തിരുവനന്തപുരം: തലസ്ഥാനത്ത് വെച്ച് 20 കോടി രൂപ വിലവരുന്ന 10 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരനായ രാജാക്കാട് സണ്ണിയെയും 2 കൂട്ടാളികളെയും തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതി നേരിട്ടു ചോദ്യം ചെയ്തു. വായ് മൊഴിയാലോ രേഖാമൂലമായോ ഹാജരാക്കാൻ പ്രതിഭാഗത്തേക്ക് തെളിവില്ലെന്ന് പ്രതികൾ ബോധിപ്പിച്ചതിനാൽ മെയ് 26 ന് അന്തിമവാദം ബോധിപ്പിക്കാൻ കോടതി പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും ഉത്തരവിട്ടു.

കേസ് റെക്കോർഡിന്റെയും തെളിവുകളുടെയും പരിശോധനയിൽ പ്രതികളെ വെറുതെ വിടാൻ തെളിവില്ലാത്ത കേസല്ലിതെന്ന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 232 പ്രകാരം നിരീക്ഷിച്ച കോടതി അന്തിമവാദം ബോധിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. മെയ് 26 ന് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് പ്രതികളെ വീണ്ടും ഹാജരാക്കാൻ വിചാരണ കോടതി ജഡ്ജി കെ. ലില്ലി ഉത്തരവിട്ടു. പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്നാണ് കോടതി പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. വിചാരണയിൽ പ്രതികൾക്കെതിരെ കോടതി മുമ്പാകെ വന്ന പ്രതികളെ കുറ്റപ്പെടുത്തുന്ന 19 സാക്ഷിമൊഴികളും തെളിവിൽ സ്വീകരിച്ചു 41 രേഖകളും വച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതികളെ ചോദ്യം ചെയ്തത്.

അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ പ്രധാനികളായ ഇടുക്കി രാജാക്കാട് സ്വദേശികളായ രാജാക്കാട് സണ്ണിയെന്നും സണ്ണി മാത്യുവെന്നും അറിയപ്പെടുന്ന സണ്ണി ജോസഫ് (39) , സൈബു തങ്കച്ചൻ (27) , അജി ശ്രീധരൻ (40) എന്നിവരാണ് കേസിൽ വിചാരണ നേരിട്ട ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ.

വിചാരണ തീരാതെ പ്രതികൾ പുറം ലോകം കാണണ്ടെന്ന് നിരീക്ഷിച്ച് കോടതി മൂവരുടെയും ജാമ്യഹർജികൾ 2020 ജൂൺ 4 ന് തള്ളുകയും പ്രതികൾ തടവറക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ഉത്തരവിടുകയുമായിരുന്നു. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പുകളായ 29 ബി (ശശ) (സി), 29 എന്നിവ ചുമത്തിയുള്ള കുറ്റപത്രമാണ് വിചാരണക്ക് മുന്നോടിയായി കോടതി പ്രതികൾക്ക് നൽകിയത്.

വൻ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികളെ കുറ്റപത്രം സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി മൊഴി തിരുത്തിക്കാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ വിചാരണ അട്ടിമറിക്കപ്പെടും. കൂടാതെ വിചാരണക്ക് പ്രതികളെ പ്രതിക്കൂട്ടിൽ ലഭ്യമാകാത്ത അവസ്ഥ സംജാതമാകും. ഈ സാഹചര്യത്തിൽ പ്രതികൾ കൽതുറുങ്കിനുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാനും വിചാരണ വേഗത്തിൽ പൂർത്തിയാക്കാനും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു.

2018 നവംബർ 7 നാണ് കേസിനാസ്പദമായ വൻ ലഹരിമരുന്ന് കടത്ത് നടന്നത്. വിമാനത്താവളം വഴി കടത്താനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. രാജ്യാന്തര വിമാനത്താവളത്തിലൂടെ ശ്രീലങ്ക , മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് കടത്താനായാണ് ഹാഷിഷ്ൽ ഓയിൽ കടത്തിക്കൊണ്ടു വന്നത്.കടത്താൻ ഉപയോഗിച്ച സൈബു തങ്കച്ചന്റെ കാറും സിറ്റി പൊലീസ് പിടികൂടിയിരുന്നു. സണ്ണി ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലക്കേസ് പ്രതിയാണ്.

സണ്ണി രാജാക്കാട് വനമേഖലയിൽ മാസങ്ങൾ താമസിച്ച് കഞ്ചാവ് നട്ടു വളർത്തി കച്ചവടം നടത്തി വരുന്ന ആളാണ്. ഇരുപത് കിലോയോളം കഞ്ചാവ് സംസ്‌ക്കരിച്ചാണ് ഒരു കിലോ ഹാഷിഷ് ഓയിൽ യന്ത്ര സംവിധാനത്താൽ ഫാക്ടറിയിൽ ഉണ്ടാക്കുന്നത്. വിദേശത്ത് കയറ്റി അയക്കുന്ന പ്രധാന സാധനങ്ങളുടെ കുപ്പികളിലാണ് മയക്കുമരുന്ന് കടത്തുന്നത്.