- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ മേൽനോട്ടസമിതിക്ക് ഇനി വിപുലമായ അധികാരങ്ങൾ; പുതിയ അഥോറിറ്റി വരുന്നത് വരെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയുള്ള മുഴുവൻ അധികാരങ്ങളും; എല്ലാ പരാതികളും സമിതി പരിഗണിക്കും; നാട്ടുകാർക്കും സമിതിക്ക് മുമ്പാകെ പരാതി നൽകാമെന്നും സുപ്രീം കോടതി
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ മേൽനോട്ടസമിതിക്ക് ഇനി വിപുലമായ അധികാരങ്ങൾ. ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയിൽ നിക്ഷിപ്തമായ അധികാരങ്ങളാണ് സുപ്രീം കോടതി നൽകിയത്. അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പരാതികളും മേൽനോട്ടസമിതി പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേരളവും തമിഴ്‌നാടും നിർദ്ദേശിക്കുന്ന ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തണം. രണ്ടാഴ്ചയ്ക്കുള്ളിൽ സാങ്കേതിക വിദഗ്ധന്റെ പേര് നൽകണം. നാട്ടുകാർക്കും മേൽനോട്ടസമിതിയിൽ പരാതി നൽകാം. മേൽനോട്ട സമിതിയുടെ നിർദ്ദേശം നടപ്പിലാക്കുന്നുവെന്ന് ചീഫ് സെക്രട്ടറിമാർ ഉറപ്പുവരുത്തണം. അണക്കെട്ടിന്റെ സുരക്ഷയുടെ സമ്പൂർണ അധികാരം മേൽനോട്ടസമിതിക്ക് ആയിരിക്കുമെന്നും ജസ്റ്റിസ് എഎം ഖാൻവിൽക്കറുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, സി ടി രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
പുതിയ മേൽനോട്ട സമിതി വേണമെന്നും, നിലവിലെ സമിതി ചെയർമാനെ മാറ്റണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. പുതിയ സമിതി വരുന്നതുവരെ നിലവിലെ സമിതി തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു. നിലവിലെ അംഗങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
നിലവിൽ ഡാമിന്റെ പരിപൂർണ അധികാരമുള്ള തമിഴ്‌നാട്, കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തിരസ്‌കരിക്കുകയാണു പതിവ്. ജലനിരപ്പ് ഉയരുമ്പോൾ ഷട്ടറുകൾ തുറക്കുന്നതിലും പെരിയാർ തീരദേശവാസികളുടെ ആശങ്ക പരിഗണിക്കുന്നതിലും തമിഴ്‌നാട് കേരളത്തെ തുടർച്ചയായി അവഗണിക്കുകയാണ്. മേൽനോട്ട സമിതിക്ക് അധികാരം നൽകിയതോടെ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങളെല്ലാം പരിശോധിച്ച് തീരുമാനമെടുക്കുക.
മുല്ലപ്പെരിയാർ മേൽനോട്ട സമിതിയെ കൂടുതൽ ശാക്തീകരിക്കണമെന്നും പ്രവർത്തനപരിധിയും ചുമതലകളും കൂടുതൽ വിപുലീകരിക്കണമെന്ന ആവശ്യവുമായി കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.