- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രൂവറി-ഡിസ്റ്റിലറി അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ; വിജിലൻസ് കോടതിയിൽ മൊഴി നൽകി രമേശ് ചെന്നിത്തല; ഇ.പി.ജയരാജനും വി എസ്.സുനിൽകുമാറും മൊഴി നൽകാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കും അബ്കാരി നിയമങ്ങൾക്കും ടെൻഡർ ചട്ടങ്ങൾക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കാനായി ബ്രൂവറി -ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങാൻ ഉത്തരവിറക്കിയതിന് മുഖ്യമന്ത്രിയടക്കം 7 പേർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹർജിക്കാരനായ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി തിരുവനന്തപുരം വിജിലൻസ് കോടതി രേഖപ്പെടുത്തി. സാക്ഷിപ്പട്ടികയിലെ ഒന്നും രണ്ടും സാക്ഷികളായ മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും വി എസ്.സുനിൽകുമാർ മൊഴി നൽകാനായി ഹാജരാകാൻ വിജിലൻസ് ജഡ്ജി ഗോപകുമാർ ഉത്തരവിട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം കോടതി നേരിട്ട് നടത്തുന്ന തെളിവെടുപ്പിലാണ് സാക്ഷികൾ ഹാജരാകാൻ ഉത്തരവിട്ടത്.
ഡിസ്റ്റിലറി ഉടമകളുടെ സ്വന്തമോ സ്വകാര്യ പാട്ട ഭൂമിയിലോ മാത്രമേ ഡിസ്റ്റിലറിക്ക് അനുമതി നൽകാവൂവെന്ന ബ്രൂവറി ചട്ടങ്ങൾ നിലനിൽക്കേ സർക്കാർ വ്യവസായ മന്ത്രി പോലുമറിയാതെ എറണാകുളം കിൻഫ്രാ പാർക്കിന്റെ 10 ഏക്കർ സർക്കാർ ഭൂമിയിൽ തുടങ്ങാൻ സ്വകാര്യ ബ്രുവറി ഉടമകൾക്ക് അനുമതി നൽകിയതായി രമേശ് ചെന്നിത്തല മൊഴി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അഴിമതി നടന്നത്. പാരിസ്ഥിതിക ആഘാത പീനം , ബ്രുവറിക്ക് ജലം എടുക്കുമ്പോഴുണ്ടാകുന്ന ജനങ്ങളുടെ കുടി വെള്ള ക്ഷാമം എന്നിവ പരിഗണിക്കാതെ എക്‌സൈസ് അധികൃതർ ബ്രൂവറി കമ്പനികൾക്ക് അനുകൂല റിപ്പോർട്ട് നൽകി. ഇതെല്ലാം വൻ അഴിമതിയുടെ തെളിവാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ , എക്‌സൈസ് മന്ത്രി പി. രാമകൃഷ്ണൻ, എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്, കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരായ സി.കെ.സുരേഷ്, നാരായണൻ കുട്ടി, ജേക്കബ് ജോൺ, എ.എസ്.രഞ്ജിത്
എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാണ് ഹർജി.
സ്റ്റോഴ്‌സ് പർച്ചേസ് മാന്വലിന് വിരുദ്ധമായി പത്രപ്പരസ്യം നൽകി ടെൻഡർ ക്ഷണിക്കാതെയും രഹസ്യമായാണ് അഴിമതി കരാർ നൽകിയതെന്ന് ഹർജിയിൽ പറയുന്നു. പ്രോസിക്യൂഷൻ അനുമതി തേടി താൻ ഗവർണ്ണർക്ക് നൽകിയ അപേക്ഷയിൽ ഗവർണ്ണർ തീരുമാനമെടുക്കാനിരുന്ന വേളയിലാണ് ബ്രൂവറി യൂണിറ്റിനുള്ള അനുമതി റദ്ദാക്കിയത്.
മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉദ്യോഗസ്ഥരും അബ്കാരികളുമായി ഗൂഢാലോചന നടത്തിയാണ് അഴിമതിക്കരാർ നൽകിയത്. എറണാകുളം പവർ ഇൻഫ്രാടെക് പ്രൈവറ്റ് കമ്പനി, പാലക്കാട് അപ്പോളോ ഡിസ്റ്റിലറി സ് ആൻഡ് ബ്രൂവറീസ് കമ്പനി, കൊച്ചി ശ്രീചക്രാ ഡിസ്റ്റിലറി കമ്പനി, കണ്ണൂർ ശ്രീധരൻ ബ്രൂവറി കമ്പനി എന്നിവക്കാണ് ചട്ടം ലംഘിച്ച് അനുമതി നൽകിയത്.
ഇവരിൽ നിന്ന് മാത്രം രഹസ്യമായി അപേക്ഷ സ്വീകരിച്ച് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ മാർക്ക് സാധ്യതാ റിപ്പോർട്ടിനായി കൈമാറുകയായിരുന്നു. കമ്മീഷണർമാർ യാതൊരു സാധ്യതാ പഠനവും നടത്താതെ സ്ഥലം പോലും തിരിച്ചറിയാതെയും പരിസ്ഥിതിക ആഘാത പഠനം നടത്താതെയും പ്രതികളുമായി ഗൂഢാലോചന നടത്തി അനുകൂല റിപ്പോർട്ട് നൽകി.
വ്യവസായ വകുപ്പ് അറിയാതെ വ്യവസായ വകുപ്പ് ഉമസ്ഥതയിലുള്ള കൊച്ചി കിൻഫ്രാ ഇൻഡസ്ട്രിയൽപാർക്കിന്റെ 10 ഏക്കർ ഭൂമി പവർ ഇൻഫ്രാടെക് കമ്പനിക്ക് നൽകാൻ 2018 സെപ്റ്റബർ 5 ന് എക്‌സൈസ് മന്ത്രി ഇറക്കിയ ഉത്തരവിന്റെ പകർപ്പും കോടതിയിൽ ഹാജരാക്കി. 7 പ്രാമാണിക രേഖകളും 8 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും ഹാജരാക്കിയിട്ടുണ്ട്.