ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. കേസ് കർണാടക ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നും ഇപ്പോൾ ഇടപെടേണ്ട ആവശ്യമില്ലെന്നുമാണ് കോടതി പറഞ്ഞത്.

മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ഹിജാബ് വിഷയത്തിൽ ഹൈക്കോടതിക്ക് മുന്നിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ശബരിമല പുനഃപരിശോധനാ വിധിയിലെ മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിയമപരമായ വിഷയങ്ങൾ പരിശോധിക്കുന്ന ഒമ്പതംഗ ബെഞ്ചിന് മുമ്പാകെ വിഷയം വെക്കണമെന്നായിരുന്നു കപിൽ സിബൽ ആവശ്യപ്പെട്ടത്.
കർണാടകയിൽ ഹിജാബ് ധരിക്കുന്ന പെൺകുട്ടികളുടെ നേരെ കല്ലെറിയുകയാണെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണെന്നും സിബൽ വാക്കാലുള്ള പരാമർശത്തിൽ പറഞ്ഞു.

അതേസമയം കേസ് കർണാടക ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ച് പരിശോധിക്കുകയാണെന്നും അവർക്ക് ചുരുങ്ങിയത് ഒരു ദിവസത്തെ സമയം കൂടിയെങ്കിലും അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. ഹർജി നൽകിയ കോളേജ് വിദ്യാർത്ഥിനിയായ ഫാത്തിമ ബുഷ്റയ്ക്ക് വേണ്ടി ഹർജി പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് സ്വീകരിച്ചില്ല. കോടതി വാദം കേൾക്കാൻ ലിസ്റ്റ് ചെയ്താൽ ഹൈക്കോടതിയിൽ കേസ് പരിഗണിക്കാനാവില്ല. അതിനാൽ ഹൈക്കോടതി കേസ് പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു.

ഹിജാബിൽ നിയന്ത്രണം വന്നതോടെ തന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് ഫാത്തിമ ബുഷ്റ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹിജാബ് ധരിച്ച് കോളേജിൽ വിദ്യാർത്ഥിനികൾ വരുന്നതിനെതിരെ കാവി ഷാളണിഞ്ഞ് ഹിന്ദു വിദ്യാർത്ഥികളെത്തിയതോടെ വിഷയത്തിൽ വലിയ സംഘർഷമാണ് സംസ്ഥാനത്ത് ഉണ്ടായത്.ഹിജാബ് ധരിച്ച് ക്‌ളാസിലിരിക്കാൻ അനുമതി ലഭിക്കാത്ത അഞ്ച് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയാണ് ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കുന്നത്.