തിരുവനന്തപുരം: പരീക്ഷാഭവനിൽ നിന്നും പാസ്സാക്കി വന്ന ചെക്കായതിനാലാണ് താൻ മറ്റൊന്നും നോക്കാതെ വ്യാജപ്പേരിലുള്ള മണി പ്രിന്റേഴ്‌സിന്റെ ചെക്കിൽ ഒപ്പിട്ടതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വി. പി. ജോയി. വിചാരണ കോടതിയായ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ മുമ്പാകെ കുറ്റപത്രത്തിലെ 26-ാം സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം ഇരുപത്തെട്ടാം സാക്ഷിയുമായി സാക്ഷി മൊഴി നൽകവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ് എസ് എൽ സി ചോദ്യ പേപ്പർ പ്രസ്സിൽ നിന്നും ചോർത്തി വിറ്റെന്ന സിബിഐ കേസിലാണ് പ്രതികളെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴി വന്നത്.

സംശയമുള്ള തുകകളിൽ താൻ ഫിനാൻസ് ഓഫീസറുടെ അഭിപ്രായം തേടാറുണ്ട്. വലിയ തുകയാണെങ്കിൽ കമ്മീഷണർ ഓഫ് ഗവൺമെന്റ് എക്‌സാമിനേഷൻസ് പോയ ശേഷമാണ് തന്റെടുത്ത് വരാറുള്ളത്. ചെക്ക് പാസ്സാക്കുന്നതും പെയ്‌മെന്റ് അനുവദിക്കുന്നതും രണ്ടു നടപടിക്രമങ്ങളാണ്. ചെക്ക് തുക മാറിയെടുക്കാൻ താൻ അനുവദിച്ചാലും ബാങ്കിലോ ട്രഷറിയിലോ ചെക്ക് ഹോണർ ചെയ്യാൻ മതിയായ തുകയുണ്ടെങ്കിലേ പണം ചെക്കിലെ പേരുകാരന് മാറി കിട്ടുകയുള്ളു. മണി പ്രിന്റേഴ്‌സിന് പ്രിന്റിങ് സംബന്ധമായി ചെക്ക് ഒപ്പിടാനുള്ള ഫയൽ ഡീറ്റയിൽസ് താൻ കണ്ടു. രഹസ്യ സ്വഭാവമുള്ള ചെക്കും പ്രിന്ററുടെ ഓതറൈസേഷനും ഫയലിൽ കാണും. വേറെ ഡീറ്റെയിൽസ് പരിശോധിക്കാറില്ലെന്നും ചീഫ് സെക്രട്ടറി മൊഴി നൽകി. ഇദ്ദേഹം തിരിച്ചറിഞ്ഞ ഓഫീസ് ഫയലുകൾ പ്രോസിക്യൂഷൻ ഭാഗം 222 ഉം 223 ഉം രേഖകളാക്കി കോടതി തെളിവിൽ സ്വീകരിച്ചു. കേരളാ സ്റ്റേറ്റ് കാർ നമ്പർ 55 ലാണ് ഒദ്യോഗിക സാക്ഷിയായി അദ്ദേഹം മൊഴി നൽകാനായി കോടതിയിലെത്തിയത്.

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അഴിമതി കേസിന്റെ വിചാരണയാണ് സി ബി ഐ കോടതിയിൽ പുരോഗമിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) (പൊതു സേവകൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷിക്ക് അന്യായ സാമ്പത്തിക നേട്ടമുണ്ടാക്കി നൽകൽ , സർക്കാരിന് അന്യായ നഷ്ടം വരുത്തൽ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന) , 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ) എന്നീ കുറ്റങ്ങൾ വിചാരണക്ക് മുന്നോടിയായി ചുമത്തിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.

മണി പ്രിന്റേഴ്‌സ് എന്ന വ്യാജപേരിലുള്ള കടലാസ് സ്ഥാപനത്തിന്റെ പേരിൽ എസ് എസ് എൽ സി ചോദ്യ പേപ്പർ അച്ചടിച്ച വിശ്വനാഥൻ പ്രിന്റേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സ് ഉടമ ചെന്നൈ നുങമ്പാക്കം ഹൈ റോഡ് നാലാം തെരുവിൽ താമസം രാജൻ ചാക്കോ , മണി പ്രിന്റേഴ്‌സിന്റെ വ്യാജ പേരിൽ ബാങ്ക് അക്കൗണ്ടു വഴി തുക മാറിയെടുത്ത ഭാര്യ അന്നമ്മ ചാക്കോ , മാനേജിങ് ഡയറക്ടർ വി. സുബ്രഹ്മണ്യൻ , സംസ്ഥാന പരീക്ഷാഭവൻ മുൻ സെക്രട്ടറി കാക്കനാട് മൂലേപ്പാടം റോഡ് അതിരയിൽ താമസം വി. സാനു , കണിയാപുരം അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ കാര്യവട്ടം അമലീനയിൽ താമസം സി.പി. വിജയൻ നായർ , പൂജപ്പുര പരീക്ഷാഭവനിലെ മുൻ സെക്രട്ടറി വഴയില രാധാകൃഷ്ണ ലെയിൻ പുഷ്യരാഗം വീട്ടിൽ എസ്.രവീന്ദ്രൻ , പരീക്ഷാ ഭവനിലെ എൽ.ഡി. ക്ലാർക്ക് കെ. അജിത് കുമാർ എന്നിവരാണ് കേസിലെ 1 മുതൽ 7 വരെയുള്ള പ്രതികൾ. ഒന്നാം പ്രതിയായിരുന്ന വിശ്വനാഥൻ പ്രസ്സിന്റെ ജനറൽ മാനേജർ രാജൻ ചാക്കോ ,മൂന്നാം പ്രതി സുബ്രഹ്മണ്യൻ , ഏഴാം അജിത് കുമാർ എന്നിവർ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടു.