- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൗൺസലിംഗിന് വന്ന പതിമൂന്നുകാരനെ പീഡിപ്പിച്ച കേസ്; മന: ശാസ്ത്ര വിദഗ്ദ്ധൻ ഡോ.ഗിരീഷിന് ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; പിഴത്തുക കുട്ടിക്ക് നൽകണം; പോക്‌സോ കേസിൽ ഡോക്ടറെ ശിക്ഷിക്കുന്നത് ആദ്യമായി; വിധി പറഞ്ഞത് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി
തിരുവനന്തപുരം: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ തലസ്ഥാന ജില്ലയിലെ മന: ശാസ്ത്ര വിദഗ്ദ്ധൻ ഡോ. ഗിരീഷിന് (58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവു ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആർ. ജയകൃഷ്ണൻ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പിഴത്തുക കുട്ടിക്ക് നൽകണം. കൂടാതെ കുട്ടിയുടെ വിദ്യാഭ്യാസച്ചെലവിനും ഭാവി നന്മക്കായും മതിയായ തുക ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നും സർക്കാർ ലഭ്യമാക്കാനും കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് അദ്യമായിട്ടാണ് പോക്‌സോ കേസിൽ ഡോക്ടറെ ശിക്ഷിക്കുന്നത്.
2017 ഓഗസ്റ്റ് 14 ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണൽ എന്ന സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടി പഠനത്തിൽ ശ്രദ്ധക്കുറവുണ്ടെന്ന് അദ്ധ്യാപകർ പരാതി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണിക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
പ്രതി സ്‌കൂളിൽ പലതവണ മന:ശാസ്ത്ര ക്ലാസ്സ് എടുക്കുന്നതിനാൽ അദ്ധ്യാപകർ പ്രതിയെ കാണിക്കാൻ രക്ഷിതാക്കളോട് പറഞ്ഞു. ഇതിനാലാണ് രക്ഷിതാക്കൾ കുട്ടിയുമായി പ്രതിയെ കാണിക്കാൻ എത്തിയത്. കുട്ടിയെ മാത്രമായിട്ടാണ് പ്രതി മുറിക്കുള്ളിൽ ചികിൽസയ്ക്കായി വിളിച്ചത്. ഒരു പസിൽ എടുത്ത് നൽകിയതിന് ശേഷം അത് അസംബിൾ ചെയ്യാൻ പറഞ്ഞു. അശ്ലീല വീഡിയോകൾ കാണാറുണ്ടോയെന്നും പ്രതി കുട്ടിയോട് ചോദിക്കുകയും സെക്‌സിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
സംസാരത്തിനിടയിൽ പ്രതി പല തവണകളായി കുട്ടിയുടെ കവിളിൽ ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് പിടിച്ച് തടവുകയും ചെയ്തു. ഇതിൽ കുട്ടി ഭയന്നപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. തിരിച്ച് മടങ്ങവെ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്. വീട്ടുകാർ ഉടനെ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. ചൈൽഡ് ലൈനിൽ നിന്നാണ് സിറ്റി ഫോർട്ട് പൊലീസിൽ വിവരം അറിയിച്ചത്.
സംഭവത്തിന് ശേഷം കുട്ടിയുടെ മനോനില തകർന്നിരുന്നു. ഈ സംഭവത്തിൽ കുട്ടിയും വീട്ടുകാരും അനുഭവിച്ച ബുദ്ധിമുട്ട് കോടതിക്ക് കാണാതിരിക്കാൻ പറ്റില്ലായെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. ചികിൽസയ്ക്ക് എത്തിയ മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരായ മറ്റൊരു കേസിൽ വിചാരണ അടുത്ത മാസം തുടങ്ങും. വിവാഹിതയായ സ്ത്രീയേയും പീഡിപ്പിച്ച മറ്റൊരു കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.