- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് എസ് എൽ സി ചോദ്യ പേപ്പർ ചോർത്തൽ കേസ്; പ്രിന്റർക്ക് കാലാവധി നീട്ടി നൽകിയത് പരീക്ഷാ ഭവൻ സെക്രട്ടറിയുടെ ശക്തമായ ശുപാർശയെ തുടർന്ന്; കോടതിയിൽ ഡിപിഐയുടെ സാക്ഷിമൊഴി
തിരുവനന്തപുരം: പരീക്ഷാഭവൻ സെക്രട്ടറിയുടെ ശക്തമായ ശുപാർശയാലാണ് ചോർത്തിയ പ്രിന്റർക്ക് കാലാവധി നീട്ടി നൽകിയതെന്ന് ഡി പി ഐയുടെ സാക്ഷിമൊഴി. സംസ്ഥാന എസ് എസ് എൽ സി ചോദ്യ പേപ്പർ പ്രസ്സിൽ നിന്നും ചോർത്തി വിറ്റെന്ന സിബിഐ കേസിലാണ് പ്രതികളെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴി കോടതി മുമ്പാകെ വന്നത്.
വിചാരണ കോടതിയായ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ മുമ്പാകെ 26-ാം സാക്ഷിയായി മൊഴി നൽകവേയാണ് ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്റ്റർ അജിത് കുമാർ ഐ എ എസ് ഇക്കാര്യം വ്യക്തമാക്കിയത്. ചേർച്ച അറിഞ്ഞയുടൻ പ്രിന്റർക്ക് നൽകാനായി താൻ പാസാക്കിയ ചെക്ക് ഉടൻ തടഞ്ഞു വെച്ചു. തുക പാസാക്കി നൽകാനുള്ള പരീക്ഷാ ഭവൻ സെക്രട്ടറിയുടെ നോട്ട് താനാണ് സർക്കാരിലേക്കയച്ചത്.
ഫിനാൻസ് ഓഫീസറുടെ നോട്ടിന് താഴെ തന്റെ ഇനീഷ്യൽ ഒപ്പുണ്ട്. മണി പ്രിന്റേഴ്‌സിന് അച്ചടിക്കരാർ കാലാവധി നീട്ടി നൽകാനുള്ള സെക്രട്ടറിയുടെ നോട്ട് 2004 നവംബറിലാണ് തനിക്ക് സമർപ്പിക്കുന്നത്. ഡെപ്യൂട്ടി സെക്രട്ടറി ലിലാ തങ്കച്ചി ആണ് ഇത് അപ്രൂവ് ചെയ്തത്. തന്റെ പേര് വച്ച് വന്ന കവർ തനിക്ക് ലഭിച്ചിട്ടില്ല. അതിനാൽ താനത് കണ്ടിട്ടില്ല. 2005 ലേക്കുള്ള എസ് എസ് എൽ സി പരീക്ഷാ ചോദ്യപേപ്പർ നിലവിലെ നിരക്കിൽ മണി പ്രിന്റേഴ്‌സ് എന്ന പ്രിന്റർക്ക് ഒരു വർഷം കൂടി നീട്ടി നൽകാനുള്ള സർക്കാർ ഉത്തരവ് 2004 ഡിസംബർ 14 നാണ് ഇറങ്ങിയത്. ജൂണിൽ സമർപ്പിക്കേണ്ട പ്രൊപ്പോസൽ കാലതാമസം വരുത്തി ഡിസംബറിലാണ് വന്നത്.
തന്റെ കാലയളവിൽ പരീക്ഷാഭവൻ സെക്രട്ടറി ഒരാൾ തന്നെയായിരുന്നു. 2005 മാർച്ചിൽ നടക്കാനുള്ള പരിക്ഷയുടെ പ്രിന്റിംഗിനുള്ള പ്രൊപ്പോസൽ സെക്രട്ടറി 2004 നവംബറിലാണ് സമർപ്പിച്ചത്. ഇതാണ് ഗൗരവമായ കാല താമസത്തിനിടവന്നത്. തനിക്ക് നടപടി ക്രമം പാലിച്ച് പ്രിന്ററെ തിരഞ്ഞെടുക്കാനുള്ള സമയം ലഭിച്ചിട്ടില്ല. ഫെബ്രുവരിയോടു കൂടി പ്രിന്റിങ് ടൈറ്റപ്പ് ചെയ്യേണ്ടതുണ്ട്. തന്റെ മുന്നിൽ വന്ന വിഷയം നിലവിലുള്ള പ്രിന്ററുടെ കാലാവധി എക്സ്റ്റൻഷൻ ആയിരുന്നു. പ്രിന്ററുടെ രഹസ്യ സ്വഭാവം പരിശോധിക്കൽ, സുരക്ഷാ മാനദണ്ഡം, ട്രാക്ക് റെക്കോഡ് എന്നിവ പരിശോധിക്കേണ്ടത് പരീക്ഷാഭവൻ സെക്രട്ടറിയുടെ മാത്രം ചുമതലയാണെന്നും മണി പ്രിൻേറഴ്‌സ് നിലവിലില്ലാത്ത സ്ഥാപനമാണെന്ന് താൻ പത്ര ദ്വാര മനസിലാക്കിയെന്നും ഡി പി ഐ അജിത് കുമാർ ഐ എ എസ് മൊഴി നൽകി. ഇദ്ദേഹം തിരിച്ചറിഞ്ഞ ഓഫീസ് ഫയലുകൾ പ്രോസിക്യൂഷൻ ഭാഗം 219 മുതൽ 221 വരെയുള്ള രേഖകളാക്കി കോടതി തെളിവിൽ സ്വീകരിച്ചു.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അഴിമതി കേസിന്റെ വിചാരണയാണ് സി ബി ഐ കോടതിയിൽ പുരോഗമിക്കുന്നത്. ചോദ്യ പേപ്പർ അച്ചടിച്ച വിശ്വനാഥൻ പ്രിന്റേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സ് ഉടമ ചെന്നൈ നുങമ്പാക്കം ഹൈ റോഡ് നാലാം തെരുവിൽ താമസം രാജൻ ചാക്കോ , ഭാര്യ അന്നമ്മ ചാക്കോ , മാനേജിങ് ഡയറക്ടർ വി. സുബ്രഹ്മണ്യൻ , സംസ്ഥാന പരീക്ഷാഭവൻ മുൻ സെക്രട്ടറി കാക്കനാട് മൂലേപ്പാടം റോഡ് അതിരയിൽ താമസം വി. സാനു , കണിയാപുരം അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ കാര്യവട്ടം അമലീനയിൽ താമസം സി.പി. വിജയൻ നായർ , പൂജപ്പുര പരീക്ഷാഭവനിലെ മുൻ സെക്രട്ടറി വഴയില രാധാകൃഷ്ണ ലെയിൻ പുഷ്യരാഗം വീട്ടിൽ എസ്.രവീന്ദ്രൻ , പരീക്ഷാ ഭവനിലെ എൽ.ഡി. ക്ലാർക്ക് കെ. അജിത് കുമാർ എന്നിവരാണ് കേസിലെ 1 മുതൽ 7 വരെയുള്ള പ്രതികൾ. ഒന്നാം പ്രതിയായിരുന്ന വിശ്വനാഥൻ പ്രസ്സിന്റെ ജനറൽ മാനേജർ രാജൻ ചാക്കോ ,മൂന്നാം പ്രതി സുബ്രഹ്മണ്യൻ , ഏഴാം അജിത് കുമാർ എന്നിവർ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടു.
2005 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ ചോർത്തൽ സംഭവം നടന്നത്. പൊതുസേവകരായ ഉദ്യോഗസ്ഥർ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി ഫെബ്രുവരിയിൽ നടന്ന മോഡൽ പരീക്ഷയുടെയും മാർച്ചിലെ പ്രധാന പരീക്ഷയുടെ ചോദ്യപേപ്പറും മോഷ്ടിച്ച് ചോർത്തി പലർക്കും വിറ്റഴിച്ച് അനർഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് സി ബി ഐ കേസ്. ചോർത്തിയ ചോദ്യപേപ്പർ ഒരു പെൺകുട്ടിക്ക് ലഭിച്ചത് കൂട്ടുകാരിക്ക് കൈമാറിയതോടെയാണ് കള്ളി വെളിച്ചത്തായത്. സംഭവം പുറം ലോകമറിഞ്ഞതിനെ തുടർന്ന് സർക്കാർ പരീക്ഷ റദ്ദാക്കി പുനഃ പരീക്ഷ നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായ മാർഗ്ഗത്തിലൂടെയാണ് വിശ്വനാഥൻ പ്രസ്സിന് അച്ചടിക്കരാർ നൽകിയതെന്നും സി ബി ഐ അന്വേഷണത്തിൽ കണ്ടെത്തി. അച്ചടിക്കരാർ കാലാവധി ദീർഘിപ്പിച്ച് നൽകാൻ 2004 നവംബർ 16ന് പരീക്ഷാഭവൻ സെക്രട്ടറി മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. സർക്കാർ ഓഫീസിലെ നോട്ട് ഫയലുകളിൽ കൃത്രിമം കാട്ടി പരീക്ഷാ കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചാണ് ധൃതിയിൽ കരാർ നൽകിയതെന്നും സംസ്ഥാന സർക്കാരിനെ പ്രതികൾ വഞ്ചിച്ചതായും സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികളുടെ വഞ്ചനാപരമായ പ്രവൃത്തികൾ കാരണം പരീക്ഷകൾ റദ്ദാക്കിയതിലും പുനഃ പരീക്ഷ നടത്തിയതിലും വച്ച് സംസ്ഥാന സർക്കാരിന് 1. 32 കോടി രൂപയുടെ നഷ്ടം പ്രതികൾ വരുത്തിയതായും സിബിഐ കണ്ടെത്തിയതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. 2002 മുതൽ മണി പ്രിന്റേഴ്‌സിന്റെ പേരിൽ രാജൻ ചാക്കോ ചോദ്യ പേപ്പർ അച്ചടിക്കരാർ സമ്പാദിച്ചിരുന്നത് പരീക്ഷാ നടത്തിപ്പിലെ ഉദ്യോഗസ്ഥരുമായി ഗൂഢാലോചനയിൽ ഏർപ്പെട്ടാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്നമ്മ ചാക്കോ അക്കൗണ്ട് തുടങ്ങി പണം കൈപ്പറ്റി. തന്റെ സ്ഥാപനവുമായി അച്ചടിക്കരാർ നിലവിലില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് വി. സുബ്രഹ്മണ്യൻ വിശ്വനാഥ് പ്രിന്റേഴ്‌സിൽ ചോദ്യപേപ്പർ അച്ചടിച്ചത്. എസ്.രവീന്ദ്രൻ , സി.പി.വിജയൻ നായർ , വി. സാനു എന്നിവർ ചേർന്നാണ് മണി പ്രിന്റേഴ്‌സിന്റെ പേരിൽ ചെക്കുകൾ നൽകിയത്. വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നേരത്തേ സമർപ്പിച്ച വിടുതൽ ഹർജികൾ തള്ളിക്കൊണ്ട് പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. പ്രതികൾ കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാാമുണ്ടെന്നും പ്രഥമദൃഷ്ട്യാ തെളിവുകൾ ഉള്ളതായും വിലയിരുത്തിയാണ് വിചാരണ നേരിടാൻ ഉത്തരവിട്ടത്.
ആദ്യ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന വഞ്ചിയൂർ ഖാദി ബോർഡിന് സമീപം ബിന്ദു വിജയൻ ( 49 ) , ചെന്നൈ ടി നഗറിൽ സിന്ധു സുരേന്ദ്രൻ ( 49 ) എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി 2 പേർക്കുമെതിരായ കേസ് റദ്ദാക്കിയിട്ടുണ്ട്. 2 പേർക്കും കൃത്യത്തിൽ നേരിട്ട് പങ്കാളിത്തമുള്ളതായ തെളിവുകൾ സിബിഐക്ക് ഹാജരാക്കാൻ കഴിയാത്തതിനാലാണ് ഹൈക്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. കേസിൽ പ്രതിയായിരുന്ന ചെന്നൈ വിശ്വനാഥൻ പ്രിന്റേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സിലെ താൽക്കാലിക ജീവനക്കാരനായിരുന്ന കെ. സുരേഷിനെ ( 43 ) കേസന്വേഷണ ഘട്ടത്തിൽ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. സുരേഷ് താൻ ചെയ്ത കൃത്യവും മറ്റു പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങളും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് സി ബി ഐ കോടതി ഇയാൾക്ക് മാപ്പ് നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കിയത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് കോടതി സുരേഷിനെ മാപ്പുസാക്ഷിയാക്കിയത്. വിചാരണ വേളയിൽ മാപ്പുസാക്ഷി രഹസ്യമൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 പ്രകാരം വ്യാജ തെളിവു നൽകിയെന്ന കുറ്റത്തിന് കോടതിക്ക് നേരിട്ട് കേസെടുക്കാവുന്നതാണ്. കൂട്ടു പ്രതിയാണ് രഹസ്യമൊഴി വിചാരണയിൽ തിരുത്തുന്നതെങ്കിൽ അതേ കേസിൽ വീണ്ടും പ്രതിസ്ഥാനത്ത് ചേർത്ത് പ്രത്യേക വിചാരണ ചെയ്യുന്നതാണ്.
സിബിഐ ഇൻസ്‌പെക്ടർ പി.അരിൻ ചന്ദ്ര ബോസ് 2007 ജൂൺ 11 നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കുറ്റപത്രത്തോടൊപ്പം 337 രേഖകളും 48 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും സിബിഐ ഹാജരാക്കിയിട്ടുണ്ട്. രണ്ടു ഘട്ടമായാണ് സി ബി ഐ കേസിൽ കുറ്റപത്രം സമർപ്പിച്ചത്.