- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങൾക്ക് നൽകി; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് നേരിട്ട് ഹാജരാകണമെന്ന് വിചാരണകോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് വിചാരണ കോടതി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങൾക്ക് നൽകിയെന്ന പരാതിയിലാണ് നടപടി.
ഈ മാസം 12ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ മാധ്യമങ്ങൾക്ക് നൽകിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് എതിരെയുള്ള പരാതി. കേസിലെ തുടരന്വേഷണം രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം.
ദിലീപിന്റെ ഫോണിൽ നിന്ന് കോടതിയിലെ ചില വിവരങ്ങൾ ലഭിച്ചു. ഈ വിവരങ്ങൾ എങ്ങനെയാണ് ചോർന്നത് എന്നറിയാൻ ജീവനക്കാരെ ചോദ്യംചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ബൈജു പൗലോസിന്റെ കത്ത് മാധ്യമങ്ങളിൽ വന്നിരുന്നു.
കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകർക്കെതിരെ ബാർ കൗൺസിലിന് കഴിഞ്ഞ ദിവസം അതിജീവിത ഔദ്യോഗിക പരാതി നൽകിയിരുന്നു. രാമൻപിള്ള ഉൾപ്പെടെയുള്ള അഭിഭാഷകരുടെ നിയമവിരുദ്ധ ഇടപെടലുകളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
അതേസമയം, തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ നാലാം പ്രതി വിജീഷിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. നടിയെ ആക്രമിച്ച സമയത്ത് ഒന്നാം പ്രതി പൾസർ സുനിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നയാളാണ് വിജീഷ്. വിജീഷിന് കൂടി ജാമ്യം ലഭിച്ചതോടെ കേസിലെ പ്രതികളിൽ പൾസർ സുനി മാത്രമാണ് ജയിലിൽ കഴിയുന്നത്.