തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരനും സ്ഥിരം കുറ്റവാളിയുമായ ഒട്ടകം രാജേഷിനെ 2017 ലെ പൂജപ്പുര വധ ശ്രമക്കേസിൽ കസ്റ്റോഡിയൽ ട്രയൽ ചെയ്യാൻ പ്രോസിക്യൂഷൻ തിരുവനന്തപുരം പ്രിൻസിപ്പൽ അസി. സെഷൻസ് കോടതിയിൽ ഹർജി. ഹർജി ഫയലിൽ സ്വീകരിച്ച അസി. സെഷൻസ് ജഡ്ജി ഷിബു ഡാനിയേൽ ഒട്ടകം രാജേഷടക്കമുള്ള പ്രതികൾക്ക് നോട്ടീസയച്ചു. ഒട്ടകത്തിന്റെയും കൂട്ടാളിയുടെയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ഒട്ടകം രാജേഷിനും കൂട്ടാളി വിജയകുമാറിനും ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാരെ ഹാജരാക്കാനുമായി കോടതി 2020 ജനുവരി 13 , ഫെബ്രുവരി 10 , ഡിസംബർ 10 എന്നീ തീയതികളിലായി 3 പ്രാവശ്യം കേസ് പരിഗണിച്ചിട്ടും പൂജപ്പുര പൊലീസ് പ്രതികളെയോ ജാമ്യക്കാരെയോ ഹാജരാക്കാത്തതിന് പൂജപ്പുര സർക്കിൾ ഇൻസ്‌പെക്ടറെ രൂക്ഷമായി ശാസിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു.

പൂജപ്പുര വധശ്രമക്കേസിൽ പല്ലൻ സുരേഷ് , ചിറയിൻകീഴ് ആഴൂർ വിള വീട്ടിൽ രാജേഷ് എന്ന ഒട്ടകം രാജേഷ് (32) , വിജയകുമാർ എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ. അതേ സമയം 2009 ലെ മംഗലപുരം ശാസ്തവട്ടം ലാലു കൊലക്കേസിൽ മുഖ്യ പ്രതിയായ ഒട്ടകം രാജേഷിനെയും 2 കൂട്ടാളികളെയും ഹാജരാക്കാൻ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി എ.എസ്. മല്ലിക വിചാരണ തടവുകാരെ പാർപ്പിച്ചിട്ടുള്ള പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയച്ചു. രണ്ടു മുതൽ നാലു വരെയുള്ള പ്രതികളായ രാജേഷ് , തീർത്ഥം തട്ടി ബിനു എന്ന വിനു , വിനോദ് എന്നിവരാണ് ഈ കേസിലെ ഒട്ടകത്തിന്റെ കൂട്ടു പ്രതികൾ. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തലിനായാണ് പ്രതികളെ ഹാജരാക്കേണ്ടത്. ലാലു കൊലക്കേസിലെ ഒന്നാം പ്രതി വിനോദ് 2017 ൽ മരണപ്പെട്ടു.

2020 ജനുവരി 13 മുതൽ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറണ്ടുത്തരവുണ്ടായിട്ടും ഒട്ടകം രാജേഷിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാത്തതാണ് 2021 ഡിസംബർ 11 ന് പട്ടാപ്പകൽ നടന്ന പോത്തൻകോട് സുധീഷ് കൊലക്കേസടക്കം അനവധി ക്രൈം കേസുകൾ ചെയ്യാൻ രാജേഷിന് പ്രചോദനമായത്. വധശ്രമക്കേസിൽ പോത്തൻകോട് പൊലീസിന് കണ്ടെത്താൻ സാധിക്കാത്ത മുഖ്യ പ്രതി സുധീഷിനെയാണ് ഒട്ടകം രാജേഷ് അടങ്ങുന്ന കൊടും ക്രിമിനലുകൾ കണ്ടെത്തി കൊലപ്പെടുത്തിയത്. വധശ്രമക്കേസിൽ സുധീഷിന്റെ 2കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്തിട്ടും സുധീഷിന്റെ ഒളിയിടം കണ്ടെത്താൻ പോത്തൻകോട് പൊലീസിനായില്ല.