തിരുവനന്തപുരം: സോളാർ തട്ടിപ്പുമായി ബന്ധപ്പട്ട് ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസിൽ, വി എസ് അച്യുതാനന്ദന് എതിരായ വിധിക്കു സ്റ്റേ. ഉമ്മൻ ചാണ്ടിക്കു പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന സബ് കോടതി ഉത്തരവ് ജില്ലാ കോടതി സ്റ്റേ ചെയ്തു. വി എസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി.

2013 ജൂലൈയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോളാറിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ ആരോപണത്തിനെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. സോളാർ തട്ടിപ്പ് നടത്താൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതായിരുന്നു വിഎസിന്റെ പ്രസ്താവന. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി 2014ൽ ഹർജി നൽകിയത്. തന്നെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്.

കേസിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി കോടതിയിൽ നേരിട്ടെത്തി മൊഴി നൽകി. വാദത്തിനിടെ വിഎസിന്റെ ആരോപണം തെളിയിക്കാൻ സാധിച്ചില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. ഇത് അംഗീകരിച്ചുകൊണ്ടായിരുന്നു സബ് കോടതിയുടെ വിധി.

ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി കോടതിയിൽ ഹർജി നൽകിയത്. കോടതി ചെലവുകൾ കണക്കാക്കിയാണ് പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടത്.