തിരുവനന്തപുരം: ഡയബറ്റീസിൽ നിന്നും സ്വയം ചികിത്സയിലൂടെ മുക്തി നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചും വ്യാജ അവകാശമുന്നയിച്ചും പരസ്യം ചെയ്ത കേസിൽ, ആയുർവ്വേദ ഔഷധ നിർമ്മാണ കമ്പനി ഡയക്ടർമാർ ഹാജരാകാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി അന്ത്യശാസനം നൽകി. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം തള്ളിയാണ് ഡയറക്ടർമാർ ഈ മാസം 27 ന് ഹാജരാകാൻ മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകർ ഉത്തരവിട്ടത്. തൃശൂർ മാള ഫ്രാൻസിസ് വൈദ്യൻസ് കണ്ടംകുളത്തി ആയുർവ്വേദ മരുന്നു കമ്പനി ഡയറക്ടർമാരായ പാറപ്പുറം കണ്ടംകുളത്തി ഹൗസിൽ കെ.ഫ്രാൻസിസ് പോൾ , അങ്കമാലി സൗത്ത് പുറക്കാട്ട് ഹൗസിൽ സിജി എബ്രഹാം എന്നീ രണ്ടും മൂന്നും പ്രതികളാണ് ഹാജരാകേണ്ടത്. ഒന്നാം പ്രതി കമ്പനിയാണ്.

കമ്പനിയുടെ ' മേഹയോഗ് ബിറ്റർ റ്റു ബെറ്റർ , പ്രമേഹത്തിനും പ്രമേഹ സംബന്ധിയായ എല്ലാ പ്രയാസങ്ങൾക്കും പരിഹാരം ' എന്ന പരസ്യത്തിനാണ് കേസെടുത്തത്. ആരോഗ്യ മാസികയിൽ കണ്ട പരസ്യം ചോദ്യം ചെയ്തുള്ള പരാതിയിലാണ് തൊണ്ടിമുതലുകളായ മരുന്നുകൾ പിടിച്ചെടുത്ത് കേസ് ഫയൽ ചെയ്തത്.

തിരുവനന്തപുരം ഡ്രഗ്‌സ് കൺട്രോളർ (എ എസ് യു വിങ്) ഓഫീസിലെ സീനിയർ ആയുർവേദ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ഡോ. സ്മാർട്ട്. പി.ജോൺ തിരുവനന്തപുരം ഗവ.സെക്രട്ടറിയേറ്റിന് എതിർവശത്തെ ശ്രീധരി ആയുർവേദിക് സ്റ്റോറിന് സമീപത്തെ ബുക്ക്സ്റ്റാളിൽ നിന്ന് ആരോഗ്യ മാസിക വാങ്ങി പരസ്യം പരിശോധിച്ചു. തുടർന്ന് പരസ്യ ഏജൻസിയായ കൊച്ചി വൈറ്റില ചളിക്കവട്ടം പൊന്നുരുന്നി ഈസ്റ്റ് കാർത്തിക ബിൽഡിംഗിൽ പ്രവർത്തിക്കുന്ന റ്റീമീഡിയ പരസ്യ സ്ഥാപനത്തിൽ നിന്നും പരസ്യ രേഖകൾ പിടിച്ചെടുത്തു. തുടർന്ന് കോടതിയിൽ കേസ് ഫയൽ ചെയ്തു.

1954 ൽ നിലവിൽ വന്ന ഡ്രഗ്‌സ് ആൻഡ് മാജിക്കൽ റെമഡീസ് ( ഒബ്ജക്ഷബബിൾ അഡ്വർട്ടൈസ്‌മെന്റ് ) നിയമത്തിലെ വകുപ്പ് 3 (ഡി) , 7 (എ) എന്നിവ പ്രകാരമാണ് കമ്പനി , 2 ഡയറക്ടർമാർ എന്നിവരെ 1 മുതൽ 3 വരെ പ്രതിചേർത്ത് കോടതി കേസെടുത്തത്.