- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ചത് അനധികൃതമായി തന്നെ എന്ന് ഹർജിക്കാർ; കേസ് പിൻവലിക്കാൻ പ്രോസിക്യൂഷന് അധികാരമില്ല; താരത്തിനെ താറടിക്കാൻ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കേസ് എന്ന് സർക്കാർ; ആനക്കൊമ്പ് കേസിൽ ഇന്ന് പൊരിഞ്ഞ വാദം
പെരുമ്പാവൂർ: സൂപ്പർ താരം മോഹൻലാൽ അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ചെന്ന കേസിൽ കോടതിയിൽ പൊരിഞ്ഞ വാദം. കേസ് പിൻവലിക്കാൻ ഉള്ള സർക്കാർ നീക്കത്തിനെതിരെ കക്ഷി ചേരാൻ വന്ന രണ്ടുപരാതിക്കാർക്ക് എതിരെ കടുത്ത നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. പരാതിക്കാർക്ക് പബ്ലിസിറ്റിയിലാണ് താൽപര്യമെന്ന് സർക്കാർ വാദിക്കുമ്പോൾ, സർക്കാർ വഴിവിട്ടുനീങ്ങിയെന്നും മോഹൻലാലിന് വേണ്ടി നിയമം ലംഘിച്ചെന്നും പരാതിക്കാർ എതിർവാദം ഉന്നയിക്കുന്നു.
വാദവും എതിർവാദവും
കേസ് ഇന്ന് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-3 ആണ് പരിഗണിച്ചത്. ക്രിമിനൽ മിസലേനിയസ് പെറ്റീഷനിലാണ് ഇന്ന് വാദം നടന്നത്. പ്രോസിക്യൂഷന് കേസ് പിൻവലിക്കാൻ അധികാരമില്ല എന്നായിരുന്നു പരാതിക്കാരുടെ വാദം. കാരണം ഇത് പൊതുതാൽപര്യത്തിന് എതിരാണ്. മോഹൻലാൽ അനധികൃതമായാണ് ആനക്കൊമ്പ് കൈവശം വച്ചത്. ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് എറണാകുളം സ്വദേശി എ.എ. പൗലോസ് വാദിച്ചു. ഇത് പൊതുതാൽപര്യത്തിന് എതിരാണ്. ആനക്കൊമ്പിന് വേണ്ട പെർമിറ്റിനും, ലൈസൻസിനുമായി ഗസറ്റിൽ വിജ്ഞാപനം ഇറക്കിയിട്ടില്ല. എന്നാൽ, തങ്ങൾ ഗസറ്റിൽ നോട്ടിഫൈ ചെയ്തിട്ടുണ്ടെന്നായിരുന്നു എതിർവാദം.
ഫോറസ്റ്റ് കേസിൽ ഇടപെടാൻ മൂന്നാമതൊരു കക്ഷിക്ക് അവകാശമില്ലെന്നും, ചീഫ് വൈൽഡ് ലൈഫ് വാർഡനും, സ്റ്റേറ്റ് വൈൽഡ് ലൈഫ് വാർഡനും, റേഞ്ച് ഓഫീസറിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കുമാണ് അധികാരം എന്നും ആയിരുന്നു പ്രോസിക്യൂഷൻ വാദം. വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് ഹർജിക്കാർ പരാതി നൽകിയിട്ടുള്ളത്. തുടർന്ന് നിയമസഭ കൈയാങ്കളി കേസും, ഇടമലയാർ കേസും പൊതുതാൽപര്യം പരിഗണിച്ച് കോടതികൾ പിൻവലിക്കാൻ അനുവദിക്കാതിരുന്നത് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഇടമലയാർ കേസിലും നിയമസഭാ കൈയാങ്കളി കേസിലും വിധി രണ്ടാണെന്നായിരുന്നു പ്രോസിക്യൂട്ടറുടെ എതിർവാദം. ഇടമലയാർ കേസിൽ കോടിക്കണക്കിന് രൂപ പൊതുജനത്തിന് നഷ്ടം വരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് വി എസ് അച്യുതാനന്ദൻ നൽകിയ അപ്പീലിൽ കേസ് പിൻവലിക്കാൻ അനുവദിക്കാതിരുന്നത്. നിയമ സഭാ കൈയാങ്കളി കേസിലും പൊതുഖജനാവിന് നഷ്ടം സംഭവിച്ചു. എന്നാൽ, ആനക്കൊമ്പ് കേസിൽ പൊതുഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ല എന്നായിരുന്നു പ്രോസിക്യൂഷൻ വിശദീകരിച്ചത്. അതുകൊണ്ട്് തന്നെ മൂന്നാം കക്ഷിക്ക് ഇടപെടാൻ അവകാശമില്ല എന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നര മണിക്കൂർ നേരം വാദം തുടർന്നു. തുടർവാദത്തിനായി കേസ് ഈ മാസം 29 ലേക്ക് കോടതി മാറ്റി വച്ചു.
ജെയിംസ് മാത്യു, എ.എ.പൗലോസ് എന്നിവരാണ് കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷയിൽ ഇടപെട്ട് ഹർജി നൽകിയത്. തെറ്റായതും, ദുരുപദിഷ്ടവുമായ വ്യവഹാരത്തിലൂടെ നടനെ അപകീർത്തിപ്പെടുത്താണ് പരാതിക്കാരുടെ ശ്രമം എന്നാണ് പ്രോസക്യൂഷന്റെ വാദങ്ങളിൽ ഒന്ന്. കേസ് തുടരുന്നത് വ്യഥാ വ്യായാമമാണെന്നും പ്രോസിക്യൂഷൻ പറയുന്നു. മോഹൻലാൽ ആനക്കൊമ്പ് വാങ്ങിയത് ശരിയായ സോഴ്സിൽ നിന്നാണ്. അനധികൃതമായല്ല, ആനക്കൊമ്പ് കൈവശം വച്ചത്. കേസിൽ ഇക്കാര്യത്തിൽ, പൊചുതാല്പര്യമോ, പൊതുഖജനാവിന് നഷ്ടമോ സംഭവിച്ചിട്ടില്ല.
എന്നാൽ കേസ് പിൻവലിക്കാൻ പ്രോസിക്യൂട്ടറുടെ മേൽ സർക്കാർ സമ്മർദ്ദം ചെലുത്തിയെന്നും, സുപ്രീം കോടതി വിധികൾ പ്രകാരം, പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന കേസുകളിൽ മൂന്നാം കക്ഷിക്ക് ഇടപെടാമെന്നും ഹർജിക്കാർ വാദിച്ചു. ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ മോഹൻലാലിന് കൈവശം സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും ഹർജിക്കാർ വാദിച്ചു
കേസ് ഇങ്ങനെ
കേസിൽ ഒന്നാം പ്രതിയാണ് മോഹൻലാൽ. തൃശൂർ സ്വദേശി പി.എൻ.കൃഷ്ണകുമാർ, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാർ നളിനി രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അപേക്ഷകൾ ഇതിനോടകം തന്നെ താരം സമർപ്പിച്ചിരുന്നു. 2016 ജനുവരി 31നാണ് ആദ്യം അപേക്ഷ നൽകിയത്. തുടർന്ന് 2019 സെപ്റ്റംബർ 20ന് മറ്റൊരു അപേക്ഷയും നൽകി.
കൂടാതെ കേസ് സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനും സർക്കാരിന് രണ്ട് കത്ത് സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ സർക്കാർ എൻഒസി നൽകിയത്. അതേസമയം, മോഹൻലാലിന് എതിരായ കേസ് പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എതിർപ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് അഡിഷണൽ ചീഫ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടർക്ക് 2020 ഫെബ്രുവരി 7ന് കത്തെഴുതുകയും ചെയ്തു.
2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നാല് ആനക്കൊമ്പുകൾ കണ്ടെടുക്കുകയായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് മോഹൻലാൽ ആനക്കൊമ്പുകൾ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാർ എന്നയാളിൽ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകൾ വാങ്ങിയെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം. വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നൽകുകയും ചെയ്തു. എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തൃശൂരിലും, ചെന്നൈയിലും ഉള്ള സ്വകാര്യവ്യക്തികളിൽ നിന്നാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നും അവർക്ക് ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഉണ്ടായിരുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞത്. പക്ഷെ രണ്ട് ആനക്കൊമ്പുകൾ മോഹൻലാൽ ഷൂട്ടിംഗിനായി വന്നപ്പോൾ ഒറ്റപ്പാലത്തെ ഒരു വീട്ടിൽ നിന്ന് വാങ്ങിയതാണെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ ലൈസൻസുള്ളവരിൽ നിന്നോ സർക്കാരിൽ നിന്നോ വാങ്ങിയാലും ലൈസൻസ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള അറസ്റ്റോ മറ്റുനടപടികളോയെടുക്കണമെന്നിരിക്കെ, മോഹൻലാലിന്റെ കാര്യത്തിൽ അതൊന്നുമുണ്ടായില്ലെന്നും കേസിൽ പ്രതിയായ മോഹൻലാലിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്നും, ആനക്കൊമ്പ് എവിടെ നിന്നു കിട്ടി തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നുമാണ് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നത്.
കേസിൽ മോഹൻലാൽ അകപ്പെട്ടപ്പോൾ അന്നത്തെ വനം, സിനിമ മന്ത്രിയായിരുന്ന കെ.ബി.ഗണേശ്കുമാർ മോഹൻലാലിനെ രക്ഷിക്കാൻ പുറത്തിറങ്ങിയിരുന്നു. ലൈസൻസില്ലാത്ത ആനക്കൊമ്പുകൾ സ്വയമേവ വനംവകുപ്പിൽ സറണ്ടർ ചെയ്താൽ കേസ് എടുക്കില്ല എന്നൊരു നിയമം കൊണ്ടു വരാനായിരുന്നു ശ്രമിച്ചത്. സംസ്ഥാനത്തിന് മാത്രം ഇത്തരമൊരു നിയമം കൊണ്ടുവരാൻ കഴിയാത്തതിനാൽ ഇതിന്റെ ബിൽ അന്നത്തെ കേന്ദ്ര വൈൽഡ് ലൈഫ് മന്ത്രി ജയന്തി നടേശന് അയച്ചു കൊടുത്തിരുന്നു. അവർ ആ നിർദ്ദേശം തള്ളിയതിനാൽ നിയമം കൊണ്ടുവരാൻ കഴിഞ്ഞില്ല.
മറുനാടന് മലയാളി ലേഖകന്.