തിരുവനന്തപുരം: പോത്തൻകോട് ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിന്റെ കാൽപാദം വെട്ടിയെടുത്തുകൊലപ്പെടുത്തിയ കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം അപൂർണമെന്ന് കോടതി. പ്രതിക്കു നൽകാനുള്ള പകർപ്പും അനുബന്ധ രേഖകളും ഇല്ലാത്തതാണ് കൊണ്ടാണ് അപൂർണമായത്. രേഖകൾ അടുത്തദിവസം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം നടന്ന് 87ാം ദിവസമാണ് 150 പേജ് വരുന്ന കുറ്റപത്രം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയത്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കൊലക്കേസിന്റെ സൂത്രധാരൻ ഒട്ടകം രാജേഷടക്കം കൃത്യത്തിൽ പങ്കെടുത്ത 11 പേർക്കെതിരെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ നെടുമങ്ങാട് ഡിവൈഎസ്‌പിയാണ് കുറ്റപത്രം സമർപ്പിച്ചത്. കൃത്യം നടന്ന് 81 ദിവസം പൂർത്തിയായപ്പോഴാണ് കുറ്റപത്രം സമർപ്പിച്ചത്.

10 വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന കേസിൽ പ്രതിയുടെ അറസ്റ്റ് തീയതി മുതൽ 90 ദിവസത്തിനകം കുറ്റപത്രം ഫയൽ ചെയ്യുന്ന പക്ഷം സി ആർ പി സി വകുപ്പ് 167 (2) പ്രകാരം പ്രതിക്ക് ജാമ്യത്തിനർഹതയില്ല. അതേ സമയം കുറ്റപത്രത്തിലെ രേഖകൾ അപൂർണ്ണമാണെന്ന് കുറ്റപത്രം പരിശോധിച്ച ജില്ലാ കോടതി ജീവനക്കാർ കണ്ടെത്തി. പോരായ്മകൾ രേഖപ്പെടുത്തി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ. എൻ.ബാലകൃഷ്ണൻ മുമ്പാകെ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട സുധീഷ് പട്ടികജാതിയിൽ പെട്ടയാളായതിനാൽ പട്ടികജാതി അതിക്രമം തടയൽ നിയമം ചുമത്തിയതിനാൽ വിചാരണ കോടതിയായ പ്രിൻസിപ്പൽ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

2021 ഡിസംബർ 11 പട്ടാപ്പകൽ പോത്തൻകോട് കല്ലൂർ കോളനിയിലെ വീട്ടിൽ ഉച്ചയ്ക്ക് 2.45 മണിക്കാണ് സുധീഷിനെ കൊലപ്പെടുത്തിയത്. രാജേഷടക്കം 11 പേർ 2 ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായെത്തിയാണ് പ്രദേശവാസികളുടെയും പിഞ്ചു കുട്ടികളുടെയും മുന്നിലിട്ട് സുധീഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്.

ഊരുപൊയ്ക മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണി (29) , ചിറയിൻകീഴ് ആഴൂർ വിള വീട്ടിൽ രാജേഷ് എന്ന ഒട്ടകം രാജേഷ് (35) , ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയിൽ മിഠായി ശ്യാംകുമാർ (29) , ചിറയിൻകീഴ് ശാസ്ത വട്ടം സ്വദേശി മൊട്ട എന്ന നിധീഷ് (27) , ശാസ്ത വട്ടം സ്വദേശി ശ്രീക്കുട്ടൻ എന്ന നന്ദിഷ് (23) , കണിയാപുരം മണക്കാട്ടു വിളാകം രഞ്ജിത് പ്രസാദ് (28) , വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ (23) , വെഞ്ഞാറമൂട് ചെമ്പൂര് സച്ചിൻ (24) , കന്യാകുളങ്ങര കുണൂർ സൂരജ് (23) , വിഷ്ണു , വിനീത് എന്നീ 11 പേർക്കെതിരായാണ് പൊലീസ് കുറ്റപത്രം.