കൊച്ചി: തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ആചാരചടങ്ങായ കാൽ കഴുകിച്ചൂട്ട് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രം തന്ത്രി 12 ശാന്തിമാരുടെ കാലുകൾ കഴുകുന്ന ചടങ്ങ് പന്ത്രണ്ട് നമസ്‌കാരമെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് വിധിയിൽ പറയുന്നു.

മതവിശ്വാസങ്ങൾക്ക് ഭരണഘടന സംരക്ഷണം ഉണ്ട്. ഭക്തർ ബ്രാഹ്മണരുടെ കാൽകഴുകുന്നു എന്ന രീതിയിൽ കഴിഞ്ഞ മാസം വന്ന വാർത്ത തെറ്റാണെന്ന് കണ്ടെത്തിയെന്നും കോടതി പറഞ്ഞു.പന്ത്രണ്ട് നമസ്‌കാരത്തെ സമാരാധന എന്ന് പുനർനാമകരണം ചെയ്ത കൊച്ചിൻ ദേവസ്വം ചെയ്ത കൊച്ചിൻ ദേവസ്വം ബോർഡ് നടപടി നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ വിഷയത്തിൽ കോടതി നേരിട്ട് കേസെടുത്തിരുന്നു.

പാപരിഹാരത്തിനായെന്ന പേരിലാണ് വഴിപാട് നടക്കുന്നത്. ഇതിന്റെ ചെലവ് 20000 രൂപയാണ്. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള ആചാരങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.