തിരുവനന്തപുരം: തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കസ്റ്റംസ് ഒത്താശയോടെ ട്രാവൽ ഏജൻസി ഉടമ ഒരു കിലോ സ്വർണം കള്ളക്കടത്ത് നടത്തിയ കേസിൽ വനിതാ കസ്റ്റംസ് സൂപ്രണ്ടക്കം മൂന്നു പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിട്ടു.

കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നതിലേക്കായി ജനുവരി 12 ന് എല്ലാ പ്രതികളും ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവിട്ടു. പ്രതികൾ പ്രഥമ ദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാനമുണ്ട്. അതിനാൽ തന്നെ പ്രതികളെ വിചാരണ ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്നും കുറ്റം ചുമത്തൽ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

ക്രിമിനൽ ഗൂഢാലോചന വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ, അഴിമതി, പൊതുസേവകർ കളവായ സർട്ടിഫിക്കറ്റ് നൽകൽ, വ്യാജ തെളിവ് നൽകൽ, കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ കളവായ വിവരം നൽകൽ, തെളിവ് അപ്രത്യക്ഷമാക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തി പ്രതികളെ വിചാരണ ചെയ്യാനാണ് സി ബി ഐ ജഡ്ജി കെ. സനിൽകുമാർ ഉത്തരവിട്ടത്. തങ്ങളെ വിചാരണ ചെയ്യാൻ തക്ക തെളിവുകൾ ഇല്ലാത്തതിനാൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ വാദം കോടതി തള്ളി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരമാണ് പ്രതികൾ കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാനമുണ്ടെന്ന് വിലയിരുത്തിക്കൊണ്ട് കുറ്റം ചുമത്താൻ ഉത്തരവിട്ടത്.

2018 മാർച്ചിലാണ് കേസിനാധാരമായ സംഭവം നടന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടായിരുന്ന ആൻസി ഫിലിപ്പ് , കസ്റ്റംസ് ഹവിൽദാർ ജി. റാണിമോൾ, ട്രാവൽ ഏജൻസി ഉടമ ഷബീർ അക്‌ബർ ഖാൻ എന്നിവരാണ് സ്വർണ്ണ കള്ളക്കടത്ത് കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ.

ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സാണ് പ്രതികളെ തൊണ്ടി മുതലായ 35 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണം തൊണ്ടി സഹിതം പിടികൂടിയത്. മെറ്റൽ ഡിറ്റക്ടർ പരിശോധന ഹാളിന്റെ സമീപത്ത് വച്ച് ട്രാവൽ ഏജൻസി ഉടമ ഷബീർ സ്വർണ്ണമടങ്ങിയ ബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥക്ക് കൈമാറുകയായിരുന്നു. നിയമവിരുദ്ധ കടത്ത് സാധൂകരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ തെറ്റായ ഔദ്യോഗിക റെക്കോർഡുകളും വ്യാജ രേഖകളും കള്ള തെളിവുകളും നിർമ്മിച്ചു. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസായതിനാൽ തുടരന്വേഷണം സിബിഐ ഏറ്റെടുത്തു.

അഴിമതി കേസിൽ നാലാം പ്രതിയും കൃത്യത്തിൽ കുറഞ്ഞ പങ്കും പങ്കാളിത്ത്വവുമുള്ള കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിനെ കോടതി മാപ്പുസാക്ഷിയാക്കി. സഞ്ജീവ് താൻ ചെയ്ത കൃത്യവും മറ്റു പ്രതികൾ ചെയ്ത കൃത്യവും ജുഡീഷ്യൽ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യമൊഴി നൽകി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് മജിസ്ട്രേട്ട് കോടതി രഹസ്യ മൊഴിയെടുത്തത്. നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും വിചാരണയിൽ മൊഴി നൽകാമെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചു.

മൊഴിപ്പകർപ്പ് ലഭിച്ച സി ബി ഐ സഞ്ജീവിനെ മാപ്പുസാക്ഷിയാക്കണമെന്നാനാവശ്യപ്പെട്ട് സി ജെ എം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പ്രതിയെ വരുത്തിക്കേട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പ്രതിയോട് മാപ്പ് സ്വീകരിക്കാൻ തയ്യാറാണോയെന്ന് ആരാഞ്ഞു. നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും വിചാരണയിൽ സാക്ഷിമൊഴി നൽകണമെന്ന വ്യവസ്ഥയിലാണ് മാപ്പ് നൽകുന്നതെന്നും വ്യവസ്ഥ ലംഘിച്ചാൽ വീണ്ടും പ്രതിയാക്കി വിചാരണ ചെയ്യുമെന്ന മുന്നറിയിപ്പും നൽകി.

വ്യവസ്ഥകൾ സമ്മതിച്ച് മാപ്പ് സ്വീകരിക്കാൻ തയ്യാറാണെന്ന് സഞ്ജീവ് സി ജെ എം കോടതിയിൽ ബോധിപ്പിച്ച് സത്യവാങ്മൂലം ഒപ്പിട്ട് നൽകി. തുടർന്ന് ക്രിമിനൽ നടപടി ക്രമത്തിലൈ വകുപ്പ് 306 പ്രകാരം പ്രതിക്ക് മാപ്പു നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവു ചെയ്ത് മാപ്പുസാക്ഷിയാക്കുകയായിരുന്നു. കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാൽ സി ബി ഐ കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോടതി കുറ്റപത്രമാണ് പ്രതികളെ വായിച്ച് കേൾപ്പിച്ച് കുറ്റം ചാർത്തുന്നത്.