- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
125 കോടി രൂപയുടെ ബിസയർ മണിചെയിൻ - ഓഹരി വിൽപന തട്ടിപ്പ് കേസ്; 17 പ്രതികളെ മാർച്ച് രണ്ടിന് ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് കോടതിയുടെ അന്ത്യശാസനം
തിരുവനന്തപുരം: ബിസയർ നെറ്റ് വർക്ക് മാർക്കറ്റിങ് - മണിചെയിൻ - ഓഹരി നിക്ഷേപ തട്ടിപ്പിൽ കമ്പനി ഡയറക്ടർമാരായ എസ്‌ഐയും രണ്ട് പൊലീസുദ്യോഗസ്ഥരുടെ ഭാര്യമാരുമടക്കം 17 പേരെ ഹാജരാക്കാനുത്തരവ്. നെറ്റ് വർക്ക് മാർക്കറ്റിങ് കമ്പനി രജിസ്റ്റർ ചെയ്ത് മണി ചെയിൻ - ഓഹരി നിക്ഷേപ തട്ടിപ്പിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള ജനങ്ങളെ വിശ്വാസ വഞ്ചന ചെയ്ത് 125 കോടി രൂപയുടെ മണിചെയിൻ - ഓഹരി നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിലാണ് പ്രതികളെ മാർച്ച് 2 ന് ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി അന്ത്യശാസനം നൽകിയത്. പ്രതികളെ മാർച്ച് 2 ന് ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനാണ് സി ജെ എം ആർ. രേഖ അന്ത്യശാസനം നൽകിയത്. പ്രതികളെ 2021 ഓഗസ്റ്റ് 11 ന് കോടതിയിൽ ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകിയിട്ടും ഹാജരാക്കാത്തതിനാലാണ് അന്ത്യശാസനം നൽകിയത്.
ബിസയർ ഗ്ലോബൽ മാർക്കറ്റിങ് സിസ്റ്റംസ് ലിമിറ്റഡ് കമ്പനിയെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടർ അബ്ദുൾ അർഷാദ് ( 35 ) , ബിസയർ ബിസിനസ് കോർപ്പറേഷൻ ലിമിറ്റഡ് , ബിസയർ ഇന്റർനാഷണൽ ബിസിനസ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി , ബിസയർ ഗ്രൂപ്പ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ എറണാകുളം വൈക്കം കാഞ്ഞിരംപള്ളിൽ അബ്ദുൾ അർഷാദ് (35) , ഡയറക്ടർമാരായ മലപ്പുറം പൂരാംതൊടി കുഞ്ഞു മുഹമ്മദ് , ദയാൽ മേനോൻ എന്ന കൃഷ്ണദയാൽ മേനോൻ , നൗഷാദ് , ജോർജ് അലക്‌സാണ്ടർ , നിജി അർഷാദ് , ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യ മായാ പ്രേംലാൽ , ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്റെ ഭാര്യ ജിഷ മോൾ ബൈജു , ബീന ഗോപിനാഥൻ , എഡിസൺ , ബിസയർ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും തൃശൂർ സായുധ സേനാ വിഭാഗത്തിലെ പൊലീസ് സബ്ബ് ഇൻസ്‌പെക്ടറുമായ കെ.പി. ഗോപിനാഥൻ , കമ്പനി ഉദ്യോഗസ്ഥരും സീനിയർ ഏജന്റുമാരുമായ മൻസൂർ അഹമ്മദ് , മോഹനൻ ആശാരി , മഹേഷ് കെ. മോഹൻ എന്നിവരാണ് നിക്ഷേപ തട്ടിപ്പ് കേസിലെ 1 മുതൽ 17 വരെയുള്ള പ്രതികൾ.
പതിനാലാം പ്രതിയായ ബിസയർ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പൊലീസ് സബ്ബ് ഇൻസ്‌പെക്ടറുമായ കെ.പി. ഗോപിനാഥന്റെ തൃശൂർ തിരൂർ കോവഞ്ചേരിയിലെ വാടക വീട്ടിൽ 2011 ജൂൺ 23 ന് ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിൽ കോടികളുടെ ഇടപാടിന്റെ രേഖകൾ പിടിച്ചെടുത്തിരുന്നു. 46 ഇടങ്ങളിലായി 6.23 ഏക്കർ ഭൂമി 25.71 കോടി രൂപക്ക് വാങ്ങിയതായി ഗോപിനാഥൻ എഴുതി വച്ച രേഖകളാണ് പൊലീസ് കണ്ടെടുത്തവയിൽ പ്രധാനം. 19 വസ്തുക്കൾ ഗോപിനാഥന്റെ പേരിലാണ് വാങ്ങിയിട്ടുള്ളത്.
ഡയറക്ടർമാരായ കുഞ്ഞുമുഹമ്മദിന്റെയും ദയാൽ മേനോന്റെയും പേരിലാണ് ശേഷിക്കുന്ന വസ്തുക്കൾ. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേരെ മണി ചെയിൻ തട്ടിപ്പിൽ ചേർത്തതിന്റെ രേഖകളും ഇതുമായി ബന്ധപ്പെട്ട ലഘു ലേഖകളും പൊലീസ് പിടിച്ചെടുത്തു.ബിസയർ തട്ടിപ്പുമായി ബന്ധപ്പെട്ട് 2011 ജൂൺ 24 വരെ കേസുകളാണ് വയനാട് അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.
കുറച്ചു കാലമായി സർവ്വീസിൽ നിന്ന് അവധിയെടുത്തിരുന്ന ഗോപിനാഥൻ നേരത്തെയും സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ടിരുന്നു. ഇതേ തുടർന്ന് സി ഐയായിരുന്ന ഇയാളെ എസ്‌ഐയായി റിവേർട്ട് ചെയ്ത് ഡീ പ്രൊമോട്ട് ചെയ്ത് തരം താഴ്‌ത്തുകയായിരുന്നു. ഒരു പൊലീസ് ഓഫീസറുടെയും സീനിയർ സീനിയർ പൊലീസ് ഓഫീസറുടെയും ഭാര്യമാരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്ന രണ്ട് ഡറക്ടർമാർ.
ബിസയർ കമ്പനിക്ക് തലസ്ഥാനത്തെ ആറു ബാങ്കുകളിലുള്ള 23 കോടി രൂപയുടെ നിക്ഷേപം കോടതി മരവിപ്പിച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 102 പ്രകാരമാണ് വഞ്ചനയിലൂടെ പ്രതികൾ സ്വരൂപിച്ച കൃത്യത്തിലുൾപ്പെട്ട പണം നിക്ഷേപിക്കപ്പെട്ട ബാങ്ക് അക്കൗണ്ട് കോടതി ഫ്രീസ് ചെയ്തത്. ലോക്കൽ പൊലീസ് കമ്പനിയുടെ അന്തർ സംസ്ഥാന ബന്ധങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
2008-11 കാലയളവിൽ 3 വർഷം കൊണ്ടാണ് 125 കോടി രൂപ കമ്പനി തട്ടിയെടുത്തത്. 2007 ലാണ് കൊച്ചി കലൂർ ആസ്ഥാനമാക്കി ഗ്ലോബൽ മാർക്കറ്റിങ് സിസ്റ്റം എന്ന പേരിൽ ആദ്യമായി കമ്പനി രജിസ്റ്റർ ചെയ്തത്. 2008 ൽ കൽപ്പറ്റ , മാനന്തവാടി മേഖലയിലെ നാട്ടുകാരായ മൂന്ന് പേർക്ക് ഓഹരി നൽകിക്കൊണ്ടാണ് നെറ്റ് വർക്ക് മാർക്കറ്റിംഗിന് തുടക്കമിട്ടത്. തുടർന്ന് 2008 ൽ ബിസിനസ് കോർപ്പറേഷൻ ലിമിറ്റഡ് , 2009 ൽ ഇന്റർനാഷണൽ ബിസിനസ് എന്നീ പേരുകളിൽ ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു. തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ബിസയർ ഗ്രൂപ്പ് സ്ഥാപനങ്ങൾ ആരംഭിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കമ്പനീസ് ആക്റ്റ് പ്രകാരം സ്ഥാപനം രജിസ്റ്റർ ചെയ്താണ് വൻ തട്ടിപ്പിന് കളമൊരുക്കിയത്.
ആയിരക്കണക്കിന് പേരെ കണ്ണികളാക്കി തട്ടിപ്പിനിരയാക്കിയിട്ടും ഇരുപതോളം പേർ മാത്രമാണ് ആദ്യം പൊലീസിൽ പരാതി നൽകാനെത്തിയത്. തങ്ങൾക്ക് പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ ബഹുഭൂരിപക്ഷം നിക്ഷേപകരും കഴിയുകയായിരുന്നു. പരാതി നൽകാൻ വൈകിയതാണ് അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് 9 വർഷം കാലവിളംബം നേരിടേണ്ടി വന്നത്. അതേസമയം പ്രതിസ്ഥാനത്ത് പൊലീസിലെ ഉന്നതന്റെ ഭാര്യ കൂടി ഉൾപ്പെട്ടതിനാലാണ് അന്വേഷണം ഇഴഞ്ഞതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
2011 ജൂലൈ മാസത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി ( ക്രിമിനൽ ഗൂഢാലോചന ) , 34 ( കൂട്ടായ്മ ) , 1978 ൽ നിലവിൽ വന്ന പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീം ( തടയൽ ) നിയമത്തിലെ 3 , 4 , 5 , 6 ( റിസർവ്വ് ബാങ്കിന്റെ അനുവാദപത്രമോ ലൈസൻസോ ഇല്ലാതെ നിയമ വിരുദ്ധമായി പണമിടപാടും ചിട്ടി ബിസിനസ്സും നടത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസിൽ ക്രൈം ബ്രാഞ്ച് 2020 ൽ കുറ്റപത്രം സമർപ്പിച്ചത്.