- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്വ.വത്സരാജ് വധക്കേസ്: പ്രോസിക്യൂഷൻ വിചാരണ പൂർത്തിയായി; കിർമാണി മനോജ് ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യും

തലശേരി: ജില്ലാകോടതി ബാറിലെ അഭിഭാഷകനും ആർ. എസ്. എസ് നേതാവുമായിരുന്ന വത്സരാജകുറുപ്പിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രൊസിക്യൂഷൻ വിചാരണ ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ മുൻപാകെ പൂർത്തിയായി.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികളെ നാളെ കോടതി ചോദ്യം ചെയ്യും. 2007 മാർച്ച് നാലിന് രാത്രി പ്രതികൾ വീട്ടിലെത്തി ഉറങ്ങുകയായിരുന്ന വത്സരാജകുറുപ്പിനെ വിളിച്ചുണർത്തി പുറത്തേക്ക് വിളിച്ചുകൊണ്ടു പോയി തലയ്ക്കടിച്ചുകൊന്നുവെന്നാണ് കേസ്. ലോക്കൽ പൊലിസിന്റെ അന്വേഷണത്തിൽ തുമ്പുണ്ടാക്കാൻ കഴിയാത്തതിനെ തുടർന്ന് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
സി.പി. എം പ്രവർത്തകരായ അരയാക്കൂലിലെ കുനിയിൽ വീട്ടിൽ ഷാജി, ടി.പി വധക്കേസിൽപ്രതിയായ പന്തക്കൽ മലയാട്ട് വീട്ടിൽ മനോജെന്ന കിർമാണി മനോജ്, ചമ്പാട് വിളായിൽപൊയിൽ വീട്ടിൽ വി.പിസതീശൻ, ചൊക്ളി നിടുമ്പ്രത്തെ താഴെകുനിയിൽ കക്കാലൻ വീട്ടിൽ പ്രകാശൻ, ചമ്പാട് അരയാക്കൂലിലെ സൗപർണികയിൽ കെ.ശരത്, അരയാക്കൂലിൽ കുറ്റേരിവീട്ടിൽ കെ.വി രാഗേഷ്, ചമ്പാട്ടെ എട്ടുവീട്ടിൽ സജീവൻ എന്നിവരാണ് കേസിലെ പ്രതികൾ.
നേരത്തെ ലോക്കൽ പൊലിസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന്കാണിച്ച്ഭാര്യ ബിന്ദു ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കോടതി നിർദ്ദേശപ്രകാരം കൈമാറിയത്. അഡീഷനൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ.സി.കെ രാമചന്ദ്രനാണ് പ്രൊസിക്യൂഷനു വേണ്ടി ഹാജരായത്. തുടർന്ന് ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ. അജിത്കുമാർകേസിൽ ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എം.വി ഹരീന്ദ്രനാണ് ഹാജരാവുന്നത്.


