ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് കത്ത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനനീതിയെന്ന സംഘടനയാണ് കത്ത് നൽകിയത്. ജഡ്ജിയെ മാറ്റിയില്ലെങ്കിൽ മറ്റൊരു കോടതിയിലേക്ക് കേസിന്റെ നടപടി മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ജനനീതിയുടെ ചെയർമാൻ എൻ. പത്മനാഭൻ, സെക്രട്ടറി ജോർജ് പുളികുത്തിയിൽ എന്നിവരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്. വിചാരണാ കോടതിയുടെ പ്രവർത്തനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരയായ നടിക്ക് കനത്ത മാനസിക പീഡനമാണ് വിചാരണ കോടതിയിൽ നിന്ന് നേരിടേണ്ടി വന്നത് എന്നും കത്തിൽ ആരോപിച്ചിട്ടുണ്ട്. ലൈംഗിക പീഡന കേസുകളിലെ വിചാരണ സംബന്ധിച്ച് സുപ്രീം കോടതി 2021-ൽ പുറപ്പടുവിച്ച മാർഗരേഖ ലംഘിക്കപ്പെട്ടതായും കത്തിൽ ആരോപിച്ചിട്ടുണ്ട്.

ഹൈക്കോടതി ജഡ്ജി കൗസർ എടപ്പഗത്തിനെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് മദൻ ബി. ലോക്കൂർ ജനനീതിയുടെ ഉപദേശക സമിതി അംഗമാണ്. സംഘടന നൽകിയ കത്തിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ എന്ത് തുടർനടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല

മുൻപ് പ്രോസിക്യൂഷനും സമാനമായ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരുൾപ്പെടുന്ന സംഘടനയാണ് ജനനീതി.