തിരുവനന്തപുരം: യൂട്യൂബറെ ആക്രമിച്ച കേസിൽ, പ്രതികളായ സിനിമാ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കം 3 പ്രതികൾ ബുധനാഴ്ച കോടതിയിൽ ഹാജരായില്ല. തുടർന്ന് മാർച്ച് 3 ന് എല്ലാ പ്രതികളും ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ജുഡീഷ്യൽ മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രനാണ് കേസ് പരിഗണിക്കുന്നത്. യൂട്ഊബർ വിജയ്.പി.നായരെ തമ്പാനൂർ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയേറ്റം ചെയ്ത് ലാപ്‌ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന, കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് ഹാജരാകേണ്ടത്.

തമ്പാനൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് വിചാരണക്കായി പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തമ്പാനൂർ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനാൽ കേസന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണമെന്നാവശ്യപ്പെട്ട് മെൻസ് റൈറ്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സമർപ്പിച്ച നിരീക്ഷണ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ കോടതി അന്വേഷണ തൽസ്ഥിതിയുടെ പീരിയോഡിക്കൽ റിപ്പോർട്ടുകൾ വിളിച്ചു വരുത്തിയതോടെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.