തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ ജൂവലറി റിസപ്ഷനിസ്റ്റ് ഗായത്രിയെ തമ്പാനൂർ ലോഡ്ജിൽ കൊലപ്പെടുത്തിയ കേസിൽ മാർച്ച് 7 മുതൽ ഇരുമ്പഴിക്കുള്ളിൽ കഴിയുന്ന പ്രവീണിന്റെ ജാമ്യ ഹർജി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയും തള്ളി. പ്രതി ജാമ്യഹർജി പിൻവലിച്ചതിനാലാണ് ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണൻ ജാമ്യഹർജി തള്ളി ഉത്തരവായത്.

ജാമ്യഹർജിയിൽ സി ഡി ഫയൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ജാമ്യം തള്ളിയ കീഴ്‌കോടതി ഉത്തരവുമായി മുൻ സ്വകാര്യ ബസ് കണ്ടക്ടറായ ജൂവലറി ഡ്രൈവർ പ്രവീൺ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് ജില്ലാ കോടതി ഉത്തരവ്. ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാനും പൊലീസ് റിപ്പോർട്ടു ഹാജരാക്കാനും നേരത്തേ ഉത്തരവിട്ടിരുന്നു.

പൊലീസ് റിപ്പോർട്ടിൽ വ്യക്തതയില്ലാത്തതിനാലാണ് കേസ് ഡയറി ഫയൽ ഹാജരാക്കാനാവശ്യപ്പെട്ടത്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പ്രവീണിന് ജാമ്യം നിരസിച്ചിരുന്നു.