- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ കേസ്; ലിഗയുടെ ഫോട്ടോ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞു; പോത്തൻകോട്ട് നിന്നും കോവളം ബീച്ചിലേക്ക് തന്റെ ഓട്ടോയിൽ യുവതി സവാരി ചെയ്തതായും ഡ്രൈവർ കോടതിയിൽ
തിരുവനന്തപുരം: കൂട്ട ബലാൽസംഗത്തിനും ക്രൂര കൊലപാതകത്തിനും ഇരയായ ലാത്വിയൻ യുവതിയുടെ ഫോട്ടോ കണ്ട് ഓട്ടോ ഡ്രൈവർ യുവതിയെ കോടതിയിൽ തിരിച്ചറിഞ്ഞു സാക്ഷി മൊഴി നൽകി. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് അഞ്ചാം സാക്ഷിയായ പോത്തൻകോട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർ വട്ടപ്പാറ സ്വദേശി ഷാജി എന്ന സന്തോഷ് കുമാർ മൊഴി നൽകിയത്.
പോത്തൻകോട് ആയുർവ്വേദ റിസോർട്ടിന് സമീപമുള്ള മരുതംമൂട് ജംഗ്ഷനിൽ നിന്ന് ഓടി വന്ന് ഓട്ടോയിൽ കയറി ' ബീച്ച് ബീച്ച് '' എന്നാവശ്യപ്പെട്ട് സവാരി ചെയ്യവേ കോവളം ബീച്ചിൽ എത്തിക്കണമെന്നാവശ്യപ്പെടുകയും യാത്രക്കിടയിൽ തന്റെ തോളിൽ തട്ടി സ്‌മോക്കിങ് ചെയ്‌തോട്ടേയെന്ന് ചോദിച്ചതായും താൻ നോ പ്രോബ്ലം എന്ന് പറയവേ പുകവലിച്ചതായും കോവളം ബീച്ചിൽ ഇറക്കിവിടുകയും ചെയ്തു.. യുവതിയുടെ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന 750 രൂപ ഓട്ടോ ചാർജ് തന്നതായും 50 രൂപ തിരികെ കൊടുക്കവേ 'കീപ്പ് ഇറ്റ് അപ്' എന്നു പറഞ്ഞ് കോവളം ഗ്രോ ബീച്ച് മുസ്ലിം പള്ളി ഭാഗത്തേക്ക് പോയതായും മൊഴി നൽകി. ടീ ഷർട്ടും കാൽ മുട്ടിന് താഴെ വരുന്ന പൈജാമയുമാണ് ധരിച്ചിരുന്നത്. സാക്ഷി തിരിച്ചറിഞ്ഞ യുവതിയുടെ ഫോട്ടോ വിചാരണ കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണൻ പ്രോസിക്യൂഷൻ ഭാഗം ആറാം രേഖയാക്കി തെളിവിൽ സ്വീകരിച്ചു.
2018 മാർച്ചു മാസം ചന്ത ദിവസമായ ബുധനോ ശനിയാഴ്ചയോ ആണ് യുവതി ഓട്ടോയിൽ സവാരി വന്നത്. രാവിലെ 7 മണിക്കാണ് യുവതി ഓട്ടോയിൽ കയറിയത്. 8.15 മണിയോടെയാണ് ബീച്ചിലെത്തിയത്. അന്ന് ഉച്ചക്ക് 12.30 മണിയോടെ തന്റെ ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് താൻ സവാരി കൊണ്ടു പോയ യുവതി പോത്തൻകോട് ആയുർവേദ റിസോർട്ടിൽ ചികിത്സക്ക് വന്നതാണെന്നും റിസോർട്ടുകാരുടെ കണ്ണ് വെട്ടിച്ച് അവിടെ നിന്ന് കടന്നതാണെന്നും റിസോർട്ടുകാർ യുവതിയെ തിരക്കി വന്നിട്ടുണ്ടെന്നും പറഞ്ഞു.
അന്ന് തന്നെ വൈകിട്ട് 6 മണിക്ക് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ തന്നെ വിളിപ്പിച്ച് മൊഴിയെടുത്തു. യുവതിയുടെ മൃതദേഹം വീണ്ടെടുത്ത ശേഷം തന്റെ ഓട്ടോ അട്ടക്കുളങ്ങര ഫോർട്ട് അസി.കമ്മീഷണർ ഓഫീസിൽ ഹാജരാക്കി. യുവതി ഓട്ടോയിൽ നിന്നിറങ്ങിയ സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തു. തുടർന്ന് കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ തിരികെ തന്നതിന് താൻ ഒപ്പിട്ടു കൊടുത്ത മൂന്നാം സ്ഥാനകച്ചീട്ടാണ് ഇപ്പോൾ തന്നെ കാണിച്ചതെന്നും അതിൽ കാണുന്ന ഒപ്പ് തന്റേതാണെന്നും സാക്ഷിമൊഴി നൽകി. മൂന്നാം സ്ഥാനകച്ചീട്ട് പ്രോസിക്യൂഷൻ ഭാഗം ഏഴാം രേഖയായി കോടതി തെളിവിൽ സ്വീകരിച്ചു.
കോടതിയിൽ സന്നിഹിതയായിരുന്ന യുവതിയുടെ സഹോദരി ഇൽസ സാക്ഷിമൊഴി കേട്ട് സങ്കടത്തോടെ വികാരാധീനയായി കാണപ്പെട്ടു. യാതൊരു കൂസലുമില്ലാതെയാണ് പ്രതിക്കൂട്ടിൽ നിന്ന് പ്രതികൾ വിചാരണ വീക്ഷിച്ചത്. വിദേശ വനിതയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയിൽ പുരോഗമിക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366 (അവിഹിത സംഗത്തിന് വേണ്ടി സ്ഥലത്തു നിന്ന് പ്രചോദിപ്പിച്ച് കൊണ്ടു പോയുള്ള ആൾ മോഷണം) , 328 (കുറ്റം ചെയ്യുന്നത് സുകരമാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ലഹരി പിടിപ്പിക്കുന്ന സാധനം കൊടുക്കൽ) , 342 ( അന്യായമായി തടഞ്ഞു വയ്ക്കൽ) , 376 എ (പീഡനത്തിനിരയായ ആൾക്ക് മരണം ഉളവാക്കുകയോ ജഡാവസ്ഥയ്ക്ക് ഇടവരുത്തുകയോ ചെയ്യൽ) , 376 ഡി (കൂട്ടബലാൽസംഗം) , 302 ( കൊലപാതകം) , 201( തെളിവു നശിപ്പിക്കുകയും വ്യാജമായ വിവരം നൽകുകയും ചെയ്യൽ) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ പലരും കൂടി ചെയ്യുന്ന കൃത്യങ്ങൾ) എന്നീ കുറ്റങ്ങൾ വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ ചുമത്തിയാണ് കേസ് വിചാരണ ചെയ്യുന്നത്.
2018 മാർച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തിയ പ്രതികൾ ലാത്വിയൻ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്നും കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നൽകാമെന്നും പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി വിജനമായ കുറ്റിക്കാട്ടിൽ വഞ്ചിയിൽ കയറ്റി കൊണ്ടുപോയി കഞ്ചാവ് ബീഡി നൽകി മയക്കി പീഡിപ്പിച്ചു. ഉറക്കമുണർന്ന ശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെ തുടർന്ന് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴിയായി പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്. കൊലക്ക് ശേഷം പ്രതികൾ കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷൻ കേസ്.