തലശേരി: യുവതിയെ പ്രണയിച്ചതിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ച കേസിന്റെ വിചാരണ തലശേരി അഡീഷനൽ ജില്ലാസെഷൻസ് ജഡ്ജ് മുഹമ്മദ് റയീസിന് മുൻപാകെ മാർച്ച് 17 ന് ആരംഭിക്കും. കണ്ണവം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ കണിച്ചാറിലെ ലക്ഷം വീട് കോളനിയിലെ വിനീഷെന്ന അനിക്കുട്ടനാ(30)ണ് കേസിലെ പ്രതി. ഓടം തോട് കോളനിയിലെ സിബിയെയാ(27)ണ് പ്രതിയായ വിനീഷ് കല്ലുകൊണ്ടു അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.

2018 മെയ് 19ന് ഉച്ചയോടെ അണുങ്ങോട് കള്ളുഷാപ്പിനടുത്തുള്ള പുഴക്കരയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട സിബിയുടെ സഹോദരൻ കേസിലെ പ്രതിയായ വിനീഷിന്റെ സഹോദരിയെ പ്രണയിച്ചതിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. എടത്താഴെ കോളനിയിലെ മോഹനന്റെ പരാതി പ്രകാരമാണ് കണ്ണവം പൊലിസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.

ടി. ഗോപി, ജിത്തു, സജിദ, ഉഷാദ്, പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റു മോർട്ടം വിദഗ്ദ്ധൻ ഡോക്ടർ എസ്.ഗോപാലകൃഷ്ണപിള്ള,ഡോ.കെ.ടി മൊയ്തു, ഫോറൻസിക് സയന്റിസ്്റ്റ് ഡോ. ഹെൽന, എ.കെ മണി, വില്ലേജ് ഓഫിസർ കെ.സി ശ്രീജിത്ത്, പൊലിസ് ഉദ്യോഗസ്ഥരായ സുനിൽവളയങ്ങാടൻ, ബിജു, ശ്രീജിത്ത്,രാജു, ജോസഫ്, പി.പി ഷീജ, റഷീദ, പ്രകാശൻ, ഇ.കെ രമേശൻ, കെ. എസ് ജിതേഷ്, എം.കെ കൃഷ്ണൻ തുടങ്ങിയവരാണ് പ്രൊസിക്യൂഷൻ സാക്ഷികൾ.പ്രൊസിക്യൂഷനുവേണ്ടിഅഡീഷനൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. പി. അജയകുമാറാണ് ഹാജരാവുന്നത്.