- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുവയസുകാരിയെ പീഡനത്തിനിരയാക്കിയ കേസ്; പ്രതിയായ 21 വയസുകാരന് ജീവപര്യന്തം ശിക്ഷ; വിധി പറഞ്ഞത് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി

കണ്ണൂർ: പോക്സോ കേസിൽ പ്രതിയായ 21 വയസുകാരന് ജീവപര്യന്തവും തടവും പിഴയും ശിക്ഷയും വിധിച്ചു. ഇതിൽ പത്തുവർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയടക്കാനുമാണ് കോടതി ശിക്ഷയിൽ വിധിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് വിവിധ വകുപ്പുകളിലായി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പെൺകുട്ടിയെ മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ നിരന്തരം കഠിനമായ രീതിയിൽ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ശ്രീകണ്ഠാപുരം ചെരിക്കോട് കുറ്റിയാട് വീട്ടിൽ ജതിനാണ് ശിക്ഷിക്കപ്പെട്ടത്. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സി.മുജീബ് റഹ്മാനാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ അംഗൻവാടിയിൽ പഠിക്കുമ്പോൾ തന്നെ അസുഖബാധിതയായി മരണപ്പെട്ടിരുന്നു. അമ്മമ്മയുടെയും പിതാവിന്റെയും സംരക്ഷണയിൽ കഴിയവേയാണ് കുട്ടി മൂന്ന്വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയായത്. കുട്ടിയുടെയും പ്രതിയുടെയും വീടുകളിൽ വച്ചായിരുന്നു പീഡനം.
കേസിന്റെ വിചാരണ സമയത്ത് പിതാവ് കൂറുമാറിയിട്ടും കുട്ടിയുടെയും അദ്ധ്യാപകരുടെയും ഔദ്യോഗിക സാക്ഷികളുടെയും മാത്രം മൊഴികളുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസുകളുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ വിധി പുറപ്പെടുവിച്ചത്. 2015ലായിരുന്നു പെൺകുട്ടി ഈവിവരം സ്‌കൂൾ അദ്ധ്യാപികയോട് വെളിപ്പെടുത്തിയത്. അന്നത്തെ ശ്രീകണ്ഠാപുരം സി. ഐ കെ. എ ബോസ്, എസ്. ഐ വി.വിലതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.


