കൊച്ചി: പോക്‌സോ കേസിൽ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കം മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി മറ്റന്നാളത്തേക്ക് മാറ്റി. കേസിൽ മറ്റന്നാൾ വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിന് പിറകിൽ ബ്ലാക് മെയിലിങ് ആണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. പോക്‌സോ കേസിൽ ഇരയുടെ രഹസ്യമൊഴി പരിശോധിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. പീഡിപ്പിച്ച പരാതി നൽകിയത് മൂന്നു മാസം വൈകിയാണെന്നും പോക്‌സോ വകുപ്പുകൾ നിലനിൽക്കില്ലെന്നുമുള്ള റോയിയുടെ വാദം പരിഗണിക്കവെയാണ് ഇരയുടെ മൊഴി പരിശോധിക്കാൻ കോടതി തീരുമാനിച്ചത്.

വാഹനാപകടത്തിൽ മോഡലുകൾ മരിച്ചപ്പോൾ ഉന്നയിച്ചതിന് സമാനമായ വാദങ്ങളാണ് ഇരയും അന്വേഷണ സംഘവും ഉന്നയിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 24ലേക്ക് മാറ്റി. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് ജെ. വയലാറ്റ്, സുഹൃത്ത് സൈജു തങ്കച്ചൻ, സൈജുവിന്റെ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ അഞ്ജലി എന്നിവർക്കെതിരെ ഫോർട്ട് കൊച്ചി പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. 2021 ഒക്ടോബർ 20 ന് ഹോട്ടലിൽ വെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

റോയ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സർക്കാർ നിലപാട്. കേസിൽ മറ്റന്നാൾ വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പരാതിക്കാരിയെ അഞ്ജലി ജോലിയിൽ നിന്ന് പുറത്താക്കിയതിലുള്ള വിരോധമാണ് കേസിന് പിറകിലെന്നും റോയ് വയലാട്ട് കോടതിയെ അറിയിച്ചു.

പരാതി വ്യാജമാണെന്നും പരാതിക്കാരി മാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെ തെറ്റായ പ്രചരണം നടത്തുകയാണെന്നുമാണ് പ്രതിഭാഗം ഉന്നയിച്ചു. നിർണ്ണായകമായ ചില ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നും കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ പ്രതികൾ വ്യക്തമാക്കിയിരുന്നു.

കൊച്ചിയിൽ നവംബർ ഒന്നിന് രാത്രി പാലാരിവട്ടം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പീഡന കേസും കൈമാറിയിട്ടുള്ളത്.