തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ സർക്കാരിന് പകർപ്പ് നൽകാതെ രഹസ്യ ഹർജി ഫയൽ ചെയ്തതിന് പ്രതികളെ വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ കോടതി രൂക്ഷമായി വിമർശിച്ചു.

തുടർന്ന് കേസ് പരിഗണിക്കുന്നത് ജൂൺ 7 ന് മാറ്റി. അതേ സമയം സർക്കാർ അഭിഭാഷകന് പകർപ്പ് നൽകാതെ പ്രതികൾ രഹസ്യമായി കോടതിയിൽ ഹർജി ഫയൽ ചെയ്തത് കോടതിയിൽ അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ. ഒ. അശോകനും പ്രതിഭാഗവും തമ്മിൽ അസ്വാരസ്യം സൃഷ്ടിച്ചു. തുടർന്ന് ഹർജിപ്പകർപ്പ് പ്രോസിക്യൂഷന് നൽകാനും ജൂൺ 7 ന് ഹർജിയിൽ വാദം ബോധിപ്പിക്കാനും സെഷൻസ് ജഡ്ജി മിനി .എസ്.ദാസ് പ്രതികളോട് ഉത്തരവിട്ടു.

കേസിൽ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്മേൽ വാദം ബോധിപ്പിക്കാൻ സെഷൻസ് കോടതി ഉത്തരവിട്ടവേളയിലാണ് പ്രതികളുടെ രഹസ്യ ഹർജിയെത്തിയത്. കുറ്റപത്രത്തിൽ വാദം ബോധിപ്പിക്കാതെ 3 തവണ സമയം തേടിയ പ്രതികൾ കോടതി അന്ത്യശാസനം നൽകുമെന്ന ഘട്ടമെത്തിയപ്പോഴാണ് രഹസ്യ ഹർജി ഫയൽ ചെയ്തത്.

അതേ സമയം ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്റെ പെൺ സുഹൃത്തുമായ വഫാ നജീമും കോടതിയിൽ ഹാജരായില്ല. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് വിചാരണ ചെയ്യുന്നത്. ബഷീർ കൊല്ലപ്പെട്ട് ഓഗസ്റ്റ് 2 ന് രണ്ടു വർഷം തികയുന്ന സാഹചര്യത്തിലാണ് വിചാരണ നടപടികൾ തുടങ്ങിയത്.