ചെങ്ങന്നൂർ: ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. ബംഗ്ലാദേശ് പൗരനായ ലബിലു ഹസനാണ് (39) മാവേലിക്കര അഡീഷണൽ ജില്ലാ കോടതി വധ ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ ജൂവൽ ഹസന് (24) ജീവപരന്ത്യം തടവ് ശിക്ഷയും വിധിച്ചു.

2019 നവംബർ 11 ന് ചെങ്ങന്നൂർ കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എപി ചെറിയാൻ, ഭാര്യ ഏലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഇരുവരെയും കൊന്ന് 45 പവൻ സ്വർണവും 17338 രൂപയുമായി സംസ്ഥാനം വിട്ട പ്രതികളെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ജോലിക്കെത്തിയിരുന്ന പ്രതികൾ ഇവിടെ സ്വർണമുണ്ടെന്ന് മനസ്സിലാക്കി കൊല നടത്തുകയായിരുന്നു.

ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ചെറിയാനും ഏലിക്കുട്ടിയും മാത്രമായിരുന്നു താമസിച്ചിരുന്നത്. മക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. പറമ്പിലെ ജോലിക്ക് ചെറിയാനായിരുന്നു ലബിലുവിനെയും ജുവലിനെയും വിളിച്ചത്. ജോലിക്കെത്തിയ ദിവസങ്ങളിൽ വീടും സ്ഥലവും നിരീക്ഷിച്ച് കൊലപാതകം ആസൂത്രണം ചെയ്തു.

പിറ്റേന്ന് താമസിക്കാൻ പറ്റിയ ഇടമുണ്ടോ എന്ന് ചോദിച്ച് ഇരുവരും വീണ്ടും ചെറിയാന്റെ വീട്ടിലെത്തി. വീടിന് പുറത്തെ സ്റ്റോർ മുറി ഞങ്ങൾക്ക് താമസിക്കാൻ തരുമോ എന്നിവർ ചെറിയാനോട് ചോദിച്ചു, ഇവരെ വിശ്വസിച്ച ചെറിയാൻ സ്റ്റോർ മുറി തുറന്നു കൊടുത്തു. മുറി തുറന്നയുടൻ പ്രതികൾ തൂമ്പയും മൺവെട്ടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ലില്ലിയെ അടുക്കളയിലെത്തി കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം ഇരുവരും മുങ്ങി. പിന്നീട് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും വിശാഖപട്ടണത്ത് നിന്ന് പിടികൂടിയത്.

കൊലപാതകം, അതിക്രമിച്ചു കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. 2021 നവംബർ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂർത്തിയായത്. കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി. കേസിൽ വിശാഖപട്ടണം ആർ പി എഫ് പൊലീസിലെ 5 പേരും ആന്ധ്രാദേശ്, ബംഗാൾ, അസാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സോളമൻ, സരുൺ കെ ഇടുക്കുള എന്നിവർ ഹാജരായി.