കൊച്ചി: കണ്ണൂർ സർവകലാശാല വൈസ്ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. കോടതി മുൻപാകെ ഇനി ഗവർണർ സ്വീകരിക്കാൻ പോകുന്ന നിലപാട് നിർണായകം ആകും.

വിസിയുടെ പുനർ നിയമനം ചോദ്യംചെയ്തു കൊണ്ടുള്ള കേസിൽ സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറലും(എജി) ഗവർണർക്കു വേണ്ടി സീനിയർ അഭിഭാഷകനും ഹൈക്കോടതിയിൽ ഹാജരാകും. കണ്ണൂർ സർവകലാശാലയിൽ നടന്നതു പൂർണമായും ക്രമവിരുദ്ധ നടപടിയാണെന്നും ഇക്കാര്യത്തിൽ എജി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഗവർണർ തുറന്നടിച്ചിരുന്നു.

അഡ്വക്കേറ്റ് ജനറൽ തെറ്റിദ്ധരിപ്പിച്ചതിനാലാണ് നിയമനം നടത്തിയതെന്നും പുനർനിയമന ഉത്തരവ് ക്രമവിരുദ്ധമാണെന്നും ഗവർണർ പറയുമ്പോൾ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. പുനർനിയമനത്തിന് സർവകലാശാലാ നിയമത്തിൽ വകുപ്പുണ്ട്. എന്നാൽ, 60 വയസ് കഴിയാൻ പാടില്ല. യുജിസി മാനദണ്ഡത്തിൽ പ്രായപരിധി പറയുന്നില്ലെങ്കിലും പുനർനിയമനത്തിന് വ്യവസ്ഥയില്ല. രണ്ടിലും വി സി നിയമനം സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ നിന്നായിരിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വി സിയുടെ പുനർനിയമനം നിയമവിരുദ്ധമാണെന്ന് ഗവർണർ സത്യവാങ്മൂലം നൽകിയാൽ സർക്കാർ കുഴയും

മുൻപ് കേസ് പരിഗണിച്ചപ്പോൾ സർക്കാരിന്റെയോ സർവകലാശാലയുടെയോ നിലപാടല്ല, നിയമനാധികാരിയായ ചാൻസലറുടെ നിലപാടാണ് അറിയേണ്ടതെന്നാണ് കോടതി പറഞ്ഞത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ചൂണ്ടിക്കാട്ടി തന്നെ സമ്മർദ്ദത്തിലാക്കി നിയമ വിരുദ്ധ ഉത്തരവിറക്കിച്ചതാണെന്ന് മുഖ്യമന്ത്രിക്ക് ഗവർണർ എഴുതിയ കത്ത് തെളിവായി വാദി ഭാഗം ഹാജരാക്കും. പുനർനിയമനം ലഭിച്ച ഡോ. ഗോപിനാഥ് രവീന്ദ്രന് സർവകലാശാലാനിയമപ്രകാരം പ്രായപരിധി കഴിഞ്ഞെന്ന് തെളിയിക്കാനായാൽ അദ്ദേഹത്തിന് പുറത്തുപോകേണ്ടിവരും.

വിസിയുടെ പുനർനിയമനം നടത്താൻ ആശ്രയിച്ചതു കണ്ണൂർ സർവകലാശാലാ നിയമത്തെയും അദ്ദേഹത്തിന്റെ വയസ്സിന്റെ കാര്യം വന്നപ്പോൾ ആശ്രയിച്ചതു യുജിസി ചട്ടങ്ങളെയും ആണ്. അങ്ങനെ പാടില്ലെന്നു സുപ്രീം കോടതി വിധി ഉണ്ട്. രണ്ടിൽ ഏതെങ്കിലും ഒന്ന് അനുസരിച്ചായിരുന്നു നിയമനം നടത്തേണ്ടിയിരുന്നത് എന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. നിയമനത്തിനെതിരെ കേസ് കൊടുത്തവർ ചൂണ്ടിക്കാട്ടുന്ന പ്രധാന അപാകതയും ഇതു തന്നെയാണ്. ഫലത്തിൽ പരാതിക്കാരുടെ നിലപാട് ഗവർണർ ശരിവച്ചിരിക്കുകയാണ്.

സർക്കാരിന്റെ തലവൻ എന്ന നിലയിൽ താൻ നിയമിച്ച എജിയുടെ നിയമോപദേശം തള്ളണമോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. സ്വതന്ത്ര അഭിഭാഷകന്റെ അഭിപ്രായം തേടിയാൽ അത് പ്രോട്ടോക്കോൾ ലംഘനം ആകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങൾക്കു മുന്നിൽ ഗവർണർ പറഞ്ഞതെല്ലാം കോടതിയിലും ആവർത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്