ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചന്റെ ജയിൽമോചനക്കാര്യത്തിൽ തീരുമാനം നീളുന്നതിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. മണിച്ചന്റെ മോചനം സംബന്ധിച്ച് നാലുമാസമായിട്ടും ജയിൽ ഉപദേശക സമിതി തീരുമാനം വൈകിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇനിയും തീരുമാനം വൈകിയാൽ ഇടക്കാല ഉത്തരവ് ഉറക്കുമെന്നും കോടതി വ്യക്തമാക്കി.

ജയിൽ ഉപദേശക സമിതിയോട് ഫയലുകൾ ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി. മെയ് 19 നകം ഹാജരാക്കാനാണ് നിർദ്ദേശം. ചില കാരണങ്ങളുണ്ടെന്നും അത് കോടതിയിൽ പരസ്യമായി പറയാൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. കേസ് രണ്ടുമാസം കഴിഞ്ഞ് പരിഗണിക്കാൻ തീരുമാനിക്കണമെന്നും, അതിനകം അപേക്ഷയുടെ കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്നും അഭിഭാഷകൻ അറിയിച്ചു.

ഈ വാദം അംഗീകരിക്കാതിരുന്ന കോടതി, എന്താണ് തടസ്സമെന്ന് ചോദിച്ചു. സംസ്ഥാന സർക്കാരല്ല, ജയിൽ ഉപദേശകസമിതിയാണ് തീരുമാനമെടുക്കേണ്ടത്. അവർ തീരുമാനമെടുത്ത് സർക്കാരിന് നൽകുകയാണ് ചെയ്യേണ്ടത്. നാലുമാസമായിട്ടും ജയിൽ ഉപദേശക സമിതി അപേക്ഷയിൽ തീരുമാനമെടുക്കാതെ ഇരിക്കുകയാണ്. എന്താണ് കാരണമെന്നു പറയാൻ പോലും കഴിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ മുദ്ര വെച്ചകവറിൽ കോടതിയിൽ സമർപ്പിക്കാവുന്നതാണ്. അതല്ലാതെ ഇത് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. ഇത്തരത്തിലുള്ള നിലപാട് തുടർന്നാൽ കോടതിക്ക് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരും. അതിന് ഇടയാക്കരുതെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വ്യാജമദ്യദുരന്ത കേസിൽ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനിൽക്കൽ, കാഴ്ച നഷ്ടപ്പെടുത്തൽ, ചാരായത്തിൽ വിഷംകലർത്തൽ, തെളിവ് നശിപ്പിക്കൽ, സ്പിരിറ്റ് കടത്തൽ, ചാരായവിൽപ്പന തുടങ്ങിയ കുറ്റങ്ങൾക്കായി മറ്റൊരു 43 വർഷവും വിധിച്ചിരുന്നു. ജീവപര്യന്തം ജീവിതാവസാനംവരെയാണെന്നും വിചാരണചെയ്ത കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റുചില പ്രതികളുടെ ശിക്ഷയിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും മണിച്ചന്റെ ശിക്ഷ ഇളവുചെയ്തിരുന്നില്ല.

2000 ഒക്ടോബർ 31-നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിർമ്മാണത്തിനായി മണിച്ചന്റെ വീട്ടിൽ ഭൂഗർഭ അറകൾ നിർമ്മിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റിൽ മീഥൈൽ ആൾക്കഹോൾ കലർത്തി വിതരണംചെയ്യുകയായിരുന്നു. വിതരണക്കാരി ഹൈറുന്നീസ(താത്ത) തടവ് അനുഭവിക്കേ 2009-ൽ മരിച്ചു. മണിച്ചന്റെ ഡയറിയിൽനിന്ന് ചില സിപിഎം. നേതാക്കൾക്കും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കും മാസപ്പടി പണം നൽകിയതിന്റെ രേഖകൾ കണ്ടെത്തിയതും വിവാദമായിരുന്നു.