- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിഗ വധക്കേസ്; ഫോട്ടോ കാണിച്ചപ്പോൾ പ്രതി ഉദയകുമാർ യുവതിയെ അറിയില്ലെന്ന് പറഞ്ഞതായി സാക്ഷി; പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: - കൂട്ട ബലാൽസംഗ - ക്രൂര കൊലപാതകത്തിനിരയായ ലാത്വിയൻ യുവതിയുടെ സോഷ്യൽ മീഡിയയിൽ വന്ന ഫോട്ടോ കാണിച്ചപ്പോൾ രണ്ടാം പ്രതി ഉദയകുമാർ യുവതിയെ അറിയില്ലെന്ന് പറഞ്ഞതായി കുറ്റപത്രത്തിലെ പതിനാറാം സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം ആറാം സാക്ഷിയുമായ പാച്ചല്ലൂർ സ്വദേശി നികേഷ് മൊഴി നൽകി.
തനിക്ക് ആലൂമിനിയം ഫാബ്രിക്കേഷൻ ജോലിയാണ്. പ്രതിക്കൂട്ടിൽ നിൽക്കുന്ന രണ്ടു പ്രതികളും തന്റെ സുഹൃത്തുക്കളാണെന്ന് പ്രതികളെ തലസ്ഥാനത്തെ വിചാരണ കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ മുമ്പാകെ ചൂണ്ടിക്കാട്ടി തിരിച്ചറിഞ്ഞാണ് മൊഴി നൽകിയത്. ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച വാർത്ത കണ്ടാണ് യുവതിയുടെ ഫോട്ടോ കാണിച്ചത്. ആ മദാമ്മയെ പ്രതികൾക്ക് അറിയാമെന്ന് ലാലുച്ചേട്ടൻ തന്നോടു പറഞ്ഞിട്ടുണ്ട്. ആ മദാമ്മയുടെ മൃതശരീരം കണ്ടെത്തുന്നതിന് ഉദ്ദേശം 10 - 15 ദിവസം മുമ്പാണ് ഫോട്ടോ സോഷ്യൽ മീഡിയയിൽ താൻ കണ്ടത്. പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങാനുള്ള പേടി കാരണമാണ് താൻ ഇക്കാര്യം ആദ്യം പൊലീസിൽ പറയാത്തതെന്നും സാക്ഷിമൊഴി നൽകി.
കൊലയ്ക്ക് ശേഷം മൃതദേഹത്തിൽ പുതപ്പിച്ച ജാക്കറ്റ് പ്രതികൾക്ക് വിറ്റ ഉമ്മർ ഖാനെ ബുധനാഴ്ച വിസ്തരിക്കും. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. ലിഗയുടെ സഹോദരി ഇൽസ വിതുമ്പിയാണ് സാക്ഷി വിസ്താരം കേട്ടത്. യാതൊരു കൂസലുമില്ലാതെയാണ് പ്രതിക്കൂട്ടിൽ നിന്ന് പ്രതികൾ വിചാരണ വീക്ഷിച്ചത്.