- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി ഐ കൈക്കൂലി വാങ്ങിയ വിജിലൻസ് കേസ്; സീനിയർ സി.പി.ഒ.യെ കൂട്ടു പ്രതിയാക്കി; സി ഐ, എസ് എം നിയാസ് കൈക്കൂലി വാങ്ങിയത് കള്ളനോട്ട് കേസിൽ കൂറുമാറാൻ
തിരുവനന്തപുരം: കള്ളനോട്ട് കേസിൽ മൊഴി തിരുത്തി കൂറു മാറി പ്രതിഭാഗം ചേരാൻ സർക്കിൾ ഇൻസ്‌പെക്ടർ കൈക്കൂലി വാങ്ങിയ വിജിലൻസ് കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറെ സർക്കിൾ ഇൻസ്‌പെക്ടറുടെ കൂട്ടു പ്രതിയാക്കി അഡീഷണൽ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതിയിൽ സമർപ്പിച്ചു. കൈക്കൂലിക്കേസിനൊപ്പം സിഐ , സീനിയർ സി പി ഒ എന്നിവരുടെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കുന്ന തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ സെല്ലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വിജിലൻസ് കെണി വച്ച് പിടിക്കുന്ന ട്രാപ്പല്ലാത്ത കൈക്കൂലി കേസന്വേഷണത്തിൽ സിഐക്കൊപ്പം സീനിയർ സി പി ഒ കൂടി കൃത്യത്തിൽ ഉൾപ്പെട്ടതായി വെളിപ്പെട്ടതിനാലാണ് വിജിലൻസ് ജഡ്ജി ജി. ഗോപകുമാർ മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലെ പ്രതിയായ ഇടുക്കി ഉപ്പുതറ സർക്കിൾ ഇൻസ്‌പെക്ടർ എസ്. എം. നിയാസിന്റെ കൂട്ടു പ്രതിയായി സീനിയർ സി പി ഒ ടോണി തോമസിനെയാണ് രണ്ടാം പ്രതി സ്ഥാനത്ത് ചേർത്തത്. കൈക്കൂലിപ്പണം ട്രാൻസ്ഫർ ചെയ്തയച്ചത് തിരുവനന്തപുരം ജില്ലയിൽ നിന്നായതിനാലാണ് തലസ്ഥാന ജില്ലയിലെ വിജിലൻസ് സ്‌പെഷ്യൽ സെൽ സംഭവത്തിൽ എഫ് ഐ ആർ ഇട്ടത്.
നിയാസ് ഡിറ്റക്റ്റ് ചെയ്ത കള്ളനോട്ട് കേസ് വിചാരണയിൽ പ്രതിക്കനുകൂലമായി മൊഴി നൽകാൻ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട് പ്രതിയിൽ നിന്നും തിരുവനന്തപുരത്തെ ദേശസാൽകൃത ബാങ്കിന്റെ ശാഖ വഴി അക്കൗണ്ട് ട്രാൻസ്ഫർ മുഖേന സി ഐ തുക മാറിയെടുത്തുവെന്നാണ് കേസ്. സീനിയർ സി പി ഒ യും പ്രതിയിൽ നിന്നും 1500 രൂപ വാങ്ങിയതായി തെളിഞ്ഞതിനെ തുടർന്നാണ് ടോണി തോമസിനെ രണ്ടാം പ്രതിസ്ഥാനത്ത് ചേർത്ത് പ്രതിപ്പട്ടിക വിപുലീകരിച്ചത്. കെണിപ്പണ ട്രാപ്പും ഫിനോഫ്തലിൻ ടെസ്റ്റും സ്‌പോട്ട് അറസ്റ്റും റിമാന്റും മറി കടക്കാൻ കൈക്കൂലിപ്പണം പൊലീസുദ്യോഗസ്ഥർ ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങിയിട്ടും നിയമം രക്ഷക്കെത്തിയില്ല.
പ്രതികളുടെ ഔദ്യോഗിക - സ്വ വസതികൾ സംയുക്തമായി റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച പ്രാമാണിക തെളിവുകളുടെ വെളിച്ചത്തിൽ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിച്ചു വരികയാണ്. പൊതു സേവകൻ നേരിട്ടോ മറ്റാരെങ്കിലും വഴിയോ പണം ഭൗതികമായി ആവശ്യപ്പെട്ട് കൈപ്പറ്റുന്ന അവസരങ്ങളിൽ മാത്രമേ പരാതിക്കാരനെ ഡക്കോയി വിറ്റ്‌നസ് (വശീകരണ സാക്ഷി) ആക്കി ഫിനോഫ്തലിൻ പൊടി തൂകിയ നോട്ടുകൾ നൽകി വിജിലൻസ് കെണിയൊരുക്കി മറഞ്ഞ് നിന്ന് തൊണ്ടി സഹിതം സ്‌പോട്ട് അറസ്റ്റിൽ പിടികൂടാൻ വിജിലൻസ് പൊലീസിന് സാധിക്കുകയുള്ളു.
നോട്ടു നമ്പരുകൾ എൻട്രസ്റ്റ്‌മെന്റ് മഹസറിൽ രേഖപ്പെടുത്തി ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ നൽകാനായി പാരാതിക്കാരന്റെ കൈവശം നോട്ടുകൾ നൽകി ഒപ്പം അനുഗമിക്കുന്നതാണ് രീതി. ഉദ്യോഗസ്ഥൻ പണം കൈപ്പറ്റിയതായ സിഗ്‌നൽ ലഭിച്ചയുടൻ വിജിലൻസ് കൊണ്ടു വരുന്ന പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ പൊതുസേവകന്റെ കൈവിരലുകൾ മുക്കി ലായനി പിങ്ക് നിറമായി മാറിയുള്ള ഫിനോഫ്തലിൻ ടെസ്റ്റിലൂടെയാണ് ഉദ്യോഗസ്ഥൻ കൈക്കൂലിപ്പണം കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിയുന്നത്. ട്രാപ്പും സ്‌പോട്ട് അറസ്റ്റും നടന്നിട്ടില്ലെങ്കിലും ട്രാപ്പിന് സമാനമായി ഉദ്യോഗസ്ഥൻ ബാങ്ക് അക്കൗണ്ടു വഴി കൈക്കൂലിപ്പണം കൈപ്പറ്റിയതായി പ്രഥമദൃഷ്ട്യാ തെളിവിൽ വരികയായിരുന്നു.