തിരുവനന്തപുരം: തലസ്ഥാനത്തെ പൂജപ്പുര സെൻട്രൽ ജയിൽ ചാടിയ കേസിൽ പ്രതിയായ ജാഹിർ ഹുസൈനെ ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ചാല ജുവല്ലറി ഉടമയുടെ കവർച്ചാ കൊലപാതകക്കേസിൽ ജീവപര്യന്ത തടവു ശിക്ഷാ പ്രതിയായി ജയിലിൽ കഴിയുന്ന തമിഴ്‌നാട് തൂത്തുക്കുടി കായൽ പട്ടണം സ്വദേശി ജാഹിർ ഹുസൈനാണ് ജയിൽ ചാട്ടക്കേസിലെ ഏക പ്രതി. ഇയാളെ ജൂൺ 8 ന് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് എ സി ജെ എം ഷിബു ഡാനിയേൽ ഉത്തരവിട്ടത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 225 ബി (നിയമാനുസൃതം തടഞ്ഞുവെച്ചിട്ടുള്ള കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടൽ) എന്ന വകുപ്പ് പ്രകാരം കലണ്ടർ കേസെടുത്താണ് പ്രതിയെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. 2021 സെപ്റ്റംബർ 7 ന് ജയിൽ ചാടി പോയ ശേഷം ജാഹിർ ഹുസൈൻ ഭാര്യക്കും മകനുമൊപ്പം 2021 സെപ്റ്റംബർ 18 ന് 12 മണിയോടെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഹുസൈൻ 2017 ൽ ചാല സ്വർണ്ണക്കടയുടമയെ കൊലപ്പെടുത്തി ആഭരണം കവർന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരവേയാണ് ജയിൽ ചാടിയത്.

കഠിന തടവു ശിക്ഷാ പ്രതിയായതിനാൽ ഇയാളെ ജയിൽ ചുറ്റുമതിലിന് ചേർന്നുള്ള അലക്കു യന്ത്രത്തിലായിരുന്നു ജോലിക്ക് നിയോഗിച്ചിരുന്നത്. പതിവു പോലെ രാവിലെ സെൽ തുറന്ന് 7.30 മണിയോടെ ഇയാളെ ഇവിടെ ജോലിക്കെത്തിച്ചു. എന്നാൽ വൈകിട്ട് 5 മണിക്ക് തടവുകാരുടെ എണ്ണമെടുത്ത് സെൽ പൂട്ടുന്ന സമയത്താണ് രക്ഷാപ്രതി ജയിൽ ചാടിയ വിവരം അധികൃതർ അറിയുന്നത്. സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവ്വഹണ വീഴ്ചക്ക് അസി. പ്രിസണർ പി.എസ്. അമലിനെ സസ്‌പെന്റ് ചെയ്തിരുന്നു.

റോഡിലെ സി സി റ്റി വി പരിശോധനയിൽ ഹുസൈൻ ജയിൽചാടിയ ശേഷം രാജീവ് ഗാന്ധി ബയോടെക് സ്ഥാപത്തിന്റെ ഭാഗത്ത് എത്തി ഓട്ടോയിൽ രക്ഷപ്പെട്ട് ബസിൽ തമിഴ്‌നാട് റൂട്ട് പോയതായി കണ്ടെത്തിയിരുന്നു. പ്രത്യേക സംഘം അന്വേഷിച്ചിട്ടും തുമ്പ് കിട്ടാതിരുന്നപ്പോഴാണ് 10 ദിവസത്തിന് ശേഷം പ്രതി നാടകീയമായി കോടതിയിൽ കീഴടങ്ങിയത്.

ജയിൽ വളപ്പിൽ നിന്നിറങ്ങിയ ഇയാൾ തമ്പാനൂരിലേക്ക് പോയ ഓട്ടോയ്ക്ക് കൂലി കൊടുത്തിരുന്നു. തടവുകാർക്ക് ജയിലിൽ നിന്ന് നൽകുന്ന കൂലിയാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ബസിൽ കളിയിക്കാവിള കടന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തടവുകാരൻ രക്ഷപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് പൊലീസിന് വിവരം ലഭിച്ചത്. ജയിൽ ബ്ലോക്കിൽ നിന്ന് തടവുകാരെ ജയിൽ വളപ്പിലേക്ക് ഗ്യാങ് ജോലിക്കായി കൊണ്ടു പോകുമ്പോൾ 6 തടവുകാർക്ക് ഒരു ഉദ്യോഗസ്ഥനെ വീതം മേൽനോട്ടത്തിന് നിയോഗിക്കാറുള്ളത്. ജാഹിർ ഹുസൈന്റെ ഗ്യാങ്ങിൽ അയാളുൾപ്പെടെ 2 തടവുകാരാണുണ്ടായിരുന്നത്.

ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് തടവുകാരെ പുറം യൂണിറ്റുകളിൽ ജോലിക്ക് നിയോഗിക്കുന്നത്. രക്ഷപ്പെടാൻ സാധ്യതയുള്ള അലക്കു കേന്ദ്രത്തിൽ തടവുകാരനെ നിർത്തിയിട്ട് മേൽനോട്ട ഉദ്യോഗസ്ഥനായ അസി. പ്രിസണർ മറ്റൊരു തടവുകാരനുമായി പ്രഭാത ഭക്ഷണം എടുക്കാൻ ജയിൽ വളപ്പിലേക്ക് കയറിയത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ. ഈ വീഴ്ച മുതലെടുത്താണ് പ്രതി രക്ഷപ്പെട്ടത്. അലക്കു കേന്ദ്രത്തിൽ നിന്നായതിനാൽ വസ്ത്രം മാറി രക്ഷപ്പെടാനും അവസരം ലഭിച്ചു.

സംഭവത്തെ തുടർന്ന് ജയിൽ ജീവനക്കാരുടെ ഡ്യൂട്ടി ക്രമത്തിൽ മാറ്റം വരുത്തി. അസി. പ്രിസണർമാർക്ക് 2 ഡ്യൂട്ടി അടുപ്പിച്ച് നൽകിയിരുന്നത് നിർത്തലാക്കി. 24 മണിക്കൂർ ജോലി ചെയ്യുന്നവർക്ക് പിറ്റേന്ന് അവധി നൽകിയിരുന്നു. ഇതിന് പകരം ആഴ്ചയിൽ ഒരു അവധി വീതം ഏർപ്പെടുത്തി. ഇതോടെ കൂടുതൽ ജീവനക്കാരെ ഡ്യൂട്ടിക്ക് ലഭിക്കുന്ന അവസ്ഥ സംജാതമായി.