- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ല് കടിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാൽ എല്ല് എടുക്കാനാണെന്ന് അത് കരുതും; നമുക്ക് അതിൽ കാര്യമില്ല; മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോൾ മറുപടി പറയേണ്ടതില്ല': ലോകായുക്ത ഓർഡിനൻസ്, കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്ക് ബാധകമല്ല എന്ന് ലോകായുക്ത സിറിയക് ജോസഫ്
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്ക് ബാധകമല്ലെന്ന് ലോകായുക്ത സിറിയക് ജോസഫ്.സർക്കാർ ഓർഡിനൻസ് ഇറക്കിയാലും സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ ഇപ്പോഴും തങ്ങൾക്ക് അധികാരമുണ്ട്. സിറിയക് ജോസഫ്. അത് പരിഗണിക്കണോ വേണ്ടയോ എന്ന് സർക്കാർ ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹർക്ക് സഹായം നൽകിയെന്ന ഹർജിയിൽ വാദം നടക്കവെയാണ് ലോകായുക്തയുടെ പരാമർശം. അതേസമയം, മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് ചോദ്യംചെയ്യാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തു.
കേസ് പരിഗണിക്കവേ, ഓർഡിനൻസ് ഭേദഗതി വരുന്നതിനാൽ ഈ കേസിൽ തിടുക്കത്തിന്റെ ആവശ്യമുണ്ടോയെന്ന് ഉപലോകായുക്ത ഹാരോൺ അൽ റഷീദ് ചോദിച്ചു. ഓർഡിനൻസ് ഭേദഗതി വരുന്നത് കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നു ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു. കേസിൽ വിധി പുറപ്പെടുവിക്കുംവരെ ലോകായുക്തയുടെ അധികാരം നിയമാനുസൃതം പോകും. പിന്നീട്, വിധി നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് ഓർഡിനൻസ് ഭേദഗതി ബാധകമാകുന്നത്. ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് കൊടുക്കാൻ ഇപ്പോഴും ലോകായുക്തയ്ക്ക് അധികാരമുണ്ട്. റിപ്പോർട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നതെന്നും സിറിയക് ജോസഫ് പറഞ്ഞു.
മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോൾ മറുപടി പറയേണ്ടതില്ല. വഴിയരികിൽ എല്ല് കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാൽ എല്ല് എടുക്കാനാണെന്ന് അത് കരുതും. പട്ടി എല്ല് കടിച്ച് കൊണ്ടേയിരിക്കും. നമുക്ക് അതിൽ കാര്യമില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു.
ദുരിതാശ്വാസ നിധി സംബന്ധിച്ച വിഷയം മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽ വന്നില്ലെന്ന ഹർജിക്കാരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വാദിച്ചു. ഏകപക്ഷീയമായ തീരുമാനമല്ല, മന്ത്രിസഭ പരിഗണിച്ചശേഷമാണ് തുക അനുവദിച്ചത്. ദുരിതാശ്വാസനിധിയിലെ പണം വിനിയോഗിക്കാനുള്ള പൂർണ സ്വാതന്ത്യം സർക്കാരിനുണ്ട്. ഈ കേസിൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി സമർപിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നത് ആരാണെന്ന് സ്‌പെഷൽ അറ്റോർണിയോട് ലോകായുക്ത ചേദിച്ചു. റവന്യൂ വകുപ്പാണെന്നും അവരാണ് ഉത്തരവിറക്കിയതെന്നും സ്‌പെഷൽ അറ്റോർണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള പണം ചട്ടങ്ങൾ ലംഘിച്ച് മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടേയും എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനു നൽകിയതിനെതിരെ മുൻ സർവകലാശാല ജീവനക്കാരനായ ആർ.എസ്.ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്.
മന്ത്രിസഭ സർക്കാർ ജീവനക്കാർ അല്ല. അതുകൊണ്ടുതന്നെ സർക്കാർ ജീവനക്കാർ ആണെങ്കിൽ മാത്രമേ ലോകായുക്തക്ക് പരിഗണിക്കാൻ പറ്റൂ എന്ന് സർക്കാർ വാദിച്ചു. മന്ത്രിസഭ കൂട്ടായി എടുക്കുന്ന തീരുമാനം ചോദ്യംചെയ്യാൻ ആകില്ലെന്നും സർക്കാർ വാദിച്ചു. ധനകാര്യത്തെ ബാധിക്കുന്ന വിഷയം മന്ത്രിസഭയിൽ വെക്കുമ്പോൾ ധനമന്ത്രിയുടെ അനുമതി വേണ്ടേ എന്ന് ലോകായുക്ത ചോദിച്ചു. ഈ മൂന്നു തീരുമാനങ്ങളിലും ധനമന്ത്രിയുടെ തീരുമാനം ഇല്ലല്ലോയെന്നും ലോകായുക്ത ചോദിച്ചു.