തിരുവനന്തപുരം: 2017 - ൽ പേട്ട കണ്ണമ്മൂലയിൽ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ 2 മാസം സമയം തേടി ക്രൈംബ്രാഞ്ച് വിശദീകരണം ബോധിപ്പിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായാണ് വിശദീകരണ റിപ്പോർട്ട് സമർപ്പിച്ചത്.

2017ൽ നടന്ന സംഭവത്തിന് 2020 മുതൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 2 മാസം സമയം തേടി ആവർത്തിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചതിനാൽ അന്വേഷണ ഉദ്യോഗസ്ഥനെ ഷോ കോസ് നോട്ടീസിൽ കോടതി നേരിട്ട് വിളിച്ചു വരുത്തുകയായിരുന്നു. കേസന്വേഷണ നിരീക്ഷണ ഹർജിയിൽ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കി പീരിയോഡിക്കൽ റിപ്പോർട്ട് വിളിച്ചു വരത്തവേ കേസന്വേഷണം പൂർത്തിയാക്കാൻ 2 മാസം വേണമെന്ന് തുടർച്ചയായി ക്രൈംബ്രാഞ്ച് സമാന റിപ്പോർട്ടുകൾ സമർപ്പിച്ചതിനാൽ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിലെ തുടർ നടപടികൾ കോടതി അവസാനിപ്പിച്ചു. തുടർച്ചയായി കേസന്വേഷണ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 2020 മുതൽ സമയം തേടുകയായിരുന്നു. എഫ് എസ് എൽ റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബോധിപ്പിച്ചു.

സ്വാമി ഗംഗേശാനന്ദ തീർത്ഥപാദം എന്ന ഹരികുമാർ, പെൺകുട്ടി, അയ്യപ്പദാസ്, മനോജ് മുരളി, അജിത് കുമാർ അഡീ.ഡി ജി പി ബി.സന്ധ്യ എന്നിവരെ എതിർ കക്ഷികളാക്കി 2020 ൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതി ഉത്തരവ്. 2017ൽ പേട്ട കണ്ണമ്മൂലയിൽ പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ലിംഗം മുറിച്ചതെന്നാണ് പെൺകുട്ടി ആദ്യം മൊഴി നൽകിയത്. തുടർന്ന് പെൺകുട്ടി കോടതിയിൽ നേരിട്ടു ഹാജരായി അപ്രകാരം മൊഴി നൽകിയിട്ടില്ലെന്ന് സത്യവാങ്മൂലം സമർപ്പിച്ചു. സംഭവത്തിൽ എഡിജിപി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി ഗംഗേശാനന്ദ മുമ്പ് ഡി ജി പി യ്ക്ക് പരാതി നൽകിയിരുന്നു.