- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ഹെഡ് കോൺസ്റ്റബിളിന്റെ മകൻ; 'കിരീട'ത്തിലെ സേതുമാധവനെ പോലെ മാനസാന്തരപ്പെടാൻ നോക്കിയെങ്കിലും ക്രിമിനൽ പശ്ചാത്തലം തടസ്സമായി; വിടാതെ പിന്തുടർന്ന് നിയമം; മ്യൂസിയം നരഹത്യാ ശ്രമക്കേസിൽ ഗുണ്ടുകാട് സാബു അടക്കം മൂന്ന് പ്രതികൾക്ക് അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: മ്യൂസിയം നരഹത്യാ ശ്രമക്കേസിൽ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഗുണ്ടുകാട് സാബു അടക്കം 3 പ്രതികൾക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. മെയ് 20 നകം മ്യൂസിയം പൊലീസ് സി ഐ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടു.
ഗുണ്ടുകാട് സാബു എന്ന സാബു , രഞ്ജിത് , റെജി , ജോളി ഇസ്രു , രാജീവ് , രഞ്ജു , അമ്പിളി , മനു , കൊച്ചു ചെറുക്കനെന്ന രാജീവ് , നിഷാന്ത് , രതീഷ് എന്നിവരാണ് കേസിലെ 1 മുതൽ 11 വരെയുള്ള പ്രതികൾ. കോടതിയിൽ ഹാജരാകാത്ത ഒന്നും ഏഴും എട്ടും പ്രതികളായ സാബു , അമ്പിളി , മനു എന്നിവർക്കെതിരെയാണ് അറസ്റ്റ് വാറണ്ട്.
2014 ലാണ് സിറ്റി മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരകായുധങ്ങളുമായി സംഘം ചേർന്ന് യുവാവിനെ ആക്രമിച്ച് അസ്ഥി ഭ്രംശം സംഭവിപ്പിച്ച് കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും തലയിൽ വെട്ടിയ വെട്ട് യുവാവ് കൈ കൊണ്ട് തടഞ്ഞതിനാൽ മരണം സംഭവിക്കാതെ കൈയ്ക്കു പരിക്കേറ്റ് യുവാവ് മരണത്തിൽ നിന്ന് രക്ഷപ്പെട്ട് പ്രതികൾ നരഹത്യാ ശ്രമ കുറ്റവും കഠിന ദേഹോപദ്രവക്കുറ്റവും ചെയ്തുവെന്നാണ് കേസ്.
മുൻ പൊലീസ് ഹെഡ് കോൺസ്റ്റബിളിന്റെ ഇളയ മകനും കൊല്ലപ്പെട്ട ഗുണ്ടുകാട് ഷാജിയുടെ സഹോദരനും തലസ്ഥാനത്തെ പേരൂർക്കട ബാർട്ടൺഹിൽ സ്വദേശിയുമായ സാബു പ്രൗഡിൻ എന്ന ഗുണ്ടുകാട് സാബുവും 10 കൂട്ടു പ്രതികളുമാണ് വിചാരണ നേരിടുന്നത്. 2020 ഫെബ്രുവരി 18 നാണ് മ്യൂസിയം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 2016 ൽ സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന ബാർട്ടൺഹിൽ ആക്രമണ കേസിൽ സാബുവടക്കം 7 കൂട്ടാളികളെ ബെംഗ്‌ളുരുവിലേക്ക് കടക്കാൻ ശ്രമിക്കവേ കന്യാകുമാരിക്ക് സമീപം വച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ ഷാഡോ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
കേരള പൊലീസ് സേനയിലെ മുൻ ഹെഡ് കോൺസ്റ്റബിളിന്റെ ഇളയ മകനും ഗുണ്ടാകുടിപ്പകയിൽ കൊല്ലപ്പെട്ട ഗുണ്ടുകാട് ഷാജിയുടെ സഹോദരനുമാണ് സാബു. പിതൃ സഹോദരനും, പിതൃസഹോദരിയും നിലവിൽ പൊലീസ് സേനയിലുണ്ട്. മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം 'കിരീടം' സാബുവിന്റെ ജീവിതം ആധാരമാക്കി നിർമ്മിച്ചതാണ്.
2020ൽ മാനസാന്തരപ്പെട്ട് സിനിമാ-സീരിയൽ മേഖലയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും വിടാതെ നിഴലായി നിയമം പിന്തുടരുകയായിരുന്നു. കാന്തി എന്ന മലയാള ചലച്ചിത്രത്തിൽ മരം വെട്ടുകാരന്റെ വേഷം ചെയ്തു. ടി വി സീരിയലിലും അഭിനയിച്ചു. മുൻ കാല ക്രിമിനൽ ചരിത്രം അഭിനയത്തിന് തടസമായപ്പോൾ സംവിധാന രംഗത്തേക്ക് തിരിഞ്ഞെങ്കിലും പഴയ ക്രിമിനൽ പശ്ചാത്തലം തടസം അതിനും സൃഷ്ടിക്കുകയായിരുന്നു.