തിരുവനന്തപുരം: കിഴക്കേകോട്ട വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി. സി. ജോർജിന് ജാമ്യം നൽകിയത് നിയമ പരമായാണെന്നും കോടതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും വിചാരണ കോടതി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി പരിഗണിക്കവേയാണ് തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹർജിയിൽ ഇരു ഭാഗത്തിന്റെയും വാദം 11ന് ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

പ്രസംഗം ആവർത്തിക്കരുതെന്ന ജാമ്യ വ്യവസ്ഥ പി.സി. ലംഘിച്ചതിനാൽ മെയ് 1ന് അനുവദിച്ച ജാമ്യം റദ്ദാക്കി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ജയിലിലടക്കണമെന്നാണ് സർക്കാർ ആവശ്യം. ജാമ്യം നേടി കോടതിക്ക് പുറത്തിറങ്ങിയ പി.സി. പ്രസംഗത്തിൽ ഉറച്ചു നിൽക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് കാണിച്ചാണ് സർക്കാർ ഹർജി.

അതേ സമയം ജാമ്യം അനുവദിച്ച അതേ കോടതിക്ക് ജാമ്യം റദ്ദാക്കാൻ നിയമപരമായ പരിമിതികളുണ്ട്. പ്രതിക്ക് നൽകിയ സ്വാതന്ത്ര്യം പ്രതി ദുരുപയോഗപ്പെടുത്തിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ അതേ കോടതിക്ക് ജാമ്യം റദ്ദാക്കാൻ നിയമപരമായി സാധിക്കുകയുള്ളു.