- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെവ്‌കോ-കെടിഡിസി തൊഴിൽ തട്ടിപ്പു കേസ്; സരിത എസ് നായരെ ഹാജരാക്കാൻ ഉത്തരവ്; നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കേണ്ടത് ജൂലൈ മൂന്നിന്
തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസ് പ്രതി സരിത.എസ്. നായർ ഉൾപ്പെട്ട 16 ലക്ഷം രൂപയുടെ ബെവ്‌കോ, കെ.റ്റി.ഡി.സി തൊഴിൽ തട്ടിപ്പു കേസുകളിൽ സരിതയടക്കം 3 പ്രതികളെ ഹാജരാക്കാൻ നെയ്യാറ്റിൻകര ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രട്ട് ബി. ശാലിനി ഉത്തരവിട്ടു. പ്രതികളെ ജൂലൈ 3 ന് ഹാജരാക്കാൻ റൂറൽ നെയ്യാറ്റിൻകര സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.
വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ, ചതിക്കലിനായുള്ള വ്യാജ നിർമ്മാണം, വ്യാജ ഇലക്ട്രോണിക് രേഖ അസ്സൽ പോലെ ഉപയോഗിക്കൽ , കൂട്ടായ്മ എന്നീ കുറ്റങ്ങൾക്കാണ് കോടതി കലണ്ടർ കേസെടുത്തത്. സരിതയടക്കമുള്ള പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് 2 കുറ്റപത്രങ്ങൾ സമർപ്പിച്ചത്. ബിവറേജസ് തൊഴിൽ തട്ടിപ്പു കേസിൽ രണ്ടാം പ്രതി, ടൂറിസം തൊഴിൽ തട്ടിപ്പു കേസിൽ മൂന്നാം പ്രതി എന്നിങ്ങനെയാണ് പ്രതിപ്പട്ടികയിൽ സരിതയുടെ റാങ്ക്. പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് പ്രതികൾ വഞ്ചിച്ചെടുത്ത പണമോ വഞ്ചനയിലൂടെ സ്വരൂപിച്ച പണമുപയോഗിച്ച് വാങ്ങിയ സ്ഥാവര ജംഗമ സ്വത്തുക്കൾ വീണ്ടെടുക്കാതെ ഒളിവിലിട്ടാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കുന്നത്തുകാൽ പഞ്ചായത്ത് പാലിയോട് വാർഡ് (സിപിഐ) മെമ്പർ രതീഷാണ് കേസുകളിൽ ഒന്നാം പ്രതി. സരിത നായർ രണ്ടാം പ്രതിയും പൊതു പ്രവർത്തകനും തട്ടിപ്പിലെ ഇടനിലക്കാരനുമായ വൈ. ആർ. ക്രിസ്റ്റഫർ ഷാജു എന്ന ഷാജു പാലിയോട് മൂന്നാം പ്രതിയുമാണ്. ടൂറിസം തൊഴിൽ തട്ടിപ്പു കേസിൽ രതീഷ് , ക്രിസ്റ്റഫർ ഷാജു , സരിത. എസ്. നായർ എന്നിവരാണ് 1 മുതൽ 3 വരെയുള്ള പ്രതികൾ.
ബിവറേജസ് കോർപ്പറേഷനിൽ സ്റ്റോഴ്‌സ് അസിസ്റ്റന്റ് തസ്തികയിലും കേരളാ ടൂറിസ്റ്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ക്ലർക്ക് തസ്തികയിലും ജോലി വാഗ്ദാനം ചെയ്ത് രണ്ടു യുവാക്കളിൽ നിന്നായി പതിനാറു ലക്ഷം രൂപ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചെടുത്ത് കോർപ്പറേഷൻ എം ഡി യുടെ വ്യാജ നിയമന ഉത്തരവും ഇലക്ട്രോണിക് റെക്കോഡും ചതിക്കലിനായി വ്യാജമായി നിർമ്മിച്ച് അസ്സൽ പോലെ നൽകി കബളിപ്പിച്ചെന്നാണ് കേസ്. അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്ന ഓലത്താന്നി സ്വദേശി അരുണിന്റെയും പതിനൊന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന തിരുപുറം നിവാസി അരുണിന്റെയും പരാതിയിലാണ് രണ്ടു കേസുകളെടുത്തത്. സരിതയുടെ തമിഴ്‌നാട് വിലാസത്തിലെ ബാങ്ക് അക്കൗണ്ടിലാണ് ഉദ്യോഗാർത്ഥികൾ പണമയച്ചത്. പല വിധ സാങ്കേതിക പ്രശ്‌നങ്ങൾ പറഞ്ഞ് ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കുന്നത് സരിത തടഞ്ഞപ്പോൾ തങ്ങളുടെ പണം അല്ലെങ്കിൽ തൊഴിൽ എന്ന് ഉറച്ചു നിന്നതോടെ 3 ലക്ഷം രൂപയുടെ വണ്ടി ചെക്ക് സരിത നൽകി. ചെക്ക് ഒപ്പിട്ടു നൽകിയ കാര്യം മുൻകൂർ ജാമ്യ ഹർജിയിൽ സരിത വ്യക്തമാക്കിയിരുന്നു.
വ്യാജ നിയമന ഉത്തരവിന്റെ പകർപ്പും സരിതാ നായർ അരുണിനോട് മൊബൈലിൽ സംസാരിച്ചതിന്റെ വോയ്‌സ് ക്ലിപ്പും പരാതിക്കൊപ്പം ആവലാതിക്കാരനായ അരുണിന്റെ സഹോദരൻ ഹാജരാക്കിയിരുന്നു താൻ ആരോഗ്യ കേരളം പദ്ധതിയിൽ പലർക്കും ജോലി വാങ്ങി നൽകിയതായും ഫോൺ സംഭാഷണത്തിലുണ്ട്.
അതേ സമയം കേസന്വേഷണ ഘട്ടത്തിൽ തിരുവനന്തപുരം രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥൻ രണ്ടാം പ്രതി സരിതക്ക് മുൻകൂർ ജാമ്യം നിരസിച്ചിരുന്നു. ജനുവരി 1 നാണ് സരിത പരീക്ഷണാർത്ഥം മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. ജനുവരി 8 ന് വാദം ബോധിപ്പിക്കണമെന്ന് നിർദ്ദേശിച്ച് ജനുവരി 4 ന് കോടതി ഉത്തരവിട്ടു. എന്നാൽ കോടതിയുടെ ട്രെൻഡ് പ്രതികൂലമാണെന്ന് മനസ്സിലാക്കിയ സരിത ജനുവരി 8 ന് മുൻകൂർ ജാമ്യഹർജി പ്രസ് ചെയ്യുന്നില്ലെന്ന് കോടതിയിൽ അഭിഭാഷകൻ മുഖേന ബോധിപ്പിച്ചു. തുടർന്നാണ് ഹർജി കോടതി തള്ളിയത്.
സരിതയുടെയുടെ കൂട്ടുപ്രതികളുടെ മുൻകൂർ ജാമ്യഹർജികൾ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. അജിത് കുമാറും തള്ളിയിരുന്നു. ഗൗരവമേറിയ കൃത്യം ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യത്തിനർഹതയില്ല. പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് വഞ്ചിച്ചെടുത്ത പണം വീണ്ടെടുത്ത് തൊണ്ടിപ്പണമായി വിചാരണ കോടതിയായ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കാൻ സാധ്യതയുണ്ട്. പ്രതികൾ ഒളിവിൽ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ വിചാരണക്ക് പ്രതിക്കൂട്ടിൽ പ്രതികളെ ലഭ്യമാകാത്ത സ്ഥിതിവിശേഷം സംജാതമാകുമെന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി.
വഞ്ചനാ കേസിൽ മജിസ്‌ട്രേട്ട് കോടതിയിൽ 2020 ഡിസംബർ 12നാണ് എഫ്‌ഐആർ സമർപ്പിച്ചത്. നെയ്യാറ്റിൻകര ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് നെയ്യാറ്റിൻകര പൊലീസ് രണ്ട് എഫ് ഐ ആറുകൾ സമർപ്പിച്ചത്. നെയ്യാറ്റിൻകര സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീകുമാരൻ നായരാണ് കേസ് അന്വേഷണം നടത്തിയത്. എന്നാൽ സർക്കാരിൽ സരിതക്കുള്ള സ്വാധീനത്താൽ പൊലീസ് സരിതയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആരോപണമുയർന്നിട്ടുണ്ട്.