- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാത്വിയൻ യുവതി ലിഗയെ കൊലപ്പെടുത്തിയ കേസ്: പ്രോസിക്യൂഷൻ സാക്ഷി കൂറുമാറി; പ്രതികളെ തനിക്ക് അറിയില്ലെന്നും തനിക്ക് ജാക്കറ്റ് വിൽക്കാൻ വന്നിട്ടില്ലെന്നും ഉമ്മർ ഖാൻ; രൂക്ഷമായി ശകാരിച്ച് വിചാരണ കോടതി
തിരുവനന്തപുരം: കൂട്ട ബലാൽസംഗത്തിനും, ക്രൂര കൊലപാതകത്തിനും ഇരയായ ലാത്വിയൻ യുവതിയുടെ മൃതദേഹത്തിൽ പ്രതികൾ പുതപ്പിച്ച കടും പച്ച നിറത്തിലുള്ള ജാക്കറ്റ് സംഭവത്തിന് മുമ്പ് പ്രതികൾ വിൽക്കാൻ ശ്രമിച്ച കോവളം ഗ്രോബീച്ചിൽ ഫാൻസി - ബർമുഡ കച്ചവടക്കാരൻ ഉമ്മർ ഖാൻ കൂറുമാറി പ്രതിഭാഗം ചേർന്നു. കുറ്റപത്രത്തിലെ ഒമ്പതാം സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം ഏഴാം സാക്ഷിയുമായ ഇയാൾ ഒന്നാം തൊണ്ടി മുതലായ ജാക്കറ്റ് കോടതിയിൽ തിരിച്ചറിഞ്ഞതുമില്ല.
ഒന്നാം പ്രതി ഉമേഷ് ജാക്കറ്റ് വിൽക്കാൻ കൊണ്ടു വന്നുവെന്നും മുഷിഞ്ഞു പഴകിയതിനാൽ താനത് വാങ്ങിയില്ലെന്നുമുള്ള പൊലീസിന് നൽകിയ മൊഴിയാണ് കോടതിയിൽ തിരുത്തിയത്. പ്രതികളെ അറിയില്ലെന്നും ജാക്കറ്റ് വിൽക്കാൻ വന്നില്ലെന്നും മൊഴി നൽകി. കുറു മാറിയ സാക്ഷിയെ ക്രോസ് വിസ്തരിക്കാൻ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 154 പ്രകാരം വിചാരണ ജഡ്ജി കെ.കെ.ബാലകൃഷ്ണൻ പ്രോസിക്യൂഷന് അനുമതി നൽകി.
ലൈസൻസില്ലാതെ കട പ്രവർത്തിപ്പിച്ചതിന് കോടതി ഉമ്മർ ഖാനെ രൂക്ഷമായി ശകാരിച്ചു. കട പ്രവർത്തിക്കുന്ന ബിൽഡിംഗിന്റെ ഉടമയായ കോവളം മുസ്ലിം ജമാഅത്തിനെയും സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാത്ത തിരുവനന്തപുരം കോർപ്പറേഷനെയും കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം അതിക്രമങ്ങൾക്കെല്ലാം കാരണം ലൈസൻസില്ലാത്ത ഇത്തരം സ്ഥാപനങ്ങളാണെന്നും വിധിന്യായത്തിൽ ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകുമെന്നും കോടതി രൂക്ഷമായ ഭാഷയിൽ പറഞ്ഞു.
അതേ സമയം പ്രതികളെ പ്രോസിക്യൂഷൻ ഭാഗം എട്ടാം സാക്ഷി പാറമടയ്ക്ക് സമീപം താമസം ബിനു കോടതിയിൽ തിരിച്ചറിഞ്ഞു. പ്രതിക്കൂട്ടിൽ നിൽക്കുന്ന രണ്ടു പ്രതികളെയും കണ്ടിട്ടുണ്ട്. പ്രതികൾ 2 പേർ മാത്രമാണ് വിദേശ വനിതയുടെ മൃതദേഹം കണ്ട
കണ്ടൽക്കാട്ടിൽ പോകാറുള്ളത് എന്ന് നാട്ടുകാർക്കെല്ലാം അറിയാം.
താനും മഹേന്ദ്രനും ആഴ്ചയിൽ 2 ദിവസം പണം വെച്ചുള്ള ചീട്ടുകളി സംഘടിപ്പിക്കാറുണ്ട്. കൂനം തുരുത്തിൽ ആളൊഴിഞ്ഞ വീട്ടിൽ രാത്രി 10 മണി മുതൽ പിറ്റേന്ന് വെളുപ്പിന് 3.30 മണി വരെ കളി തുടരും. കെട്ടിട ഉടമ പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞതിനാൽ 2018 ഏപ്രിൽ 9 ന് വാഴമുട്ടത്ത് വേറെ കളിസ്ഥലം അന്വേഷിച്ചു പോയി. കണ്ടൽക്കാട് നിറഞ്ഞ സ്ഥലത്തെത്തി ചീട്ടുകളിക്കാൻ പറ്റിയ സ്ഥലമാണെന്ന് കണ്ടെത്തി. കുറച്ചു ദൂരം പോയപ്പോൾ ആറ്റിനടുത്ത് കാട്ടിൽ പശുവിന്റെ വേസ്റ്റ് പോലെ വള്ളികൾക്കിടയിൽ കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ തലയില്ലാത്ത മനുഷ്യ ശരീരമാണെന്ന് മനസ്സിലായി. പ്രതികൾ രണ്ടു പേരും അവിടെ മീൻ പിടിക്കാനും മദ്യപിക്കാനും പോകാറുള്ളത് തനിക്കറിയാമെന്നും അവിടെ നിന്നും 150 മീറ്റർ മാറി മാത്രമാണ് 2 വീടുകളുള്ളതെന്നും ബിനു മൊഴി നൽകി.
ലിഗയുടെ സഹോദരി ഇൽസ കണ്ണുകൾ ഈറനണിഞ്ഞാണ് വിചാരണ കേട്ടത്. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. .
വിദേശ വനിതയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയിൽ പുരോഗമിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366 (അവിഹിത സംഗത്തിന് വേണ്ടി സ്ഥലത്തു നിന്ന് പ്രചോദിപ്പിച്ച് കൊണ്ടു പോയുള്ള ആൾ മോഷണം) , 328 (കുറ്റം ചെയ്യുന്നത് സുകരമാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ലഹരി പിടിപ്പിക്കുന്ന സാധനം കൊടുക്കൽ) , 342 ( അന്യായമായി തടഞ്ഞു വയ്ക്കൽ) , 376 എ (പീഡനത്തിനിരയായ ആൾക്ക് മരണം ഉളവാക്കുകയോ ജഡാവസ്ഥയ്ക്ക് ഇടവരുത്തുകയോ ചെയ്യൽ) , 376 ഡി (കൂട്ടബലാൽസംഗം) , 302 ( കൊലപാതകം) , 201( തെളിവു നശിപ്പിക്കുകയും വ്യാജമായ വിവരം നൽകുകയും ചെയ്യൽ) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ പലരും കൂടി ചെയ്യുന്ന കൃത്യങ്ങൾ) എന്നീ കുറ്റങ്ങൾ വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ ചുമത്തിയാണ് കേസ് വിചാരണ ചെയ്യുന്നത്.
2018 മാർച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തിയ പ്രതികൾ ലാത്വിയൻ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്നും കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നൽകാമെന്നും പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി വിജനമായ കുറ്റിക്കാട്ടിൽ വഞ്ചിയിൽ കയറ്റി കൊണ്ടുപോയി കഞ്ചാവ് ബീഡി നൽകി മയക്കി രണ്ടു പ്രതികളും 3 പ്രാവശ്യം മാറി മാറി പീഡിപ്പിച്ചു. ഉറക്കമുണർന്ന ശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെ തുടർന്ന് കഴുത്തു ഞെരുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴിയായി പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്. കൊലക്ക് ശേഷം പ്രതികൾ കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷൻ കേസ്.