- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂണ്ട ഒട്ടകം രാജേഷിന് പിടിമുറുകുന്നു; ചിറയിൻകീഴിൽ ബോംബെറിഞ്ഞ് കവർച്ച നടത്തിയ കേസിൽ രാജേഷ് അടക്കം ഏഴ് പേർക്ക് പ്രൊഡക്ഷൻ വാറണ്ട്; മുഖ്യപ്രതി പോത്തൻകോട് സുധീഷ് കൊലക്കേസിന്റെയും സൂത്രധാരൻ
തിരുവനന്തപുരം: ജയിലറക്കുള്ളിൽ കഴിഞ്ഞ് ഗുണ്ടാപ്രവർത്തനവും കഞ്ചാവ് മൊത്ത വ്യാപാരവും ചെയ്യുന്നതായി ആരോപണമുള്ള കൊടും കുറ്റവാളി ഒട്ടകം രാജേഷിന് കുരുക്ക് മുറുക്കി തലസ്ഥാനത്തെ കോടതികൾ. യുവാവിന്റെ കൈകാലുകൾ വെട്ടി മാറ്റി കാൽ അര കി. മി. ദൂരെ ബൈക്കിൽ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തൻകോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരൻ ഒട്ടകം രാജേഷിന് ചിറയിൻകീഴ് കൂട്ടായ്മ കവർച്ച കേസിൽ പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ ലില്ലിയാണ് പ്രതികളെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടത്.
2012 ൽ ഒട്ടകം രാജേഷിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് ഭവനഭേദനം നടത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൂട്ടായ്മ കവർച്ച നടത്തുകയും അലമാര കുത്തിത്തുറന്ന് മോഷണം നടത്തുകയും കൂട്ടു പ്രതികളുമായി ചേർന്ന് കളവു മുതൽ ഒളിപ്പിക്കുകയും വിൽക്കുകയും ചെയ്തുവെന്നാണ് കേസ്.
ഒട്ടകം രാജേഷ് എന്ന രാജേഷ് , വാള എന്ന അരുൺ , സുജൻ എന്ന ഉണ്ണി , വിൽസൺ എന്ന വിൻസെന്റ്, സതീശൻ എന്ന സതീഷ് , ആനന്ദ് , ഗണേശ് എന്നിവരാണ് കൂട്ടായ്മ കവർച്ച കേസിലെ 1 മുതൽ 7വരെയുള്ള പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 395 (കൂട്ടായ്മ കവർച്ച) , 461 ( വില പിടുപ്പുള്ള വകകൾ അലമാര കുത്തി തുറന്ന് കൈവശപ്പെടുത്തൽ) , 414 (കളവു മുതൽ ഒളിപ്പിക്കാനും വിൽക്കാനും സഹായിക്കൽ) , എ
ക്‌പ്ലോസീവ് സബ്സ്റ്റൻസ്' നിയമത്തിലെ 3 , 5 എന്നീ വകുപ്പുകൾ പ്രകാരം സെഷൻസ് കേസെടുത്താണ് പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.
അതേ സമയം പോത്തൻകോട് സുധീഷ് കൊലക്കേസിൽ ഒട്ടകം രാജേഷടക്കം11 പ്രതികളെ ജൂൺ 28 ന് ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ. എൻ. ബാലകൃഷ്ണൻ ഉത്തരവിട്ടു. ജാമ്യം നിരസിക്കപ്പെട്ട് റിമാന്റിൽ കഴിയുന്ന പ്രതികളുടെ റിമാന്റ് വാറണ്ടാണ് 28 വരെ ദീർഘിപ്പിച്ചത്.
ഊരുപൊയ്ക മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണി (29) , ചിറയിൻകീഴ് ആഴൂർ വിള വീട്ടിൽ രാജേഷ് എന്ന ഒട്ടകം രാജേഷ് (35) , ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയിൽ മിഠായി ശ്യാംകുമാർ (29) , ചിറയിൻകീഴ് ശാസ്ത വട്ടം സ്വദേശി മൊട്ട എന്ന നിധീഷ് (27) , ശാസ്ത വട്ടം സ്വദേശി ശ്രീക്കുട്ടൻ എന്ന നന്ദിഷ് (23) , കണിയാപുരം മണക്കാട്ടു വിളാകം രഞ്ജിത് പ്രസാദ് (28) , വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ (23) , വെഞ്ഞാറമൂട് ചെമ്പൂര് സച്ചിൻ (24) , കന്യാകുളങ്ങര കുണൂർ സൂരജ് (23) , വിഷ്ണു , വിനീത് എന്നിവരാണ് സുധീഷ് കൊലക്കേസിലെ 1 മുതൽ 11 വരെയുള്ള പ്രതികൾ.
ഒട്ടകം രാജേഷിന്റെ ഉറ്റ സുഹൃത്തും 2014 ൽ ജീവനൊടുക്കിയ തോപ്പിൽ വിനീഷിന്റെ കുഴിമാടത്തിൽ പ്രാർത്ഥിച്ചാണ് എല്ലാ കുറ്റകൃത്യങ്ങളും രാജേഷ് ആസൂത്രണം ചെയ്യുന്നത്. ഇപ്രകാരം ലഹരി മരുന്നു സംഘത്തേയും ക്വട്ടേഷൻ ഗ്യാംങുകളെയും കുഴിമാടത്തിനരികിൽ വിളിച്ചു വരുത്തിയാണ് സുധീഷിനെ കൊലപ്പെടുത്താൻ രാജേഷ് ഗൂഢാലോച നടത്തിയത്. രാജേഷിന്റെ ഉറ്റ സുഹൃത്തായ ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ മാതാപിതാക്കളെ സുധീഷ് ആക്രമിച്ചതും സുധീഷ് ഉണ്ണിയെ കൊലപ്പെടുത്താൻ 6 ലക്ഷം രൂപയുടെ ക്വട്ടേഷൻ കൊല്ലപ്പെട്ട സുധീഷ് ഏറ്റെടുത്തതുമാണ് സുധീഷിനെ കൊലപ്പെടുത്താനുള്ള വിരോധ കാരണമായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഒട്ടകം രാജേഷിന്റെ പേരിൽ 28 ക്രൈം കേസുകളുണ്ട്.
കൊല്ലപ്പെട്ട സുധീഷ് പട്ടികജാതിയിൽപ്പെട്ടയാളായതിനാൽ പട്ടികജാതി അതിക്രമം തടയൽ നിയമ പ്രകാര പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143 ,144 , 147 (ലഹളയുണ്ടാക്കാൻ ന്യായവിരോധമായി മാരകായുധങ്ങളുമായി സംഘം ചേരൽ) ,149 ( ന്യായവിരോധ സംഘത്തിലെ അംഗമാകൽ) , 120 - ബി (ക്രിമിനൽ ഗൂഢാലോചന) , 294 - ബി (അസഭ്യം വിളിക്കൽ) , 341 ( അന്യായ തടസ്സം ചെയ്യൽ) , 324 ( മാരകായുധം കൊണ്ട് ദേഹോപദ്രവമേൽപ്പിക്കൽ) , 326 (കാൽ മുറിച്ചു മാറ്റിയതടക്കമുള്ള കഠിന ദേഹോപദ്രവമേൽപ്പിക്കൽ) , 449 ( വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിലേക്കായുള്ള ഭവനഭേദനം) , 302 (കൊലപാതകം) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ തെളിവ് നശിപ്പിക്കലും കളവായ വിവരം നൽകലും) , ആയുധ നിയമത്തിലെ 27 , എസ് സി എസ് റ്റി നിയമത്തിലെ 3 (2)(5) വകുപ്പുകൾ പ്രകാരമാണ് കോടതി സെഷൻസ് കേസെടുത്തത്.
2021 ഡിസംബർ 11 പട്ടാപ്പകൽ 2.45 മണിക്കാണ് പോത്തൻകോട് കല്ലൂർ കോളനിയിലെ വീട് വളഞ്ഞ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്നാണ് സുധീഷിനെ കൊലപ്പെടുത്തിയത്. രാജേഷടക്കം 11 പേർ 2 ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായെത്തിയാണ് പ്രദേശവാസികളുടെയും പിഞ്ചു കുട്ടികളുടെയും മുന്നിലിട്ട് സുധീഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്. സമീപ വീടുകളിലും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ച് സ്ഥലവാസികളെ ഭയപ്പെടുത്തിയാണ് പ്രതികൾ കൃത്യം നിർവ്വഹിച്ചത്. ഭീഷണി മുഴക്കി സാക്ഷികളെ ഭയപ്പെടുത്തി കൊല നടത്തുന്നതാണ് ഒട്ടകം രാജേഷിന്റെ മോഡസ് ഓപ്പറാന്റി (കൃത്യം നടപ്പാക്കൽ രീതി).