കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ, പ്രതികളുടെ ജാമ്യ ഹർജികൾ കോടതി മാറ്റാൻ ഹൈക്കോടതി അനുമതി. ദീപുവിന്റെ അച്ഛൻ കുഞ്ചരൂ നൽകിയ ഹർജിയിലാണ് നടപടി. ജഡ്ജിക്ക് സിപിഎം ബന്ധം ഉള്ളതിനാൽ കേസിൽ നീതി കിട്ടില്ലെന്ന് ചൂണ്ടികാട്ടി ആയിരുന്നു കോടതി മാറ്റ ഹർജി. കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരാണ്.

നാല് പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു. എസ് സി/ എസ്ടി ആക്ട് കൂടി ഉള്ളതിനാലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസ് പരിഗണിച്ചത്. പ്രതികൾ ജാമ്യഹർജി നൽകിയതിന് പിന്നാലെ ഈ കോടതിയിൽ നിന്ന് മകന്റെ കൊലപാതകത്തിൽ നീതി ലഭിക്കില്ലെന്ന തോന്നൽ ഉണ്ടായതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ദീപുവിന്റെ അച്ഛൻ ഹർജിയിൽ വ്യക്തമാക്കി. കേസ് പരിഗണിക്കുമ്പോൾ സ്വാഭാവികമായി പ്രതികളുടെ ജാമ്യഹർജിയുടെ നോട്ടീസ് തങ്ങൾക്ക് നൽകേണ്ടതായിരുന്നു. അത് നൽകിയില്ല.

പ്രതികൾക്കായി കോടതിയിൽ ഹാജരായത് ഡിവൈഎഫ് ജില്ലാ സെക്രട്ടറിയാണ്. ജഡ്ജി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളുമാണ്. പാർട്ടിയുമായി അവർ അടുത്തബന്ധം പുലർത്തുന്നയാളാണ്. അത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അടക്കം ചില തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞതായും ഇവർ ഹൈക്കോടതിയെ അറിയിച്ചു. ഈ കോടതി കേസ് പരിഗണിച്ചാൽ തങ്ങൾക്ക് നീതി ലഭിക്കില്ലെന്നും അതുകൊണ്ട് കേസ് പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. ഇതേതുടർന്ന് കേസ് പരിഗണിക്കുന്നത് തൃശൂർ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ.

ജഡ്ജിയുടെ സിപിഎം ബന്ധം തെളിയിക്കാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പകർപ്പും ഹൈക്കോടതിക്ക് കൈമാറി. എന്നാൽ കേസിൽ വാദം കേട്ട് വിധി പറയുന്നത് വരെ ദീപുവിന്റെ ബന്ധുക്കൾക്ക് ഇത്തരം പരാതിയുണ്ടായിരുന്നില്ലെന്നാണ് പ്രതിഭാഗം ഹൈക്കോടതിയെ അറിയിച്ചത്. കേസിൽ വാദം തുടങ്ങുന്നതിന് മുൻപ് തന്നെ വിചാരണ കോടതി നിർദ്ദേശ പ്രകാരം നോട്ടീസ് കൈമാറിയിട്ടുണ്ടെന്നും പ്രതിഭാഗം വ്യക്തമാക്കിയിരുന്നു. കിഴക്കമ്പലത്തെ വിളക്കണയ്ക്കൽ സമരവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 12 ന് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ദീപു 18ന് ആശുപത്രിയിൽവച്ചാണ് മരിച്ചത്.