗീസിനെ പിടികൂടിയത്. തെളിവെടുപ്പിനിടെ വർഗ്ഗീസ് കിണറ്റിൽ വീഴുകയും എന്നാൽ രക്ഷിക്കാതെ സംഭവസ്ഥലത്ത് നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സി ബി ഐ കണ്ടെത്തൽ. വീട്ടുകാരോട് വർഗീസിനെ തങ്ങൾ കസ്റ്റഡിയിൽ നിന്നും വിട്ടയച്ചതായി അറിയിക്കുകയുമായിരുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ലോക്കൽ പൊലീസിന്റെയും അന്വേഷണം കുറ്റക്കാരായ ഫോറസ്റ്റുദ്യോഗസ്ഥരെ രക്ഷിച്ചെടുക്കുന്ന രീതിയിലേക്ക് നീങ്ങിയപ്പോൾ വർഗ്ഗീസിന്റെ ഭാര്യ ഹൈക്കോടതിയിൽ അഭയം പ്രാപിച്ചു. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നിരീക്ഷണ ക്യാമറ കേടാക്കിയെന്ന ആരോപണം ശരിയാണെങ്കിൽ പോലും വനപാലകർ പൊലീസിൽ പരാതിപ്പെട്ട് ക്രൈം കേസെടുക്കേണ്ടതായിരുന്നുവെന്ന് സിബിഐ കണ്ടെത്തി. വനപാലകർക്ക് ഫോറസ്റ്റ് കുറ്റകൃത്യങ്ങൾ മാത്രമാണ് അന്വേഷിക്കാനുള്ള അധികാര പരിധിയുള്ളത്. അപ്രകാരം പൊലീസ് ആന്വഷിക്കേണ്ട ക്രൈം കേസ് വനപാലകർക്ക് ഒക്കറൻസ് റിപ്പോർട്ട് (ഫോറസ്റ്റ് എഫ് ഐ ആർ) ആയി രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ അധികാരമില്ല.
വർഗ്ഗീസിനെ ഉപേക്ഷിച്ചു പോയ കൃത്യം വർഗീസിന് മരണം സംഭവിപ്പിക്കാൻ ഇടയുള്ളതാണെന്നുള്ള അറിവോടു കൂടിയും എന്നാൽ മരണം സംഭവിപ്പിക്കണമെന്നോ മരണമോ മരണം സംഭവിപ്പിക്കുവാൻ ഇടയുള്ള തരത്തിലുള്ള ശാരീരികമായ ക്ഷതി യോ ഉളവാക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടു കൂടാതെയും ചെയ്തുകൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ കുറ്റം ചെയ്ത് ഐപിസി 304 (2) വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് സി ബി ഐ കേസ്.
ഐ പി സി 304 (2) വകുപ്പ് കുറ്റ സ്ഥാപനത്തിന്മേൻ പ്രതികൾക്ക് 10 വർഷത്തെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്. ജനുവരി 1 ന് സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഡിഫക്റ്റ് ഉള്ളതിനാൽ കുറ്റപത്രം മടക്കി നൽകി. തുടർന്ന് ഡിഫക്റ്റ് പരിഹരിച്ച് സി ബി ഐ പുനഃ സമർപ്പിക്കുകയായിരുന്നു.

