- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ മാനനഷ്ടക്കേസ്: വിഎസിന്റെ അപ്പീൽ അനുവദിക്കാൻ 15 ലക്ഷം കെട്ടിവയ്ക്കണം; ബാലൻസ് കോർട്ട് ഫീ 15 ദിവസത്തിനകം വി എസ് കെട്ടി വയ്ക്കണം; അപ്പീലിൽ ഉപാധിയുമായി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എതിരായ സോളാർ മാനനഷ്ടക്കേസ് വിധിക്കെതിരായ അപ്പീലിൽ ഉപാധിയുമായി കോടതി. വിഎസിന്റെ അപ്പീൽ അനുവദിക്കാൻ 15ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി അറിയിച്ചു. തുക കെട്ടി വച്ചില്ലെങ്കിൽ തത്തുല്യ ജാമ്യം നൽകണം. സോളാർ മാനനഷ്ടക്കേസിൽ 10,10,000 രൂപ ഉമ്മൻ ചാണ്ടിക്ക് നൽകണമെന്ന വിധിക്കെതിരെയായിരുന്നു വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകിയത്.
അപ്പീൽ ഫയൽ ചെയ്തതിലുള്ള ബാലൻസ് കോർട്ട് ഫീസ് 15 ദിവസത്തിനകം വി എസ് വിചാരണക്കോടതിയിൽ കെട്ടി വയ്ക്കണമെന്നും പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണൻ ഉത്തരവിട്ടു. അപ്പീലിൽ ഉമ്മൻ ചാണ്ടിയുടെ ആക്ഷേപം ഉണ്ടെങ്കിൽ മാർച്ച് 22 നകം ഫയൽ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. സിവിൾ പ്രൊസീജിയർ കോഡിലെ വകുപ്പ് 96 പ്രകാരം കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി എസ് സമർപ്പിച്ച അപ്പീൽ കേസാണ് ജില്ലാ കോടതി പരിഗണിക്കുന്നത്.
ടീം സോളാർ കമ്പനി ഉമ്മൻ ചാണ്ടിയുടേതാണെന്നും സരിതയുടെ സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്നും വി എസ് അച്ചുതാനന്ദൻ ചാനലിൽ പറഞ്ഞത് തനിക്ക് അപകീർത്തികരമാണെന്ന് ആരോപിച്ച് യു ഡി എഫ് മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടി സമർപ്പിച്ച മാനനഷ്ട കേസിൽ വി എസ് അച്യുതാന്ദൻ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി വിധി പ്രസ്താവിച്ചിരുന്നു.
അന്യായ സംഖ്യയായ 10.10 ലക്ഷം രൂപക്ക് അന്യായ തീയതി മുതൽ 6% പലിശയും കോടതിച്ചെലവും ചേർത്ത് വി എസ് അച്ചുതാനന്ദൻ ഉമ്മൻ ചാണ്ടിക്ക് നൽകാൻ കോടതി വിധി പ്രഖ്യാപിച്ചു. 2013 ജൂലൈ 6 ന് റിപ്പോർട്ടർ ന്യൂസ് ചാനൽ ഇന്റർവ്യൂവിൽ പങ്കെടുത്ത് വി എസ് നടത്തിയ പരാമർശമാണ് മാനനഷ്ട കേസിനാധാരമായത്. സംസ്ഥാനത്തെ മൂന്നര കോടി ജനങ്ങളെ വഞ്ചിച്ച സരിതയുടെ സോളാർ കമ്പനി ഉമ്മൻ ചാണ്ടിയുടേതാണെന്നുള്ള പരാമർശം വി എസ് നടത്തിയിരുന്നു. കേസ് വിസ്താര വേളയിൽ ചാനൽ ചർച്ചയിൽ ഉന്നയിച്ച ആരോപണം തെളിയിക്കാൻ വി. എസിന് ആയില്ലെന്ന് കണ്ടെത്തിയാണ് കോടതി നഷ്ടപരിഹാര ഉത്തരവ് പുറപ്പെടുവിച്ചത്.