- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യവ്യവസ്ഥ ലംഘിച്ച സ്ഥിരം കുറ്റവാളിയുടെ ജാമ്യം കോടതി റദ്ദാക്കി; കസ്റ്റോഡിയൽ വിചാരണ തുടരാനും തലസ്ഥാനത്തെ കോടതി ഉത്തരവ്
തിരുവനന്തപുരം: 23 വയസ്സിനിടയിൽ മയക്കുമരുന്ന് കേസ്സടക്കം 14 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. പുതുക്കുറുച്ചി മുണ്ടൻചിറ മണക്കാട്ടിൽ പുത്തൻവീട്ടിൽ വിഷ്ണു എന്ന തംബുരുവിന്റെ ജാമ്യമാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജഡ്ജ് കെ.എൻ.അജിത്കുമാർ റദ്ദാക്കിയത്. പ്രതിയെ റിമാന്റ് ചെയ്ത കോടതി പ്രതിയെ കസ്റ്റോറ്റോഡിയൽ വിചാരണ ചെയ്യാനും ഉത്തരവിട്ടു.
കഠിനംകുളം സ്വദേശി ബാബുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കഠിനംകുളം പൊലീസ് വിഷ്ണുവിനെതിരെ കേസ് എടുത്തിരുന്നു.ജാമ്യത്തിലിറങ്ങിയ പ്രതി അതേ കേസിലെ സാക്ഷി ബൈജുവിന്റെ സഹോദരി മോളിയുടെ വീട് അടിച്ച് തകർത്ത ശേഷം ബൈജുവിന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കഠിനംകുളം പൊലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് വീടുകയറി ആക്രമണം നടത്തിയതിനെ തുടർന്നാണ് പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലിലടക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.പ്രതി ജാമ്യത്തിൽ തുടർന്നാൽ പൊതു സമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകരുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പ്രതിയെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു. ഏപ്രിൽ 30 മുതൽ പ്രതിയെ കസ്റ്റഡിയിൽ വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു.