ന്യൂഡൽഹി: ജോലിക്കിടെ, ഫാക്ടറി തൊഴിലാളി അപകടത്തിൽ മരിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും കിറ്റക്‌സ് ഗാർമെന്റ്‌സ് എംഡിയുമായ സാബു എം ജേക്കബ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന ഹൈക്കോടതി വിധിയിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

കിറ്റക്സിന്റെ ഫാക്ടറി നടത്തിപ്പിന്റെ ചുമതല തനിക്ക് അല്ലായിരുന്നുവെന്ന സാബുവിന്റെ വാദം പരിശോധിക്കേണ്ടത് വിചാരണ കോടതി ആണെന്ന് ജസ്റ്റിസ്മാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2014 മെയ് 24-ന് കിറ്റക്സ് ഫാക്ടറിയിൽ ഉണ്ടായ അപകടത്തിലാണ് പി.ജെ.അജീഷ് എന്ന തൊഴിലാളി മരിച്ചത്. അപകടമരണത്തെ തുടർന്ന്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ നൽകിയ പരാതിയിൽ മജിസ്‌ട്രേറ്റ് സാബുവിനെതിരെ കേസെടുത്തു. ഫാക്ടറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് എംഡി സുപ്രീം കോടതിയെ സമീപിച്ചത്.

മാനേജിങ് ഡയറക്റുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാൽ സാബുവിന് എതിരായ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. ഫാക്ടറിയുടെ നടത്തിപ്പിന് ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. ആ ഉദ്യോഗസ്ഥന് എതിരേയായിരുന്നു കേസ് എടുക്കേണ്ടത് എന്നും ഹാരിസ് ആവശ്യപ്പെട്ടു.

കേസിന്റെ മെറിറ്റ് വിചാരണ കോടതിയാണ് പരിശോധിക്കേണ്ടത് എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഫാക്ടറി നടത്തിപ്പിനുള്ള ഉദ്യോഗസ്ഥർ ആരായിരുന്നു എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ കോടതി തീരുമാനം എടുക്കട്ടെ എന്ന് സുപ്രീം കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്ന സാബുവിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.