- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ യോഗ്യതാ പ്രശ്നത്തിൽ ഷാഹിദ കമാലിന് ആശ്വാസം; ഡോക്ടറേറ്റ് വ്യാജമെന്ന ഹർജി ലോകായുക്ത തള്ളി; രേഖകളിൽ ഇല്ലാത്ത യോഗ്യത ചേർത്തതിന് ഷാഹിദയ്ക്കും വിമർശനം; പൊതുപ്രവർത്തകർക്ക് ചേരാത്ത നടപടി എന്ന് വിധിയിൽ പരാമർശം
തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന പരാതിയിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് ആശ്വാസം. ഷാഹിദയുടെ ഡോക്ടറേറ്റ് വ്യാജമെന്ന ഹർജി ലോകായുക്ത തള്ളി. വിദ്യാഭ്യാസ യോഗ്യത വ്യാജരേഖയാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതിയിലാണ് ലോകായുക്തയുടെ വിധി.
എന്നാൽ, പരാതിക്കാരിക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത പറഞ്ഞു. ഇതോടൊപ്പം ഷാഹിദ കമാലിനും വിമർശനമുണ്ടായി. രേഖകളിലില്ലാത്ത യോഗ്യത ചേർത്തതിനാണ് ലോകായുക്തയുടെ വിമർശനം. 'ചെയ്തത് പൊതുപ്രവർത്തകർക്ക് ചേരാത്ത നടപടി' എന്നായിരുന്നു ലോകായുക്തയുടെ പരാമർശം.
തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും വനിതാ കമ്മീഷൻ അംഗമായി അപേക്ഷ നൽകുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകൾ നൽകിയെന്നായിരുന്നു ഷാഹിദ കമാലിനെതിരായ ആരോപണം. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ സമ്മതിച്ചിരുന്നു.
വട്ടപ്പാറ സ്വദേശിയായ അഖില ഖാനാണ് ലോകായുക്തയെ പരാതിയുമായി സമീപിച്ചത്. വ്യാജരേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെട്ട് സർക്കാരിനെയും ജനങ്ങളെയും ഷാഹിദ കമാൽ കബളിപ്പിച്ചു എന്നായിരുന്നു പരാതിയിലെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അഖില ഖാൻ ഡിജിപിക്കും പരാതി നൽകിയിരുന്നു. ഷാഹിദ കമാൽ കമ്മീഷൻ അംഗമായ ശേഷമാണ് ഡി ലിറ്റ് നേടിയത്. ഇത് വ്യാജമാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ല.
തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നൽകിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്ന് പരാതിക്കാരി വാദിച്ചിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യതകൾ ഹാജരാക്കിയ ഷാഹിദ കമാലിനെ വനിതാകമ്മീഷനിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.