കൊച്ചി: പിതാവ് ഗർഭിണിയാക്കിയ പത്തുവയസുകാരിയുടെ 31 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. പുറത്തെടുക്കുമ്പോൾ കുഞ്ഞിനു ജീവനുണ്ടെങ്കിൽ പരിചരണവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കണമെന്നാണ് ഉത്തരവ്. ഭ്രൂണത്തിനു ജീവനുണ്ടെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

കൊല്ലം സ്വദേശിനിയായ ബാലികയ്ക്കായി സ്വന്തം അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗർഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളിൽ ഗർഭം അലസിപ്പിക്കുന്നതിനു നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഗർഭസ്ഥ ശിശുവിന് 31 ആഴ്ച പിന്നിട്ടത് നിയമ തടസമുണ്ടാക്കിയതോടെയാണ് ഹൈക്കോടതിയുടെ സഹായം തേടിയത്. ഗർഭം പൂർണ വളർച്ചയിലെത്തുന്നതു വരെ കാത്തിരിക്കുന്നതു പെൺകുട്ടിക്കു മാനസികമായും ശാരീരികമായും അപകടകരമാണ് എന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി.

രാജ്യാന്തര വനിതാ ദിനത്തിന്റെ തലേന്നാണ് കേരളാ ഹൈക്കോടതി ലീഗൽ സർവീസ് അഥോറിറ്റി മുഖേന ഹർജി ഹൈക്കോടതിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ 15 വയസുകാരി കുഞ്ഞിനു ജന്മം നൽകിയിരുന്നു. സഹോദരീ ഭർത്താവിന്റെ ലൈംഗിക പീഡനത്തിന് ഇരയായാണ് ഈ പെൺകുട്ടി ഗർഭം ധരിച്ചത്.