- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് ധരിക്കാനുള്ള അവകാശം മതസ്വാതന്ത്ര്യത്തിൽ പെടില്ല; അതിനുള്ള അവകാശം പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം നൽകുന്ന വകുപ്പിൽ; ഇന്ത്യയിൽ ഹിജാബിന് വിലക്ക് ഇല്ലെങ്കിലും സ്ഥാപനങ്ങളുടെ അച്ചടക്ക നിയന്ത്രണങ്ങൾ ബാധകമെന്നും കർണാടക സർക്കാർ
ബംഗളൂരു: ഇന്ത്യയിൽ ഹിജാബ് ധരിക്കുന്നതിനു വിലക്കില്ലെന്നും എന്നാൽ സ്ഥാപനങ്ങളുടെ അച്ചടക്കം സംബന്ധിച്ച നിയന്ത്രണങ്ങൾ അതിനു ബാധകമാണെന്നും കർണാടക സർക്കാർ ഹൈക്കോടതിയിൽ. ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തിൽ പെടുന്നതല്ലെന്നും കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് നവാദ്ഗി വാദിച്ചു.
ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം ഉൾപ്പെടുന്നത് ആർട്ടിക്കിൾ 19 (1) (എ)യിലാണെന്ന് എജി വാദിച്ചു. പൗരന്മാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന വകുപ്പാണിത്. എന്നാൽ, മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള ആർട്ടിക്കിൾ 25ലാണ് ഇത് ഉൾപ്പെടുന്നത് എന്നാണ് ഹർജിക്കാരുടെ വാദം. ഇത് തെറ്റാണെന്നും എജി ചൂണ്ടിക്കാട്ടി. ഒരാൾക്കു ഹിജാബ് ധരിക്കണമെന്നുണ്ടെങ്കിൽ ധരിക്കാം. അതിനു വിലക്കില്ല. എന്നാൽ അതതു സ്ഥാപനങ്ങളുടെ അച്ചടക്കം പാലിക്കേണ്ടതുണ്ട്- എജി പറഞ്ഞു.
ഈ കേസിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് അകത്തു മാത്രമാണ് ഹിജാബിന് നിയന്ത്രണം. ഹിജാബ് ധരിക്കുന്നതു മതത്തിന്റെ അടിസ്ഥാന ആചരണത്തിൽ പെട്ടതാണെന്ന വാദം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. നിർബന്ധമായി അടിച്ചേൽപ്പിക്കുന്ന സ്വഭാവം അതിനുണ്ട്. അതു ധരിക്കാത്തവർ സമുദായത്തിനു പുറത്തുപോവും എന്നാണ് അതിനർഥമെന്ന് എജി പറഞ്ഞു.
ഫ്രാൻസിൽ പൊതുസ്ഥലത്ത് ഹിജാബിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത് ചൂണ്ടിക്കാണിച്ച എജി, ഇവിടെ ഇസ്ലാം മതം ഇല്ല എന്ന് ഇതിന് അർത്ഥമില്ലെന്നും വാദിച്ചു. ഹിജാബ് കേസിൽ ഈയാഴ്ച തന്നെ തീർപ്പുണ്ടാക്കാനാവുമെന്നാണ് കരുതുന്നതെന്ന് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.അതിനിടെ എട്ടാം ദിവസമാണ് വിവിധ ഹർജികൾക്കുമേൽ കർണ്ണാടക ഹൈക്കോടതി വാദം കേൾക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ കോടതി വാദം കേൾക്കൽ ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഋതുരാജ് അശ്വതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.
കോളേജുകളിൽ മത ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ഒരംഗം മാത്രമുള്ള ബെഞ്ചായിരുന്നു വാദം കേട്ടിരുന്നത് ഇത് പിന്നീട് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.