തിരുവനന്തപുരം: പട്ടികജാതിക്കാരിയെ പീഡിപ്പിച്ച കേസിൽ ഇടുക്കി രാജാക്കാട് സ്വദേശിയും നിലവിൽ നെടുമങ്ങാട് നിവാസിയുമായ ജീപ്പ് അജിയെന്ന അജിയെ ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. ഏപ്രിൽ 5 ന് പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം റൂറൽ നെടുമങ്ങാട് ഡിവൈഎസ്‌പി യോടാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. വി. ബാലകൃഷ്ണൻ ഉത്തരവിട്ടത്. ഭർതൃമതിയും 35 കാരിയും രണ്ടു മക്കളുടെ മാതാവുമായ നെടുമങ്ങാട് മുക്കോലക്കൽ സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് കോടതി ഉത്തരവ്. ദൃശ്യങ്ങൾ വാട്ട്‌സ്ആപ്പിലിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

പ്രതിക്ക് പട്ടിക ജാതിക്കാരിയായ ആവലാതിക്കാരിയെ ബലാൽസംഗം ചെയ്യണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി ഭർത്താവിനൊപ്പം പല പ്രാവശ്യം യുവതിയുടെ വീട്ടിൽ വരികയും ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസവും 2017 ഏപ്രിൽ 26 ന് മുമ്പ് പല ദിവസങ്ങളിലും വീട്ടിൽ വച്ചും പല സ്ഥലങ്ങളിൽ കൊണ്ടു പോയും ലൈംഗിക വേഴ്ച നടത്തി പ്രതി കാമ സംതൃപ്തി നേടിയിട്ടുള്ളതും അതിനു ശേഷം ലൈംഗിക സംഭവത്തിൽ ഏർപ്പെട്ട ദൃശ്യങ്ങൾ വാട്ട്‌സ്ആപ്പിലിടുമെന്ന് ഭീഷണിപ്പെടുത്തി വിണ്ടും വീണ്ടും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് കുറ്റ കൃത്യങ്ങൾ ചെയ്തുവെന്നാണ് കേസ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാൽസംഗം) , 506 (1) ( ഭീഷണിപ്പെടുത്തൽ) , പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ 3 (2) (5) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്താണ് പ്രതിയെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.